
അരുണ്‍ ലക്ഷ്മണ്
തിരുവനന്തപുരം: ദേശീയ തലത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നേരിട്ട പരാജയം ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ശക്തമായ തയാറെടുപ്പ് നടത്തുന്നു. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം നേതൃത്വം നല്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പൂര്‍ണമായും തകര്‍ന്ന പദ്ധതിക്കാണ് കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം നല്‍കുന്നത്. ഇതിനായി ഒരു അഭിപ്രായ സര്‍വെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ സര്‍വെ നടന്നു കഴിഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ വഴി കീഴ്ഘടകങ്ങളുടെ അഭിപ്രായം ആരാഞ്ഞു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് കെപിസിസിയുടെ നേതൃത്വത്തില്‍ ഒരു അനാലിസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് മേഖലയിലെ പ്രമുഖ കണ്‍സള്‍ട്ടിങ് ഏജന്‍സിയെ ചുമതല ഏല്‍പ്പിച്ചു കഴിഞ്ഞു. ഇരുതെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാന്‍ മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തുകയാണ് ഇവരുടെ പ്രധാന ചുമതല. ഓരോ മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യതയുള്ള നാലു മുതല്‍ പത്തു പേരുടെ പേരുകള്‍ ഇവര്‍ കെപിസിസിക്ക് നല്‍കും. ജനസമ്മതി, സത്യസന്ധത, പ്രവര്‍ത്തനമികവ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഇവരെ കണ്ടെത്തുന്നത്. ഈ പട്ടികയില്‍ മൂന്ന് പേരെ ഷോട്ട് ലിസ്റ്റ് ചെയ്യും. ഇവരില്‍ നിന്നാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കുകയെന്ന് മുതിര്‍ന്ന നേതാവ് അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം, കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ മനോഭാവം എന്നിവയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കേരള രാഷ്ട്രീയത്തില്‍ ഏറ്റവുമധികം സ്വാധീനമുള്ള സമുദായ സംഘടനകളായ എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് എന്നിവരുടെ അഭിപ്രായവും കോണ്‍ഗ്രസ് ആരായുന്നുണ്ട്. സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിലെ അഴിമതികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസ് പാളയത്തില്‍ ഉണര്‍വാണ് സൃഷ്ടിച്ചിരിക്കുന്നത്.