
ന്യൂഡല്‍ഹി:അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനീസ് കടന്നുകയറ്റത്തെ സംബന്ധിച്ചുള്ള എല്ലാ പ്രതിമാസ റിപ്പോര്‍ട്ടുകളും വെബ്സൈറ്റില്‍നിന്ന് നീക്കം ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രാലയം. 2017 മുതലുള്ള റിപ്പോര്‍ട്ടുകളാണ് സൈറ്റില്‍നിന്ന് നീക്കം ചെയ്ത് .
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു.തൊട്ടു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കം ചെയ്തത്.
ഇന്ത്യയുടെ ഭൂമിയിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്നാണു ഭീരുവായ പ്രധാനമന്ത്രി പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ചൈനീസ് സേന ഇന്ത്യയുടെ 1200 ചതുരശ്ര കിലോമീറ്റര്‍ കയ്യടക്കിയെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ ഒരു ചുവടു വയ്ക്കാന്‍ പോലും ചൈന ധൈര്യപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറി നിലയുറപ്പിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.2017ല്‍ നടന്ന ദോക്ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രതിരോധമന്ത്രാലയം വെബ്സൈറ്റില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്.എന്നാല്‍ റിപ്പോര്‍ട്ട് നീക്കിയതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും പ്രതിരോധ മന്ത്രാലയം നടത്തിയിട്ടില്ല.
ഇന്ത്യയിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ പറഞ്ഞപ്പോഴും യഥാര്‍ഥ നിയന്ത്രണ രേഖയിലും പ്രത്യേകിച്ച് ഗാല്‍വന്‍ താഴ്വരയിലും മേയ് 5 മുതല്‍ ചൈനീസ് കടന്നുകയറ്റം രൂക്ഷമാണ്’ എന്ന് ജൂണിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മേയ് 17, 18 തീയതികളില്‍ കുഗ്രാങ് നല, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളിലും ചൈന നിലയുറപ്പിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഈ മാസം തന്നെ മുന്‍ റിപ്പോര്‍ട്ടുകളെല്ലാം വെബ്സൈറ്റില്‍ തിരികെയെത്തുമെന്നാണു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ സമഗ്രമായ റിപ്പോര്‍ട്ട് ലഭ്യമാക്കാനാണു ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.