INDIA

ജനസംഖ്യാവര്‍ധക്കനുസൃതമായ വികസനവെല്ലുവിളികളെക്കുറിച്ച് ഉപരാഷ്ട്രപതിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാര്‍ലമെന്റേറിയന്‍സ് ഫോര്‍ പോപ്പുലേഷന്‍ ആന്റ് ഡവലപ്‌മെന്റ് (ഐഎപിപിഡി) പുറത്തുവിട്ട ‘സ്റ്റാറ്റസ് ഓഫ് സെക്സ് റേഷ്യോ അറ്റ് ബര്‍ത്ത് ഇന്‍ ഇന്‍ഡ്യ’, ‘എല്‍ഡേര്‍ലി പോപ്പുലേഷന്‍ ഇന്‍ ഇന്ത്യ: സ്റ്റാറ്റസ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റംസ്’ എന്നീ രണ്ട് റിപ്പോര്‍ട്ടുകള്‍ ഇന്ന് ഡല്‍ഹിയില്‍ വെര്‍ച്വലായി പുറത്തുവിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യ, വികസന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന് ഐഎപിപിഡിയെ പ്രശംസിച്ച അദ്ദേഹം, 2036 ഓടെ ഇന്ത്യയിലെ ജനസംഖ്യ 1.52 ബില്യണായി ഉയരുമെന്ന വിദഗ്ധരുടെ പ്രവചനങ്ങളും പരാമര്‍ശിച്ചു (2011 നെ അപേക്ഷിച്ച് 25 ശതമാനം).
അടിസ്ഥാന സേവനങ്ങള്‍ എത്തിക്കുന്നതിനെ പരാമര്‍ശിച്ച അദ്ദേഹം 20 ശതമാനം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയും തുല്യ അനുപാതത്തില്‍ത്തന്നെ നിരക്ഷരരുമുള്ള രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും പറഞ്ഞു. ഈ സാഹചര്യത്തില്‍, ജനങ്ങള്‍ അവരുടെ കുടുംബങ്ങളില്‍ തന്നെ ആസൂത്രണം തുടങ്ങേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. നമ്മുടെ വയോജനതയെ അവരുടെ പ്രായപരിധി ശേഷികള്‍ക്കനുസരിച്ച് സജ്ജരാക്കണമെന്ന് ശ്രീ നായിഡു ആഹ്വാനം ചെയ്തു. അതുവഴി അവര്‍ക്ക് കൂടുതല്‍ പ്രൊഫഷണല്‍ ജീവിതം നയിക്കാനും രാഷ്ട്രനിര്‍മ്മാണത്തില്‍ സംഭാവന നല്‍കാനും കഴിയും.
ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുകയും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ വയോജനതയുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് നമ്മുടെ ആരോഗ്യ സംവിധാനം തന്നെ പുന:ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഉപരാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. പെണ്‍കുട്ടികള്‍ക്കു സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊപ്പം പെണ്‍ ഭ്രൂണഹത്യയും സ്ത്രീധനവും നിരോധിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് മതിയായ സംവരണം ഉറപ്പാക്കണമെന്നും ശ്രീ നായിഡു പറഞ്ഞു. ഈ സുപ്രധാന വിഷയത്തില്‍ എത്രയും വേഗം സമവായത്തിലെത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചു. ഈ നിര്‍ദ്ദേശം ദീര്‍ഘകാലമായി തീര്‍പ്പുകല്‍പ്പിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഐഎപിപിഡി ചെയര്‍മാനും രാജ്യസഭയുടെ മുന്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ പ്രൊഫ. പി ജെ കുര്യനും ചടങ്ങില്‍ പങ്കെടുത്തു.

Show More

Related Articles

Back to top button
Close