CULTURALKERALANEWS

ജടായു പാറ: ഓഹരിക്കൈമാറ്റത്തില്‍ നിന്ന് രാജീവ് അഞ്ചലിനു വിലക്ക്

രാജീവ് അഞ്ചല്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ചടയമംഗലത്തിലെ ജടായുപ്പാറയിലെ ജഡായു എര്‍ത്ത് സെന്റര്‍ നടത്തിപ്പില്‍ കമ്പനി ഓഹരികള്‍ കൈമാറ്റം ചെയ്യുന്നതും ഓഹരിഘടന മാറ്റുന്നതും വിലക്കിക്കൊണ്ട് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ ഇടക്കാല വിധി. ഇതോടെ, ജടായു എര്‍ത്ത് സെന്റര്‍ വികസിപ്പിക്കാനും ഓപ്പറേറ്റ് ചെയ്യാനുമായി ആരംഭിച്ച അനുബന്ധ കമ്പനികള്‍ക്ക് ഓഹരികള്‍ കൈമാറാനും അവയുടെ ഓഹരിഘടന മാറ്റാനുമുള്ള ഗുരുചന്ദ്രിക ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ശില്‍പിയുമായ പ്രമുഖ ചലച്ചിത്രസംവിധായകന്‍ രാജീവ് അഞ്ചലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. പ്രസ്തുത കമ്പനികളില്‍ എന്തെങ്കിലും അധിക ബാധ്യത വരുത്തിവയ്ക്കുന്നതില്‍ നിന്നും രാജീവിനെ ട്രൈബ്യൂണല്‍ വിലക്കിയിട്ടുമുണ്ട്.
ജടായുപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യ ഓഹരിയുടമയായ രാജീവും ഇതര നിക്ഷേപകരും ഓഹരിയുടമകളുമായുള്ള തര്‍ക്കമാണ് ഇടക്കാല വിധിയിലെത്തിച്ചത്. തല്‍സ്ഥിതി തുടരാനാണ് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജടായൂ ടൂറിസം പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് 16 കോടി രൂപ പദ്ധതി പൂര്‍ത്തീകരണത്തിനായി രൂപവല്‍ക്കരിച്ച് മറ്റ് അനുബന്ധ കമ്പനികളിലേക്കായി മാറ്റിക്കൊണ്ട് രാജീവ് ദുരുപയോഗം ചെയ്തു എന്നാരോപിച്ച് രാജീവൊഴികെയുള്ള ഒന്‍പത് നിക്ഷേപകരാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. പദ്ധതി പൂര്‍ത്തീകരണത്തിന് ജെ.ടി.പി.എല്ലിനു വേണ്ടി 27 കോടി രൂപയോളം സമാഹരിച്ചത് താനാണെന്ന് ഇന്‍വസ്റ്റ്‌മെന്റ് ഡയറക്ടര്‍ വാസു ജയപ്രകാശ് അവകാശപ്പെട്ടു. കമ്പനിയിലെ 45 ശതമാനം ഒഹരിപങ്കാളിത്തമുള്ള രാജീവ് പണം അദ്ദേഹത്തിന്റെ ചെയര്‍മാന്‍ഷിപ്പിലുളള ഉപസ്ഥാപനങ്ങളിലേക്കു മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് തങ്ങളിടപെട്ട് തടഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് തിരുവനന്തപുരത്തിനും കൊട്ടാരക്കരയ്ക്കുമിടയില്‍ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജടായുപ്പാറയിലെ ജടായുശില്‍പം. രാജീവ് അഞ്ചലിന്റെ സ്വപ്‌നപദ്ധതിയായ ഇത് ഇക്കോ ടൂറിസം പദ്ധതിയായിക്കൂടിയാണ് വിഭാവന ചെയ്തത്.

Tags
Show More

Related Articles

Back to top button
Close