
മുംബൈ: ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് കരാറുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരവിപ്പിച്ചു. അതിര്‍ത്തിയില്‍ 20 പട്ടാളക്കാര്‍ കൊല്ലപ്പെടുന്നതിനു മുമ്പാണ് ഈ കരാറുകള്‍ ഒപ്പു വച്ചത്. അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ചൈനീസ് കമ്പനികളുമായി കരാറുകളില്‍ ഏര്‍പ്പെടരുതെന്ന് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചതായി സംസ്ഥാന വ്യവസായ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ചൈനീസ് അംബാസിഡര്‍ സണ്‍ വീഡോങ് പങ്കെടുത്തിരുന്നു. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പദ്ധതികള്‍ കോവിഡിനു ശേഷമുള്ള മഹാരാഷ്ട്രയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതായിരുന്നു.
ഏകദേശം 7600 കോടി രൂപയുടെ നിക്ഷേപത്തിന് തയ്യാറായിരുന്നെന്ന് ജിഡബ്ളിയുവിന്റെ ഇന്ത്യന്‍ അനുബന്ധകമ്പനി മാനേജിംഗ് ഡയറക്ടര്‍ പാര്‍ക്കര്‍ ഷി പറഞ്ഞിരുന്നു. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും ഒപ്പം പല ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെടെ 12 കരാറുകളാണ് ഒപ്പുവച്ചിരുന്നത്. ഇതില്‍ ഒന്‍പത് കരാറുകളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുണ്ടെന്നും ദേശായി അറിയിച്ചു. നൂതന സാങ്കേതിക വിദ്യകള്‍ക്കും ഉത്പാദന പ്രക്രിയകള്‍ക്കും ഉത്തേജനം നല്കുന്ന തരത്തില്‍ മൂവായിരത്തിലധികം പേര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യതയുള്ള പദ്ധതികളായിരുന്നു ഇവയെല്ലാം.