
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനിടയില്‍ സൈനിക ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഒഴിവാക്കി ഇന്ത്യ. ഇന്ത്യന്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിര്‍മിക്കുന്ന മുന്‍നിര കേന്ദ്രങ്ങളിലൊന്നായ കാണ്‍പൂരിലാണ് ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിച്ചത്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലെ ഗുണനിലവാരത്തിലെ പ്രശ്നങ്ങള്ക്കാരണമാണിത്.
ഭാരം കുറഞ്ഞ സൈനിക ഉപകരണങ്ങളുടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് നീതി ആയോഗിനോട് ആവശ്യപ്പെട്ടിരുന്നു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍, ചൈനയില്‍ നിന്നും അസംസ്കൃത വസ്തുക്കള്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നു നീതി ആയോഗ് അംഗം വി.കെ സ്വരസ്വത് അഭിപ്രായപ്പെട്ടിരുന്നു. സൈനികര്‍ക്കു കവചങ്ങളും ജാക്കറ്റുകളും നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനായി യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികളെ ആശ്രയിക്കുന്നതായണ് റിപ്പോട്ടുകള്‍.
‘ ചൈനയില്‍ നിന്നിറക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഗുണനിലവാരമില്ലാത്തതാണ്. ഈ പ്രശ്നം കാരണം ചൈനീസ് കേന്ദ്രങ്ങളില്‍ നിന്നുമുള്ള ഇറക്കുമതി ഒഴിവാക്കണം’ എന്നു മുന്‍ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ മേധാവി വാര്‍ത്ത ഏജന്‍സികളോടു പറഞ്ഞു.സൈന്യത്തിനു ആവശ്യമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ മികച്ച ഉപകരണ നിര്‍മാതാക്കളില്‍ നിന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സേന ഉപയോഗിക്കുന്ന ആയുധങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്.
ജൂണ്‍ അഞ്ചിനു ലഡാക്കിലുണ്ടായ ഇന്ത്യാ-ചൈനാ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഞങ്ങള്‍ ചൈനയെ വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് പ്രതിരോധം പോലുള്ള മേഖലയില്‍, അതിനാല്‍ ഡെന്മാര്ക്ക്, അമേരിക്കന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ പദ്ധതിയിടുന്നതായി എന്സിഎഫ്ഡി എംഡി മായങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.