Breaking NewsCULTURAL

ജനകീയ സാഹിത്യകാരന്‍ ഓര്‍മകളില്‍ നിറയുന്നു

മലയാള സാഹിത്യത്തില്‍ പുരോഗമനാശയങ്ങള്‍ക്കു വിത്തു പാകിയ എഴുത്തുകാരനായിരുന്നു ചെറുകാട്. കവിത, കഥ, നോവല്‍, നാടകം തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.സ്വന്തം ചുറ്റുപാടുകളില്‍ നിന്നും സാഹിത്യരചനയ്ക്കു പ്രമേയം കണ്ടെത്തിയ അദ്ദേഹം സമകാലിക അരുതായ്മകളെ നിശിതമായി വിമര്‍ശിച്ചും പരിഹസിച്ചും സാഹിത്യ രഹാനകള്‍ നടത്തിയിരുന്നു.ഇന്ന്‌ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ ഓര്‍മ്മദിവസമാണ്.ചെറുകാടിന്റെ ആത്മകഥയായ ‘ജീവിതപ്പാത’ സ്വന്തം ജീവിതകഥയേക്കാളേറെ താന്‍ വളര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹ്യ ജീവിത പശ്ചാത്തലത്തിന്റെയും ഒരു സാമൂഹ്യാവ്യവസ്ഥയ്ക്കുവേണ്ടി രാഷ്ട്രീയമായും സര്‍ഗാത്മകമായും നടത്തിയ പോരാട്ടത്തിന്റെയും വികാരതീക്ഷ്ണമായ ആവിഷ്‌കാരമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച ജനകീയ പ്രത്യയശാസ്ത്രത്തിന്റെയും ക്രമാനുഗത വളര്‍ച്ചയില്‍ പുരോഗതിയും സംഭാവനകളും ഈ ആത്മകഥയില്‍ വായിച്ചറിയാം.

മഠം പൊട്ടിയ മത്തഗജം പോലെ വെള്ളം തലയുയര്‍ത്തി കുതിച്ചുവരുവാന്‍ തുടങ്ങി..ചെറുകാട്ടുപാടം നിറഞ്ഞു നിന്ന നിലയില്‍ ആകാശത്തേക്ക് ഉയരുകയാണ്.പാടത്തിന്റെ കരയാകെ വെള്ളത്തിലാണ്ടു.വെള്ളം പൊങ്ങി വീടുകള്‍ വളഞ്ഞു.നനഞ്ഞു കുതിര്‍ന്ന വീടുകള്‍ നിലംപൊത്തിയലിഞ്ഞു.വീട്ടുവക്കാര്‍ മരച്ചുവട്ടില്‍,ചട്ടിയും,കൊട്ടയുംകോഴിക്കൂടും പെറുക്കികെട്ടി കുട്ടികളെ മാറോടു അടക്കിപ്പിടിച്ചു മഴകൊണ്ട് വിറച്ചു നിന്നു.ഫലവൃക്ഷങ്ങളിലെ കായ്കള്‍ ചീഞുകൊഴിഞ്ഞു.നനഞ്ഞ കന്നുകാലിയുടെ കുളമ്പും നാവും ചീഞ്ഞു.അവ മണ്ണടിഞ്ഞു ചത്ത് മലര്‍ന്നു.പ്രകൃതി കരാളരൂപിണിയായി കരിഞ്ഞിടയഴിച്ചു പരത്തികലിതുള്ളി കാളരാത്രിയായി നിന്നു.മലയാള വര്‍ഷം 1099 ല്‍ കേരളത്തെ മുക്കിയ വെള്ളപൊക്കം അങ്ങേയറ്റം ഹൃദയഭേദകമായ രീതിയില്‍ ചെറുകാടിന്റെ ആത്മകഥയില്‍ വിവരച്ചിരിക്കുന്നതാണിത്.ആ വെള്ളപൊക്കം അദ്ദേഹത്തിന്റെ പത്താമത്തെ വയസ്സില്‍ അദ്ദേഹം അറിഞ്ഞിരുന്ന തീവ്രവേദനയായിരുന്നു .

