കൊറോണയെത്തുടര്‍ന്ന് ചൈന വിടുന്ന ബഹുരാഷ്ട്രകമ്പനികളെ സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ കമ്പനികള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കാനുള്ള എല്ലാ സൗകര്യം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ലക്ഷ്മണിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
1.ലോകം മുഴുവന്‍ കൊവിഡ് 19 ഭീതിയിലാണ്. ഈ മഹാമാരിയെ നേരിടാന്‍ ഉത്തര്‍പ്രദേശ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഉടലെടുത്തതോടെ നിരവധി സുപ്രധാന തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. മാര്‍ച്ച് 22 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമെമ്പാടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സമയബന്ധിതമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ സര്‍ക്കാരിനായി. ഒപ്പം തന്നെ അതിവേഗത്തില്‍ ഇത് നടപ്പാക്കുകയും ചെയ്തു. ഇതോടെ ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനത്ത് ഒരു പരിധി വരെ കൊറോണ വ്യാപിക്കുന്നത് തടയാന്‍ സാധിച്ചു. വിവിധ സംസ്ഥാനങ്ങളുമായുള്ള അതിര്‍ത്തികള്‍ ആദ്യം അടയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. ഒപ്പം തന്നെ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തുകയും ഈ മേഖലകള്‍ സീല്‍ ചെയ്യുകയും ചെയ്തു. മെഡിക്കല്‍, ശുചീകരണം, ഹോം ഡെലിവറി എന്നിവര്‍ക്ക് മാത്രമാണ് ഹോട്ട്‌സ്‌പോട്ടുകളില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചിരുന്നത്. സര്‍ക്കാരിന്റെ ആക്ഷന്‍ പ്ലാന്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പതിനൊന്നംഗ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ നിയോഗിച്ചു. വിവിധ മന്ത്രിമാരുടെ ഏകോപനത്തില്‍ ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് നടപ്പാക്കി. ഇന്ന് പതിനായിരം ഐസൊലേഷന്‍ ബെഡ്ഡുകള്‍, ഇരുപതിനായിരം ക്വാറന്റൈന്‍ ബെഡ്ഡുകള്‍, ആയിരം വെന്റിലേറ്ററുകള്‍, 17 ടെസ്റ്റിങ് ലാബുകള്‍ എന്നിവ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. കഠിനാദ്ധ്വാനത്തിന്റെയും മികച്ച സംഘാടനത്തിന്റെ മികവിലാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചത്. ഒരു മാസം മുന്‍പു വരെ ഒരു ലാബാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവിടെ നടത്തിയിരുന്നതാകട്ടെ അമ്പതോളം ടെസ്റ്റുകളും. എന്നാല്‍ ഇന്ന് പ്രതിദിനം നാലായിരം ടെസ്റ്റുകള്‍ നടത്താന്‍ ശേഷിയുള്ള 17 ലാബുകളാണ് സംസ്ഥാനത്ത് സജ്ജമായിരിക്കുന്നത്. എല്ലാദിവസവും ഈ പതിനൊന്നംഗ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ഒപ്പം തന്നെ എല്ലാ ജില്ലാ കലക്റ്റര്‍മാരുമായും പൊലീസ് കമ്മിഷണര്‍മാരുമായും ഞാന്‍ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തും.
2. കൊറോണക്കാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തികനില വന്‍ പ്രതിസന്ധി നേരിടുകയാണല്ലോ. ഇതില്‍ നിന്നു കരകയറാന്‍ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്?
