KERALANEWSTop News

“ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാനാണ് താത്പര്യം”: ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ച് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ

പാലക്കാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ച് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാനാണ് താത്പര്യം. അതുകൊണ്ട് സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കാണിച്ച് രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് നൽകിയെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിൽ എംപിയായി മുഴുവൻ സമയവും പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനേറ്റ ക്ഷീണത്തിലും വിജയത്തിലും തനിക്ക് ഉത്തരവാദിത്വമുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.

പാർട്ടി നേരിടുന്ന വെല്ലുവിളി ഏറ്റെടുത്ത് പ്രവർത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇരട്ട പദവി ഒഴിവാക്കാനാണ് രാജിയെന്നും വിശദീകരിച്ചു. എംപിയായ ശേഷം പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ നിർണായകമാണെന്നും പുനഃസംഘടന വരുന്നത് വരെ തുടരണമെന്നും തന്നോട് ആവശ്യപ്പെട്ടു അതിനാലാണ് രാജിവെയ്ക്കാതിരുന്നന്ന് അദ്ദേഹം. എന്നാൽ പുനഃസംഘടന പല കാരണങ്ങളാൽ നീണ്ടുപോവുകയാണെന്നും എംപിയെന്ന നിലയിൽ ഭാരിച്ച ചുമതലകൾ ഉള്ളതിനാൽ അതിന് പൂർണ സമയം വിനിയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ഇന്ന് തന്നെ സ്വീകരിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.തുടർന്നും പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും താൻ സജീവമായി ഉണ്ടാകുമെന്ന് ഉറപ്പ് നൽകാൻ കൂടി ഈ സന്ദർഭം വിനിയോഗിക്കുന്നു. തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും ഭാഗത്ത് നിന്നുണ്ടായ സഹായ സഹകരണങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും ശ്രീകണ്ഠൻ രാജിക്കത്തിൽ പറയുന്നു.

കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാൻ എഐസിസിയുടെ തീരുമാനം. മുഴുവൻ ഡിസിസി പ്രസിഡൻ്റുമാരെയും മാറ്റും. ഒഴിയാൻ സന്നദ്ധത അറിയിച്ചവരോട് തൽക്കാലം തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുത്തുള്ള നേതൃനിരയെ കൊണ്ടുവരാനാണ് എഐസിസി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.താഴേത്തട്ട് മുതൽ തന്നെ അഴിച്ചുപണിയിലേക്ക് കോൺ​ഗ്രസ് പോകുകയാണ്. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ സ്ഥാനങ്ങളിലും പുതിയ ആളുകൾ വരും.

ചില ഡിസിസി പ്രസിഡന്റുമാർ രാജിസന്നദ്ധത അറിയിച്ചിരുന്നു. അവരോട് തൽക്കാലം തുടരാനുള്ള നിർദ്ദേശമാണ് എഐസിസി നൽകിയിരിക്കുന്നത്.ഇത്തവണത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകങ്ങൾക്കുൾപ്പടെ പ്രധാന പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എഐസിസിക്ക് നൽകിയ റിപ്പോർട്ടിലെ വിലയിരുത്തൽ. അഴിച്ചുപണി താഴേത്തട്ട് മുതൽ വേണമെന്ന ശുപാർശയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ഈ റിപ്പോർട്ടിന്മേലാണ് ഡിസിസികൾ പുനസംഘടിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എഐസിസി എത്തിയത്. അശോക് ചവാൻ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച കേരളത്തിലെത്തും.

ഈ സമിതി തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം ജില്ലാ ഘടകങ്ങളുടെ വീഴ്ചയും വിലയിരുത്തും.മിക്ക ഡിസിസി പ്രസിഡന്റുമാരും നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത് എന്ന് വിലയിരുത്തലുണ്ടായിരുന്നു. പലയിടത്തും ഡിസിസി പ്രസിഡന്റുമാർ പക്ഷപാതചപരമായ സമീപനം സ്വീകരിച്ചു എന്ന് സ്ഥാനാർത്ഥികൾ തന്നെ ആക്ഷേപം ഉന്നയിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇവർ ഇക്കാര്യം സംസ്ഥാന ഘടകത്തെയും എഐസിസി നേതൃത്വത്തെയുമൊക്കെ അറിയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close