മലബാറില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം യാഥാര്‍ഥ്യമാക്കുന്നതില്‍ ചെറുകാട് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു.പുരോഗതിക്ക് വിഘാതമായ ഏതു ശക്തിയോടും കലാപമുയര്‍ത്തുന്ന സാഹിത്യകാരനാണ് ചെറുകാട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇത്തരം കലാപങ്ങളുടെ ചലനാത്മകമായ ഘടകങ്ങളാണ്. മുദ്രമോതിരം, ചൂട്ടല്‍മൂരി, ചെകുത്താന്റെ കൂട് എന്നീ കഥാസമാഹാരങ്ങളില്‍ അധ്യാപകരുടെയും കൃഷിക്കാരുടെയും ജീവിതം യഥാതഥമായി ചിത്രീകരിക്കുന്നു. കൂട്ടുകുടുംബ ജീവിതത്തിന്റെ താളവും താളപ്പിഴകളും ജന്മിത്വത്തിന്റെ നാശവുമെല്ലാം കഥകളില്‍ തീവ്രതയോടെ ആവിഷ്‌കരിച്ചിട്ടുണ്ട്. നമ്മളൊന്ന്, തറവാടിത്തം, മനുഷ്യഹൃദയങ്ങള്‍ , വിശുദ്ധനുണ, കുട്ടിത്തമ്പുരാന്‍ , അണക്കെട്ട് തുടങ്ങിയ ചെറുകാടിന്റെ നാടകങ്ങള്‍ ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും വള്ളുവനാടന്‍ കൃഷിക്കാരുടെ മുന്നേറ്റവും മതസൗഹാര്‍ദവും പ്രത്യേകിച്ച് ഹിന്ദു- മുസ്ലിം മൈത്രിയും മാനവികവും വൈകാരികവുമായ തലത്തില്‍ ചെറുകാട് ചിത്രീകരിക്കുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ ചരിത്രരേഖകൂടിയാണ് ചെറുകാടിന്റെ ആത്മകഥ. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ തുടക്കംമുതല്‍ ആ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തായിരുന്നു ചെറുകാട്. പുരോഗമന സാഹിത്യ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച സാഹിത്യവീക്ഷണം എഴുത്തുകാരിലും സമൂഹത്തിലും എത്തിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ അദ്ദേഹം പ്രയത്‌നിച്ചു. സ്റ്റഡി സര്‍ക്കിളിന്റെ വേദികളില്‍ ചെറുകാടിന്റെ സാന്നിധ്യം ആവേശവും ശക്തിയുമായിരുന്നു. അക്ഷോഭ്യമായ ആ രാഷ്ട്രീയ സാഹിത്യ നിലപാട് പുതിയ തലമുറയ്ക്ക് വെളിച്ചം നല്‍കി. സാഹിത്യ സംബന്ധിയായ ആശയസമരത്തില്‍ ചെറുകാട് മുന്‍പന്തിയില്‍ നിന്നു. അനുഭവങ്ങളുടെയും പ്രത്യയശാസ്ത്രപരമായ ഉറപ്പിന്റെയും അടിസ്ഥാനത്തില്‍ ജീവിതത്തില്‍ അധിഷ്ഠിതമായ പുതിയ സാഹിത്യാവബോധം വളര്‍ത്തുകയായിരുന്നു ചെറുകാടിന്റെ ലക്ഷ്യം.കമ്യൂണിസ്റ്റ് രാഷ്ട്രീയ ദര്‍ശനത്തെ സ്വന്തം ജീവിതത്തിന്റെ വെളിച്ചമാക്കി, ആ വെളിച്ചത്തില്‍ പുതിയ സാമൂഹ്യ സൃഷ്ടിക്ക് പ്രേരകമായ സര്‍ഗാത്മകജീവിതമാണ് അദ്ദേഹം നയിച്ചത്. വ്യക്തിപരവും സര്‍ഗാത്മകവും പ്രത്യയശാസ്ത്രപരവുമായ ചെറുകാടിന്റെ ഊര്‍ജം പുരോഗമന സാഹിത്യപ്രസ്ഥാനം ശരിയായി ഉള്‍ക്കൊള്ളണം. അത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്. മുഖംമൂടി ധരിച്ച് രംഗത്തുവരാന്‍ അദ്ദേഹത്തിനറിയില്ല. സ്വന്തം മാളത്തില്‍ വലകെട്ടി അത് തന്റെ സിംഹാസനമാണെന്ന് കരുതി ഊറ്റം കൊള്ളാന്‍ ചെറുകാട് തയ്യാറായില്ല. അദ്ദേഹത്തിന് തനതായ മാളങ്ങളില്ല. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ തുറന്ന ജീവിതത്തില്‍ ചെറുകാട് കൂടുറപ്പിച്ചിരുന്നു. അവിടെ ചെന്നെത്തുന്ന പുതിയ എഴുത്തുകാരെ ആചാര്യന്റെയും ഉത്തമസുഹൃത്തിന്റെയും തെളിഞ്ഞ മനസ്സോടെ വിളിച്ചിരുത്തി സൃഷ്ടിയുടെയും സൃഷ്ടിക്ക് പ്രേരകമായി നിലകൊള്ളുന്ന സാമൂഹ്യ പ്രതിഭാസങ്ങളെയും കുറിച്ച് ഉള്‍ക്കനത്തോടെ അദ്ദേഹം സംസാരിക്കും. അത്തരക്കാരുടെ ഏക ‘ഷെല്‍ട്ടര്‍’ ചെറുകാട് തന്നെ.
