KERALANEWSSocial Media

ജനങ്ങളുടെ അന്നം മുട്ടിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു:മുഖ്യമന്ത്രി

കൊല്ലം: ജനങ്ങളുടെ അന്നം മുടക്കാൻ മടിയില്ലാത്ത പ്രതിപക്ഷ നേതാവിന്‌ വർഗീയ ശക്‌തികളുടെ വോട്ട്‌ വേണ്ട എന്ന്‌ പറയാൻ ധൈര്യമില്ലെന്നും എന്തൊരു മാനസികാവസ്‌ഥയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങള്‍ നശിച്ചാലും വേണ്ടില്ല എൽഡിഎഫ്‌ ലേശം വിഷമിക്കണം എന്ന നീച ബുദ്ധിയാണ് പ്രതിപക്ഷത്തിന്‌. ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന ഇത്തവണയും ‘ഡീല്‍’ ഉറപ്പിച്ചതിന്‍റെ സ്ഥിരീകരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫ് സര്‍ക്കാര്‍ പെന്‍ഷനും കിറ്റും നല്‍കുന്നത് നാല് വോട്ടിനു വേണ്ടിയല്ലെന്നും ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണെന്നും ഒരു വർഗീയ ശക്‌തികളുടേയും വോട്ടും സഹായവും എൽഡിഎഫിനും ഇടതുപക്ഷത്തിനും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാന്‍ ബിജെപിയോടൊപ്പം നിന്ന കോണ്‍ഗ്രസ്സ് ഇപ്പോള്‍ ഭക്ഷ്യ കിറ്റും ക്ഷേമ പെന്‍ഷനും മുടക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ നോക്കുകയാണ്‌.

വിഷു കിറ്റും ഏപ്രില്‍ മെയ് മാസങ്ങളിലെ പെന്‍ഷന്‍ തുകയും ഏപ്രില്‍ ആറിന് മുമ്പ് നല്‍കാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാ’ണെന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് പരസ്യമായി ഉന്നയിച്ചത്. സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണം തടയണമെന്നും അതിനായി പരാതി കൊടുക്കുമെന്നും പറയുന്നു.

എന്താണ് പ്രതിപക്ഷത്തിന് പറ്റിയത്? സ്ഥലകാലബോധം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകുമോ?
ഏപ്രിലില്‍ നല്‍കുന്ന ഭക്ഷ്യ കിറ്റ് ‘വിഷു കിറ്റ്’ മാത്രമാണെന്ന് പ്രതിപക്ഷ നേതാവിനോട് ആരാണ് പറഞ്ഞത്.
ഏപ്രില്‍ നാലിനാണ് ഈസ്റ്റര്‍ എന്നത് അദ്ദേഹം മറന്നു പോയോ. 14ന് വിഷുവാണ്. റംസാന്‍ വ്രതാരംഭവും ആ നാളുകളില്‍ തന്നെ തുടങ്ങും.കിറ്റ്‌ വിതരണം തിരുമാനിച്ചതും തെരഞ്ഞെടുപ്പിന്റെ തലേന്നല്ല.

ഈ കാലത്ത് ജനങ്ങള്‍ ക്ഷേമ പെന്‍ഷനും മറ്റു സഹായങ്ങളും ഇല്ലാതെ കഷ്ടപ്പെടണം എന്ന് ശപിക്കാന്‍ മാത്രം ദുഷ്ടത പ്രതിപക്ഷത്തിനും അതിന്‍റെ നേതാവിനും ഉണ്ടായത് ഖേദകരമാണ്‌.

എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റുകളായ മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളാനിടയായതിന് പിന്നിലെ ‘രഹസ്യം’ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ്. ഏതു വര്‍ഗീയത ആയാലും, അത്തരക്കാരോട് ഇടതുപക്ഷത്തിന് ഒരു സന്ധിയും ഇല്ല . നാല് വോട്ടിനും അധികാരത്തിനും വേണ്ടി ഈ നാടിനെ ബിജെ പിക്ക് അടിയറ വെക്കാനാണ് കോണ്‍ഗ്രസ് ശ്രമം.അതുകൊണ്ടാണ് ബിജെപി നേതാവ് അമിത് ഷായ്ക്കും കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ നേതാവിനും ഒരേ സ്വരം ഉണ്ടാകുന്നത്.

പൗരത്വ നിയമം അടക്കമുള്ള ആയുധങ്ങളുമായി ബിജെപി വീണ്ടും ഇറങ്ങുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാണാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തില്‍ വന്നു പറയുന്നത് കേട്ടു.അസമിലും പടിഞ്ഞാറന്‍ ബംഗാളിലും പ്രകടന പത്രികയില്‍ ബിജെപി പറയുന്നത് തങ്ങള്‍ ജയിച്ചാല്‍ സിഎഎ നടപ്പാക്കാന്‍ തീരുമാനം എടുക്കുമെന്നാണ്. പൗരത്വ ഭേദഗതി നിയമവുമായും അതിന്‍റെ ഭാഗംതന്നെയായ ദേശീയ പൗരത്വ രജിസ്റ്ററുമായും മുന്നോട്ടുപോകുമെന്ന സംഘപരിവാറിന്‍റെ പ്രഖ്യാപനമാണ് ഇതൊക്കെ.

കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല എന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അസന്ദിഗ്ധമായി വ്യക്തമാക്കിയത്. ആര്‍ എസ്എസിന്‍റെ അജണ്ട കേരളത്തില്‍ ചെലവാകില്ല എന്നാണു ഞങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്തുകൊണ്ട് അത്തരം ഉറച്ച നിലപാടിലെത്താന്‍ കഴിയുന്നില്ല. മതം പൗരത്വത്തിന്‍റെ അടിസ്ഥാനമാകരുത് എന്നതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. ഇതിന് ഇളക്കംതട്ടിയാല്‍ തകരുന്നത് മതനിരപേക്ഷതയും ജനാധിപത്യ വ്യവസ്ഥയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close