ഇത്രയും ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് യുപി മാത്രമല്ല, ഇന്ത്യയും ലോകവും ഒരു പോലെ നേരിടുന്ന പ്രശ്‌നമാണ്. ഇതില്‍ നിന്നു സംസ്ഥാനത്തെ കരകയറ്റാന്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, ഗൊരഖ്പുര്‍ ലിങ്ക് എക്‌സ്പ്രസ് ഹൈവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 6603 യൂണിറ്റുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതുവഴി പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. ലോക്ക്ഡൗണ്‍ കാലത്ത് തന്നെ 119 പഞ്ചസാര മില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിയന്ത്രണത്തോടെയായിരുന്നു ഈ അനുമതി. ഇതുവഴി ആറു ലക്ഷം പേര്‍ക്കാണ് തൊഴിലവസരം ലഭിച്ചത്. ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്വദേശത്ത് മടങ്ങിയെത്തിയ അഞ്ചു ലക്ഷം പേര്‍ക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി തൊഴിലവസരം ലഭ്യമാക്കി. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 15 ലക്ഷം പേരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാനം കൈക്കൊണ്ട് വരികയാണ്. ഇവരെ സംസ്ഥാനത്ത് എത്തിച്ചാല്‍ അവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ഒരു ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നുണ്ട്. ഒരു ജില്ല, ഒരു ഉത്പന്നം എന്ന പദ്ധതി ഉടന്‍ നടപ്പാക്കും. ഇതോടൊപ്പം ചെറുകിട, ഇടത്തരം മധ്യ വ്യവസായങ്ങള്‍ വഴിയും സംസ്ഥാനത്തിന്റെ സാമ്പത്തിക നില ശക്തമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കൊറോണ ഭീതിയെത്തുടര്‍ന്ന് ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും സംസ്ഥാനം ലഭ്യമാക്കും. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം ഇതിനായി തയാറാക്കി നല്‍കും. ഇത്തരം കമ്പനികളുടെ ഒരു ഹബ്ബായി ഉത്തര്‍പ്രദേശിനെ മാറ്റുകയാണ് ലക്ഷ്യം.
3. ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?
സംസ്ഥാനത്ത് ഘട്ടം ഘട്ടമായിട്ടാണ് ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. മാര്‍ച്ച് 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ഉത്തര്‍പ്രദേശും ഫലപ്രദമായി നടപ്പാക്കി. തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയില്‍ മാര്‍ച്ച് 23 ന് പതിനഞ്ചു ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കി. രണ്ടാം ഘട്ടത്തില്‍ 17 ജില്ലകളിലേക്ക് ഇത് വ്യാപിപ്പിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സംസ്ഥാനത്ത് പൂര്‍ണതോതില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കി. അവശ്യസാധന വിതരണം മാത്രമാണ് അനുവദിച്ചത്. ജനങ്ങളോട് വീടുകളില്‍ കഴിയാന്‍ നിര്‍ദേശിച്ചു. കൊറോണയ്‌ക്കെതിരായ പോരാട്ടം ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്.
4. കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ സമയപരിധി ദീര്‍ഘിപ്പിക്കുകയാണല്ലോ. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ വിളവെടുപ്പ് കാലമാണ്. കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഉത്തര്‍പ്രദേശില്‍ സുരക്ഷിതമായ രീതിയില്‍ വിളവെടുപ്പ് നടത്താന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാം?
ലോക്ക്ഡൗണിന്റെ പേരില്‍ യാതൊരു ബുദ്ധിമുട്ടും കര്‍ഷകര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. റാബി വിളവെടുപ്പിനായി സംയുക്തമായി വിളവെടുപ്പ് നടത്താനും ഇതിന് ആവശ്യമായ ഉപകരണങ്ങളും യന്ത്രസാമഗ്രഹികള്‍ കൊണ്ടുവരാനും അനുവാദം നല്‍കി. ഇതോടൊപ്പം വിളവെടുപ്പിന് ആവശ്യമായ തൊഴിലാളികളെ നിയോഗിക്കാനും കര്‍ഷകര്‍ക്ക് അനുവാദം നല്‍കി. സാമൂഹി അകലം പാലിച്ചുകൊണ്ടാണ് വിളവെടുപ്പ് കര്‍ഷകര്‍ പൂര്‍ത്തിയാക്കിയത്. താങ്ങുവില ഉറപ്പാക്കി കര്‍ഷകരില്‍ നിന്ന് ഈ ഉത്പന്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങുകയും ചെയ്തു. 60 ലക്ഷം ക്വിന്റണ്‍ ഗോതമ്പ് ഇടനിലക്കാരില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങി. ഇതോടൊപ്പം 70 ശതമാനം ഗോതമ്പും കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ സര്‍ക്കാരിന് സാധിച്ചു. രാജ്യത്ത് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കിയ ആദ്യ സംസ്ഥാനം ഉത്തര്‍പ്രദേശാണ്. സയീദ് കൃഷി ചെയ്യാനായി വിത്തു കടകളും രാസവള കടകള്‍ തുറക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കി.
5. യുഎസ്എ, യുകെ പോലുള്ള വികസിത രാജ്യങ്ങള്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്. രോഗം നേരിടുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ താങ്കള്‍ എങ്ങനെ കാണുന്നു?