1976ന് മുമ്പുള്ള ഏകദേശം നാല് പതിറ്റാണ്ടുകാലം നിര്‍ഭയവും രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചോദിതവും സാമൂഹ്യ നിഷ്ഠയുമാര്‍ന്ന സപര്യയിലൂടെ മലയാള സാഹിത്യത്തെ പുരോഗമന വഴിത്താരയിലൂടെ നയിച്ച വിപ്ലവസാഹിത്യകാരനാണ് ചെറുകാട്. വള്ളുവനാടന്‍ മണ്ണിന്റെ വീര്യവും അവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യദാഹവും ഇച്ഛാശക്തിയും ചെറുകാടിന്റെ സാഹിത്യകൃതികളില്‍ പ്രതിഫലിക്കുന്നു. അധീശ മേല്‍ക്കോയ്മയ്ക്കും ജാതീയവും വര്‍ഗീയവുമായ അടിച്ചമര്‍ത്തലുകള്‍ക്കും ജന്മിത്ത ചൂഷണത്തിനും വിധേയരായ പാവപ്പെട്ട കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിമോചനത്തിന്റെ പാത തുറന്നുകൊടുത്ത സാമൂഹ്യവും രാഷ്ട്രീയവുമായ വിപ്ലവാശയങ്ങള്‍ നിറഞ്ഞതാണ് ചെറുകാടിന്റെ സാഹിത്യസൃഷ്ടികള്‍ . കമ്യൂണിസ്റ്റ് സാഹിത്യകാരനാണെന്ന് ഉറക്കെ പ്രഖ്യാപിച്ച്, നെഞ്ചുവിരിച്ച് തൊഴിലാളികളോടും കൃഷിക്കാരോടും ഒപ്പം നടന്ന ചെറുകാട് തൊഴിലാളിവര്‍ഗത്തിന്റേതായ പുതിയ ജീവിതബോധം ആവിഷ്‌കരിക്കുകയാണ് തന്റെ കൃതികളിലൂടെ ചെയ്തത്.ചെറുകാടിന്റെ കൃതികളില്‍ അധ്വാനവര്‍ഗത്തിന്റെ വേദനാജനകമായ ജീവിതചലനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വര്‍ഗസംഘര്‍ഷത്തിലെ രാഷ്ട്രീയ പരിപ്രേക്ഷ്യം സര്‍ഗാത്മകമായി അവതരിപ്പിക്കാന്‍ ചെറുകാടിന് കഴിഞ്ഞിരുന്നു.

രാഷ്ട്രീയം സാഹിത്യകാരന് അന്യമാണെന്ന യാഥാസ്ഥിതിക ചിന്താഗതി തിരുത്തിക്കുറിച്ച എഴുത്തുകാരനാണ് ചെറുകാട്. രാഷ്ട്രീയം സാഹിത്യകാരന്റെ സര്‍ഗാത്മകശക്തിയെയും വീക്ഷണത്തെയും ചുരുക്കുമെന്ന വലതുപക്ഷ ചിന്ത തെറ്റാണെന്ന് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. കവിത, നാടകം, ചെറുകഥ, നോവല്‍ , ആത്മകഥ എന്നീ വിവിധ സാഹിത്യമേഖലകളില്‍ സൂര്യപ്രഭയോടെ പ്രകാശിക്കുന്നതാണ് ചെറുകാടിന്റെ സാഹിത്യലോകം. സമസ്ത ബോധത്തിന്റെ മുള പൊട്ടുന്നവയാണ് ചെറുകാടിന്റെ കവിതകള്‍ . പുതുയുഗത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഉള്‍ച്ചൂട് അദ്ദേഹത്തിന്റെ കവിതകളുടെ ശക്തിയാണ്. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പടപൊരുതിയ ചെറുകാടിന്റെ ആത്മവീര്യം ആ കവിതകളില്‍ പ്രതിഫലിക്കുന്നു. അദ്ദേഹം ജീവിച്ച കാലത്തെ രാഷ്ട്രീയ-സാമൂഹ്യ ജീവിത സമസ്യകളോട് ചടുലമായും സരസമായും ചെറുകാട് പ്രതികരിച്ചത് തന്റെ തുള്ളല്‍കവിതകളിലൂടെയാണ്.വള്ളുവനാട്ടിലെ നമ്പൂതിരി ഇല്ലങ്ങളിലെ ആഭ്യന്തര സമരങ്ങളാണ് ‘മരണപത്ര’ത്തില്‍ പ്രതിപാദിക്കുന്നത്. മണ്ണിനോട് പടവെട്ടി ജീവിക്കുന്ന വള്ളുവനാട്ടിലെ കൃഷിക്കാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ‘മണ്ണിന്റെ മാറി’ലെ ഇതിവൃത്തം. ഈ നോവലിന്റെ തുടര്‍ച്ചയാണ് ‘ഭൂപ്രഭു’. സ്വാതന്ത്ര്യസമരകാലത്തിന് ശേഷമുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വിപ്ലവകാരികളെ പൊലീസ് നിര്‍ദയം മര്‍ദിക്കുന്ന അനുഭവങ്ങളുടെ ആവിഷ്‌കാരമാണ് ‘ശനിദശ’. 1959 ലെ വിമോചനസമരമാണ് ‘ശനിദശ’യ്ക്ക് ആധാരം. ‘മരുമകള്‍’ തകര്‍ന്നുകൊണ്ടിരിക്കുന്ന മരുമക്കത്തായത്തിന്റെ കഥ പറയുന്നു.
മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ കഥയാണ് ‘മുത്തശ്ശി’യില്‍ പ്രതിപാദിക്കുന്നത്.1934 മുതല്‍ 52 വരെയുളള കേരളത്തിന്റെ ചരിത്രമാണ് ചെറുകാട് മുത്തശ്ശിയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഒരു ചരിത്രനോവലല്ല. ഒരു ചരിത്രനോവല്‍ ആകാതിരിക്കുകയും എന്നാല്‍ ചരിത്രസംഭവങ്ങളുടെ യഥാര്‍ത്ഥ ആവിഷ്‌കാരം നടത്തുകയും ചെയ്യുക എന്ന ഒരു രചനാതന്ത്രമാണ് നോവലിസ്റ്റ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. മലബാറിന്റെ സാമൂഹിക രാഷ്ട്രീയം, സ്വാതന്ത്ര്യസമരം, കമമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവിര്‍ഭാവം- വളര്‍ച്ച- പ്രവര്‍ത്തനം, ജന്മിത്വത്തിനെതിരെയുള്ള കര്‍ഷക സമരം, അദ്ധ്യാപക സംഘടനയുടെ ആവിര്‍ഭാവം, മാനേജുമെന്റിനെതിരെ അവര്‍ നടത്തുന്ന സമരം, ഗ്രന്ഥശാലകളുടെ ആവിര്‍ഭാവവും അവയുടെ സ്വാധീനവും – ഇങ്ങനെ നിരവധിയായ ചരിത്രസംഭവങ്ങള്‍ നാണി എന്ന സ്ത്രീ കഥാപാത്രത്തിന്റെ ജീവിതവുമായി ഇഴചേര്‍ന്നുകൊണ്ടാണ് നോവലിസ്റ്റ് തന്റെ രചന നടത്തിയിരിക്കുന്നത്. എന്നാല്‍ `മുത്തശ്ശി` യില്‍ മറ്റൊരു ചരിത്രവും കൂടി നോവലിന്റെ ഇതിവൃത്തത്തില്‍ അന്തര്‍ലീനമായിരിക്കുന്നു. അത് സ്ത്രി സ്വാതന്ത്ര്യത്തിന്റെ, സ്ത്രീസ്വത്വബോധത്തിന്റെ, അവളുടെ സംഘടനാപാടവത്തിന്റെ സ്ത്രീകളില്‍ ഉണര്‍ന്നു വരുന്ന പൊതു ബോധത്തിന്റെ, സ്ത്രീയുടെ സഹനശക്തിയുടെ ചരിത്രവും കൂടിയാണത്. ഈ ചരിത്രബോധവും കൂടി കൂട്ടിവായിക്കുംപോള്‍ മാത്രമേ മുത്തശ്ശിയുടെ വായന പൂര്‍ണ്ണമാകുകയുള്ളു.ഫെമിനിസത്തിന്റെ സിദ്ധാന്തപരമായ കാഴ്ചപ്പാടുകള്‍ ഒന്നും ഇല്ലാതെ തന്നെ ചെറുകാട് എന്ന സാഹിത്യകാരന്, സാമൂഹികപ്രവര്‍ത്തകന് സ്ത്രീ ശക്തിയുടെ അജയ്യതയെക്കുറിച്ച് അപാരമായ കാഴ്ചപ്പാടുണ്ടായിരുന്നു. സമൂഹത്തിന്റെ പുരോഗതിക്ക്, സാമൂഹിക മാറ്റത്തിന് സ്ത്രീയുടെ പങ്കും കഴിവും നിര്‍ണായകമായിരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സ്ത്രീയുടെ ശക്തി സൗന്ദര്യത്തിലല്ല, അവളുടെ ആത്മബലത്തിലാണെന്ന സത്യം ചെറുകാട് അന്നേ തിരിച്ചറിഞ്ഞിരുന്നു. മുത്തശ്ശിയില്‍ എന്നല്ല ചെറുകാടിന്റെ ഏതു നോവലെടുത്താലും അവിടെയെല്ലാം സ്ത്രീകള്‍ ആത്മബലമുള്ളവരാണ്. അവര്‍ അടിമകളോ അബലകളോ അല്ല. സ്വത്വബോധമുള്ളവരാണ്. മുത്തശ്ശിയിലാകട്ടെ നേരത്തെ സൂചിപ്പിച്ച വിവിധങ്ങളായ ചരിത്രത്തിന്റെ സഞ്ചാരം നോവലിസ്റ്റ് നടത്തുന്നത് നാണിയില്‍കൂടിയാണ് എന്നു കാണാം. സ്ത്രീയുടെ വീക്ഷണത്തില്‍കൂടിയുള്ള ആഖ്യാനരീതി മലയാള നോവല്‍ സാഹിത്യത്തില്‍ തന്നെ വിരളമാണ്. ലളിതാംബിക അന്തര്‍ജ്ജനവും പില്‍ക്കാലത്തുവന്ന എഴുത്തുകാരികളും മാത്രമേ അത്തരത്തിലൊരു ആഖ്യാനസംബ്രദായം സീകരിച്ചിട്ടുള്ളു. പുരുഷ എഴുത്തുകാര്‍ ആരുംതന്നെ അത്തരത്തില്‍ സ്ത്രീവീക്ഷണത്തിലുള്ള ആഖ്യാനസംപ്രദായം സീകരിക്കാന്‍ അന്നും ഇന്നും തയ്യാറാകുന്നില്ല.

കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ചെറുകാട് 1914 ഓഗസ്റ്റ് 26ന് മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണയ്ക്കു അടുത്തുള്ള ചെമ്മലശ്ശേരി ചെറുകാട് പിഷാരത് ജനിച്ചു.ചെറുകാട് ഗോവിന്ദ പിഷാരടി എന്നാണു പൂര്‍ണ നാമം.പിതാവി കിഴീട്ടില്‍ പിഷാരത് കരുണാകര പിഷോറടി.മാതാവ് നാരായണി പിഷാരസ്യാര്‍ .ലക്ഷ്മി പിഷാരസ്യര്‍ ആണു ഭാര്യ.കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സംസ്‌കൃതവും വൈദ്യവും ഹൃദിസ്ഥമാക്കി.മദ്രാസ് സര്‍വകലാശാലയില്‍നിന്നു മലയാളം വിദ്വാന്‍ പരീക്ഷ വിജയിച്ച് വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. പാവറട്ടി സംസ്‌കൃത കോളജിലും പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജിലും മലയാള ഭാഷാധ്യാപകനായി.ആദ്യകാലത്ത് കോണ്‍ഗ്രസില്‍ ആകൃഷ്ടനായിരുന്നെങ്കിലും പിന്നീട് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ തല്‍പരനായി.ജീവിതാന്ത്യംവരെ ആ പ്രസ്ഥാനത്തിനു വേണ്ടി പ്രയത്‌നിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തിനു ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ചെറുകാടിന് ഒരുകാലത്തു ജോലിയും നഷ്ടപ്പെട്ടു. കുറച്ചുകാലം ഒളിവിലും കഴിഞ്ഞു.വിപ്ലവാത്മകമായ സാഹിത്യ പ്രവര്‍ത്തനം നടത്തിയ ഈ ജനകീയ സാഹിത്യകാരന്‍ 1976 ഒക്ടോബര്‍ 28ന് അന്തരിച്ചു.ചെറുകാടിന്റെ സ്മരണ നിലനിര്‍ത്താന്‍ പെരിന്തല്‍മണ്ണ കേന്ദ്രമാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.അതിലൊന്നാണു ചെറുകാട് സ്മാരക ട്രസ്റ്റ്. ഈ ട്രസ്റ്റ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി വര്‍ഷംതോറും മലയാളത്തിലെ മികച്ച ഒരു സാഹിത്യ കൃതിക്ക് ചെറുകാട് സാഹിത്യപുരസ്‌കാരം നല്‍കിവരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close