KERALANEWSTop News

ജനപ്രതിനിധികളുടെ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ; മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കും; നിർത്തി വെച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

മഞ്ചേരി: മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ഇടപെടൽ ഫലം കണ്ടു. മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും ഓക്സിജൻ ഉത്പാദനശാല സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. രണ്ടിടങ്ങളിലും ഓക്സിജൻ പ്ലാന്റ് അനുവദിച്ചുകൊണ്ട് കേന്ദ്രസർക്കാർ പുതിയ പട്ടിക പുറത്തിറക്കി. അന്തരീക്ഷവായുവിൽനിന്ന് മിനിറ്റിൽ ആയിരം ലിറ്റർ ഓക്സിജൻ വേർതിരിച്ചെടുക്കാൻ ശേഷിയുള്ള ജനറേറ്റർ പ്ലാന്റുകളാണ് ഇവിടെ സ്ഥാപിക്കുക.

മഞ്ചേരിയിൽ ദേശീയപാത അതോറിറ്റിയുടെ നിർദേശപ്രകാരം ഓക്സിജൻശാല സ്ഥാപിക്കാൻ നേരത്തേ നിർമാണപ്രവൃത്തികൾ ആരംഭിച്ചിരുന്നു. എന്നാൽ പ്ലാന്റ് അനുവദിച്ചുകൊണ്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ ആദ്യപട്ടികയിൽ ജില്ല ഉൾപ്പെടാതെ പോയതോടെ നിർമാണം വഴിമുട്ടി. തുടർന്ന് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ചേർന്ന് നടത്തിയ ഇടപെടലിലൂടെയാണ് പദ്ധതിക്ക് വീണ്ടും വഴിയൊരുങ്ങിയത്.

മെഡിക്കൽകോളേജിന് ഓക്സിജൻ ഉത്പാദനശാല അനുവദിച്ചതോടെ നിർത്തിവെച്ച നിർമാണപ്രവൃത്തികൾ തിങ്കളാഴ്ച പുനരാരംഭിച്ചു. പ്ലാൻറ്് സ്ഥാപിക്കാൻ മെൻസ് ഹോസ്റ്റലിനു സമീപം 1500 ചതുരശ്രയടിയിൽ അഞ്ചുമീറ്റർ ഉയരത്തിൽ ഒറ്റനിലക്കെട്ടിടമാണ് പണിയുന്നത്. ഇതിന്റെ തറനിർമാണം പൂർത്തിയായതോടെയാണ് നിർമാണം നിർത്തിവെച്ചത്. ഇനി പന്ത്രണ്ട് പില്ലറുകളുടെയും മേൽക്കൂരയുടെയും നിർമാണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. പ്ലാന്റിനായി പ്രത്യേകം ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനുള്ള ജോലികളും ഇതിനൊപ്പം നടക്കും.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് പ്രവൃത്തി അടുത്ത ദിവസം പുനരാരംഭിക്കുമെന്നും തടസ്സം നീങ്ങിയെന്നും ഇ.ടി.മുഹമ്മദ് ബഷീർ എംപി അറിയിച്ചു. കേന്ദ്ര ആരോഗ്യ വകുപ്പ്, നാഷനൽ ഹൈവേ അതോറിറ്റി അധികൃതരുമായി എംപിമാരും ജില്ലാ ഭരണകൂടവും നടത്തിയ ഇടപെടലിനെ തുടർന്ന് ആണ് നടപടി. പണി തുടരാൻ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. മിനിറ്റിൽ 1500 ലീറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്ന ജോലി ഒരാഴ്ച മുൻപ് നിർത്തി വച്ചിരുന്നു. മലപ്പുറം മുൻഗണനാ പട്ടികയിൽ ഉൾപ്പെടാത്തതും പ്ലാന്റ് എത്താൻ കാലതാമസം നേരിട്ടതും ആണ് നിർത്താൻ കാരണം. അതേ സമയം പ്രവൃത്തി തുടങ്ങുന്നതിനു രേഖാമൂലം അറിയിപ്പ് ലഭിച്ചില്ലെന്ന് ആണ് സൂചന.

അതേസമയം, മെഡിക്കൽ കോളജ് ആശുപത്രിയിൽ 10,000 ലീറ്ററിന്റെ ഓക്സിജൻ സംഭരണി സ്ഥാപിച്ചതോടെ കോവിഡ് ചികിത്സയ്ക്ക് കൂടുതൽ ഓക്സിജൻ കിടക്കകളും വെന്റിലേറ്ററും ഒരുക്കും. സംഭരണിയിലേക്കു വിതരണ ലൈൻ പ്രവൃത്തി പൂർത്തീകരിച്ചാൽ ഒരാഴ്ചയോടെ പുതിയ കേന്ദ്രത്തിൽനിന്ന് ഓക്സിജൻ വിതരണം തുടങ്ങും. 4,000 ലീറ്റർ സംഭരണിയാണ് നിലവിലുള്ളത്. 10,000 ലീറ്റർ സംഭരണിയാണ് ഇന്നലെ ക്രെയിൻ സഹായത്തോടെ സ്ഥാപിച്ചത്. പുതിയ സംഭരണിയുടെ വിതരണ ലൈൻ വ്യാസം 52 എംഎൽ ആകും.

ഓക്സിജൻ പോയിന്റുകളുടെ എണ്ണവും കൂടും. അതിനാൽ കൂടുതൽ വാർഡുകളിലേക്കു ഓക്സിജൻ വിതരണം സാധ്യമാകും. പുതിയ സംഭരണിക്ക് പെസോ ‌‌(പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) അനുമതി ലഭിച്ച് ട്രയൽ റൺ നടത്തേണ്ടതുണ്ട്. നിലവിൽ 223 ഓക്സിജൻ കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മാറ്റിയിട്ടുള്ളത്. സംഭരണിശേഷി കൂടുന്നതോടെ 175 ഓക്സിജൻ കിടക്കകൾകൂടി പുതുതായി ക്രമീകരിക്കും. കെഎംഎസ്‌സിഎൽ മുഖേന 15 വെന്റിലേറ്റർ കഴിഞ്ഞ ദിവസം എത്തി. കൂടുതൽ വെന്റിലേറ്റർ സജ്ജമാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close