NEWSWORLD

ചൈനീസ് വീഡിയോ ആപ്പ് ടിക്‌ടോക്കും വി-ചാറ്റും നിരോധിക്കാനൊരുങ്ങി അമേരിക്ക


വാഷിംഗ്ടണ്‍: ചൈനീസ് വീഡിയോ ആപ്പ് ടിക്ക് ടോക്കും ചൈനീസ് ടെക് കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള വി ചാറ്റും നിരോധിക്കാനൊരുങ്ങി അമേരിക്ക. ചെെനീസ് കമ്പനികള്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ആപ്പുകള്‍ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും വിദേശ നയത്തിനും സാമ്പത്തിക മേഖലയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനാലാണ് നടപടി എന്നാണ് അധികാരവൃത്തങ്ങള്‍ പറയുന്നത്. വ്യാഴാഴ്ച ട്രംപ് പുറത്തിറക്കിയ ഉത്തരവില്‍ ഗുരുതരമായ ആരോപണങ്ങളാണ് ടിക് ടോകിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കക്കാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുക, കോര്‍പ്പറേറ്റ് ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുക, ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ഇത്തരം വിവരങ്ങള്‍ ചൈനീസ് പാര്‍ട്ടിക്ക് ലഭ്യമാക്കുന്നുവെന്നതാണ് കമ്പനിക്കെതിരായ ആരോപണങ്ങള്‍
45 ദിവസത്തിനകം അമേരിക്കയിലെ ടിക് ടോകിന്റെ പ്രവര്‍ത്തനം മറ്റൊരു കമ്പനിക്ക് കൈമാറിയില്ലെങ്കില്‍ നിരോധനം നിലവില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ചൈനീസ് കമ്പനിയായ ടിക് ടോക്, അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ചാണ് നടപടി. 45 ദിവസത്തിന് ശേഷം ടിക് ടോകിന്റെ ഉടമസ്ഥര്‍ ബൈറ്റ് ഡാന്‍സുമായുള്ള ഒരു ഇടപാടും അമേരിക്കന്‍ പൗരന്മാര്‍ നടത്താന്‍ പാടില്ലെന്നും ഉത്തരവില്‍ പറഞ്ഞു. കമ്പനി ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് നല്‍കുന്നുവെന്ന ആരോപണം ടിക് ടോക് നിഷേധിച്ചിരുന്നു. ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ യു എസ് കമ്പനിക്ക് നല്‍കണമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുവഴി യു എസ് ട്രഷറിയില്‍ വലിയ അളവില്‍ പണം എത്തണമെന്നാണ് ട്രംപ് പറയുന്നത്. അതിനിടെ ടിക് ടോക് വാങ്ങാനുള്ള നീക്കവുമായി മൈക്രോ സോഫ്റ്റ് മുന്നോട്ടുപോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കമ്പനി സിഇഒ സത്യ നദല്ല ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്ന് മൈക്രോ സോഫ്റ്റ് ഞായറാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും അതിന്റെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.

Tags
Show More

Related Articles

Back to top button
Close