ചൈനയില്‍ നിന്നും ടിക്ടോക്കിനെ യുകെയിലേക്ക് പറിച്ച് നടാനൊരുങ്ങി അധികൃതര്‍

ലണ്ടന്‍: ചൈനീസ് ഉടമസ്ഥതയില്‍ നിന്ന് സ്വയം അകന്നുനില്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ലണ്ടനില്‍ ആസ്ഥാനം കണ്ടെത്തുന്നതിന്റെ ഭാഗമായി ടിക്ക് ടോക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി യു.കെ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്.
കമ്പനി പരിഗണിക്കുന്ന നിരവധി സ്ഥലങ്ങളില്‍ ഒന്നാണ് ലണ്ടന്‍, എന്നാല്‍ തീരുമാനങ്ങളൊന്നും അന്തിമമായിട്ടില്ല. പരിഗണനയിലുള്ള മറ്റ് സ്ഥലങ്ങള്‍ ഏതാണെന്നും വ്യക്തമല്ല. യു.എസ് പൗരനും മുന്‍ വാള്‍ട്ട് ഡിസ്നി കോ എക്സിക്യൂട്ടീവും ആയിരുന്ന കെവിന് മേയറെ ടിക്ക് ടോക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിക്കുന്നത് ഉള്‍പ്പെടെ ഈ വര്‍ഷം ടിക് ടോക് നിരവധി നിയമനങ്ങള്‍ നടത്തി.
ഉപയോക്തൃ ഡാറ്റ കൈമാറാന്‍ ചൈന കമ്പനിയെ നിര്‍ബന്ധിതരാക്കുമെന്ന സംശയത്തെത്തുടര്‍ന്ന് ടിക് ടോക്ക് വാഷിംഗ്ടണില്‍ കടുത്ത പരിശോധന നേരിടുന്നുണ്ട്. ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലെ പ്രശ്നങ്ങളില്‍ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ലണ്ടനെ പുതിയ ആസ്ഥാനമാക്കാന്‍ സാധ്യതയുള്ള സ്ഥലമായി തള്ളിക്കളഞ്ഞിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.
അടുത്ത നിരവധി വര്‍ഷങ്ങളില്‍ ലണ്ടനിലും ചൈനയ്ക്ക് പുറത്തുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലുമുള്ള ടിക് ടോക്കിന്റെ തൊഴിലാളികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൃത്തങ്ങള്‍ പറഞ്ഞു.
ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പേരില്‍ കേന്ദ്ര
സര്‍ക്കാര്‍ ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചിരുന്നു.