ഇതിന് നമ്മള്‍ ആദ്യം കടപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ്. പ്രതിസന്ധിയുടെ ആഴം മുന്‍കൂട്ടി മനസിലാക്കിയ അദ്ദേഹം, സമഗ്രമായ കര്‍മ്മ പദ്ധതി തയാറാക്കുകയും അത് രാജ്യവ്യാപകമായി നടപ്പാക്കുകയും ചെയ്തു. ഇന്ന് രാജ്യത്തെ 130 കോടി ജനത മാത്രമല്ല, ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ നേതൃപാടവത്തെയും ദീര്‍ഘവീക്ഷണത്തേയും അഭിനന്ദിക്കുകയാണ്. കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍പ്രധാനമന്ത്രി നടത്തിയ പോരാട്ടത്തെ ലോകത്തെ പ്രമുഖ ഏജന്‍സികളെല്ലാം തന്നെ അദ്ദേഹത്തെ അംഗീകരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കര്‍മ്മ പദ്ധതികള്‍ വഴി രാജ്യത്ത് കൊറോണയെ ഫലപ്രദമായ തടയാന്‍ സാധിക്കും
6. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്, അതേസമയം ദേശീയ ശരാശരിയെക്കാള്‍ താഴെയാണ് സാക്ഷരതാനിരക്ക്. ഈ സാഹചര്യത്തില്‍ ലോക്കഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ ബോധിപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടില്ലേ?
ഇത് ഒരു പ്രശ്‌നമല്ല. മുന്‍കാലങ്ങളിലും ഇത്തരം മഹാമാരികളെ യുപി നേരിട്ടുണ്ട്. മസ്തിഷ്‌ക വീക്കം പോലുള്ള മഹാമാരികളില്‍ നിന്ന് സംസ്ഥാനം കരകയറിയിട്ടുണ്ട്. ഇവിടെ സാക്ഷരതാ നിരക്ക് കുറവായിരിക്കും. എന്നാല്‍ ജനങ്ങള്‍ ബോധവാന്‍മാരാണ്. കോറോണയുടെ കാര്യത്തിലും ഇതാണ് വസ്തുത. അതിനാല്‍ അവര്‍ സര്‍ക്കാരിനെയും ലോക്ക്ഡൗണിനെയും പൂര്‍ണമായി പിന്തുണയ്ക്കുന്നു. ലോക്ക്ഡൗണിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് യാതൊരു എതിര്‍പ്പും യുപി സര്‍ക്കാര്‍ നേരിടുന്നില്ല. അതിനാല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സമ്പൂര്‍ണ വിജയമാണ്.
7. സംസ്ഥാനത്ത് മതിയായ അളവില്‍ പിപിഇ കിറ്റ്‌സ്, റാപിഡ് ടെസ്റ്റിങ് കിസ്റ്റ്‌സ്, എന്‍ 95 മാസ്‌കുകള്‍ എന്നിവയുണ്ടോ?
കൊറോണയെ നേരിടാന്‍ ആവശ്യമായ എല്ലാ ഉപകരണങ്ങളും സംസ്ഥാനത്തുണ്ട്. പിപിഇ കിറ്റുകളും എന്‍95 മാസ്‌കുകളും എല്ലാ ആശുപത്രിയിലും ലഭ്യമാണ്. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ എല്ലാ ജില്ലകളിലും ത്രി- ടയര്‍ ആശുപത്രി സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 78 ആശുപത്രികള്‍ ലെവല്‍ ഒന്നിലും 64 സര്‍ക്കാര്‍ ആശുപത്രികള്‍ ലെവല്‍ രണ്ടിലും ആറു ആശുപത്രികള്‍ ലെവല്‍ മൂന്നിലും സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ സാധിക്കും.
8. കൊവിഡ് 19 ന് ശേഷമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുതിര്‍ന്ന ബിജെപി നേതാവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ എങ്ങനെ കാണുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനര്‍ജ്ജീവിപ്പിക്കാന്‍ താങ്കള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ എന്തെല്ലാമാണ്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വന്‍ വളര്‍ച്ചയായിരിക്കും കൊവിഡ് ദുരന്തത്തിന് ശേഷം കൈവരിക്കുക. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ കരുത്താര്‍ജ്ജിക്കും. ഗ്രാമങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുക വഴി രാജ്യം കൂടുതല്‍ ശക്തമാകും. ഇന്ന് രാജ്യത്തെ മിക്ക ഗ്രാമങ്ങളും സ്വതന്ത്രമാണ്. ഒഡിഒപി, എംഎസ്എംഇ പദ്ധതികള്‍ വഴി സംസ്ഥാനത്തെ താഴെ തട്ടിലുള്ളവര്‍ക്ക് പോലും തൊഴില്‍ ഉറപ്പാക്കാന്‍ സാധിച്ചു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.