
കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ കറുത്ത നാളുകളിലൂടെയാണ് ഓരോ മലയാളിയും കടന്നു പോകുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഇറങ്ങിയപ്പോള്‍ മുണ്ടു മുറുക്കിയുടുത്താണെങ്കിലും നിറയ്ക്കും. മന്ത്രിമാരുടെ അകമ്പടി വാഹനങ്ങള്‍ പോലും കുറച്ച് അഴിമതി രഹിതമായ ഭരണം കാഴ്ചവയ്ക്കും. പിണറായി വിജയന്റെ നേത്യത്വത്തില്‍ ജനപക്ഷ സര്‍ക്കാരെന്നു സ്വയം വിശേഷിപ്പിച്ച് അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിയ ആദ്യനാളുകള്‍ മുതല്‍ പറഞ്ഞു പഴകിയ വാക്കുകളാണിത്. എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും എന്നു പറഞ്ഞു എങ്കിലും, അധികാരത്തിലേറി അന്നു മുതല്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് സര്‍ക്കാര്‍ ഭരണ നിര്‍വഹണം നടത്തിയത്. രണ്ടു പ്രളയങ്ങള്‍, നിപ്പ രോഗവ്യാപനം, ഏറ്റവും ഒടുവിലായി കോവിഡ് മഹാമാരിയും. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ അധികം കുഴപ്പങ്ങളൊന്നും സംഭവിക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോയി. കോവിഡ് കാലത്തെ കേരളാ മോഡല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വളരെ വര്‍ദ്ധിപ്പിച്ചു.
ഇതിനിടയിലാണ് മുഖ്യന്റെ പിആര്‍ ജോലികളെക്കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. പതിറ്റാണ്ടുകളായി ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന തനിക്ക് എന്തിനു പിആര്‍ എന്ന മറുചോദ്യവുമായാണ് മുഖ്യന് ഇതിനെ നേരിട്ടത്. പിആറിനെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ പ്രതിപക്ഷ നേതാവിനെ സൈബര്‍ സഖാക്കള്‍ ട്രോളിയതും ചില്ലറയൊന്നുമല്ല. ഇതിനിടെ പുതിയ പല വിവാദങ്ങളുമായി പ്രതിപക്ഷം സര്‍ക്കാരിനെ നേരിട്ടു. ബന്ധു നിയമനം, സ്പ്ലിംഗ്ലര്‍, ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ഉള്‍പ്പെട്ട സ്വര്‍ണക്കടത്തും. ഇതിനിടയിലെല്ലാം മുഖ്യമന്ത്രിയുടെ പിആര്‍ വിവാദം മുങ്ങിപ്പോയി. എന്നാല്‍ പ്രതിമാസം എട്ടു ലക്ഷത്തിലേറെ രൂപ ചെലവാക്കി മുഖ്യമന്ത്രി ഒരു സ്വകാര്യ പിആര്‍ ഏജന്‍സിയെ തന്റെ പ്രതിച്ഛായ സൃഷ്ടിക്കാന്‍ രൂപികരിച്ചിട്ടുണ്ട് എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെ 36 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവാക്കുന്നത്. കൃത്യമായ കണക്കുകള്‍ പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ 12 പേരടങ്ങുന്ന ഒരു സംഘമുണ്ട്. തത്സമയ സംപ്രേഷണത്തിനായി 1.83 ലക്ഷം രൂപയും സെര്‍വര്‍ അഡ്മിനിസ്ട്രഷന്, നെറ്റ് വര്‍ക്ക് സുരക്ഷ എന്നിവയ്ക്കായി 36,667 രൂപയും ഡാറ്റ വികസനത്തിനും ശേഖരണത്തിനുമായി 1.1 ലക്ഷം രൂപയും ഇവരുടെ സ്ഥാപനത്തിനായി കാര്‍ വാടകയ്ക്കെടുത്ത വകയില്‍ 73,333 രൂപയും ചെലവഴിച്ചതായാണ് കണക്കുകള്‍. ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമങ്ങളുടെ നിലനില്‍പ്പിനും പരിപാലനത്തിനുമായി സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍നിന്നും ഒരു വര്‍ഷം ഒരു കോടി രൂപയെങ്കിലും ചെലവാക്കുന്നുവെന്നര്ത്ഥം.
മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും മാധ്യമ നിര്‍വഹണത്തിനായി സി-ഡിറ്റ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു പുറമേയാണ് സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. അതിനിടയില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവരെ സി-ഡിറ്റില്‍ സ്പെഷ്യല്‍ റൂള്‍ പ്രകാരം സ്ഥിര നിയമനത്തിനായി ശുപാര്‍ശ ചെയ്തതും വന്‍ വിവാദമായിരുന്നു. മുന്‍ എംപി ടി.എന്‍ സീമയുടെ ഭര്‍ത്താവും സി-ഡിറ്റ് മുന്‍ ഡയറക്ടറുമായ ജി. ജയരാജിന്റെ നേത്യത്വത്തില്‍ തയ്യാറാക്കിയ സ്പെഷ്യല്‍ റൂള്‍ വഴിയാണ് നാല്പതിലേറെ പുതിയ തസ്തികള്‍ നിര്‍മിച്ച് നിയമനത്തിനായി ഒരുങ്ങുന്നത്. സ്ഥാപനത്തിനകത്തും പുറത്തുമുള്ള ചിലരെ മുന്‍കൂട്ടി നിശ്ചയിച്ചാണ് നിയമനം നടത്താന്‍ തീരുമാനിക്കുന്നതെന്നാരോപിച്ചായിരുന്നു സി-ഡിറ്റ് എംപ്ലോയിസ് അസോസിയേഷന് പ്രതിഷേധം നടത്തിയത്. നിലവില്‍ സി-ഡിറ്റ് അംഗങ്ങളുടെ ശമ്പളത്തിനായി ബാങ്കില്‍ നിന്നു രണ്ടുകോടിയുടെ ഓവര്‍ ഡ്രാഫ്റ്റ് നല്‍കേണ്ട അവസ്ഥയിലാണ്. ഇതിനിടയിലാണ് സര്‍ക്കാരിനു അധിക ബാധ്യത വരുന്ന തരത്തില്‍ സ്വകാര്യ കമ്പനികളെ അതേ ചുമതലയിലേക്കു നിയോഗിക്കുന്നത്.
മുഖ്യനു പിആര്‍ ഇല്ല എന്നു മാത്രമല്ല ഭരണപക്ഷ മാധ്യമങ്ങള്‍ പറയുന്നത്. പ്രതിപക്ഷ നേതാവിനും സ്വന്തം പിആര്‍ സംഘമുണ്ട്. കോടികള്‍ ചെലവഴിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രതിച്ഛായ നന്നാക്കാനും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്താ സൃഷ്ടിക്കാനുമായാണ് ആ ഏജന്‍സി പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഈ സംഘത്തിന്റെ ചെലവുകള്‍ വഹിക്കുന്നത് അടുത്തിടെ ഗള്‍ഫില്‍ ഒരു കേസില്‍പ്പെട്ട വ്യവസായി ആണെന്നും കണ്ടെത്തുന്നു. പ്രതിപക്ഷ നേതാവിനെ ഏറെ ട്രോളിയ ‘ഉസ്മാന്’ ഫോണ്‍ വിളിയും ഇവരുടെ സൃഷ്ടിയാണെന്നും ഇതേ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാദിയും പ്രതിയുമെല്ലാം പിആര്‍ സംഘത്തിനാല്‍ പ്രതിച്ഛായ സൃഷ്ടിക്കായി എത്ര ശ്രമിച്ചാലും കേരളത്തിന്റെ പൊതു സമൂഹത്തില്‍ അതിനെല്ലാം എന്തു മാറ്റമുണ്ടാക്കാനാകുമെന്നു കണ്ടുതന്നെ അറിയണം.