ജനാധിപത്യമെന്ന് എഴുതാന്‍ അറിയാത്ത ജനാധിപത്യവാദികള്‍

സിന്ദൂരി വിജയന്
പാര്‍ട്ടിക്ലാസുകളില്‍ രാഷ്ട്രീയം പഠിപ്പിക്കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്ന കോണ്‍ഗ്രസ് പ്രമുഖര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ എഴുത്തുകളരികള്‍ ആരംഭിക്കേണ്ടതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ സസ്പന്ഷന് ലെറ്ററുകളില്‍ പോലും അക്ഷരത്തെറ്റ് അധികമാവുകയാണ്. വന്ന് വന്ന് ജനാധിപത്യം എന്നു പോലും തെറ്റില്ലാതെ എഴുതുവാന്‍ അറിയുന്നവര്‍ കുറവാണെന്നു തോന്നുന്നു പാര്‍ട്ടി ഓഫീസുകളില്‍. അക്ഷരത്തെറ്റുകളാല്‍ അലങ്കരിച്ച സസ്പന്ഷന് ലെറ്റര്‍ കൈപ്പറ്റിയിരിക്കുന്നത് നമ്മുടെ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി ടി.കെ.അലവിക്കുട്ടിയാണ്. കോവിഡില്‍ സര്‍ക്കാരിനെ പ്രശംസിച്ച് രംഗത്തുവന്നതാണ് സസ്പെന്റ് ചെയ്യാനുള്ള കാരണം. ഈ വിവരം അറിയിച്ചുകൊണ്ടുള്ള മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ കത്തിലാണ് അക്ഷരത്തെറ്റുകള്‍.
സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങളുടെ മികവിനെ ചൂണ്ടിക്കാട്ടി അലവിക്കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിനുള്ള മറുപടിയായാണ് സസ്പെന്ഷന് ഓര്ഡറടിച്ച് കൈയില്‍ കൊടുത്തത്. മുമ്പ് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന അലവിക്കുട്ടി പിന്നീട് പാര്‍ട്ടി മാറി കോണ്‍ഗ്രസിലെത്തിയതാണ്. പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും പഴയ ബന്ധങ്ങള്‍ ഉപേക്ഷിക്കാതെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി സന്ദര്ഭങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അലവിക്കുട്ടിയെ സസ്പെന്റ് ചെയ്യുകയാണെന്നും മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ വി.വി പ്രകാശാണ് സസ്പെന്ഷന് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ആ വാചകങ്ങളിലാണ് ഈ കണ്ട അക്ഷരത്തെറ്റുകള്‍ എല്ലാം. പ്രധാനശത്രുക്കളായി മുദ്രകുത്തിയിരിക്കുന്ന സിപിഎമ്മിന്റെ പേരു തന്നെയാണ് ആദ്യം തെറ്റിച്ചിരിക്കുന്നത്. ഇരട്ടച്ചങ്കുപോലെ അവര്‍ കൊണ്ടുനടന്നിരുന്ന എമ്മിന്റെ ഒരു ‘മ’ അങ്ങ് വെട്ടി. പോട്ടെ അത് മനഃപൂര്‍വ്വം ചെയ്തതാണെന്ന് കരുതാം. പക്ഷെ ഇങ്ങ് കേരളത്തിലും അങ്ങ് കേന്ദ്രത്തിലും നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന ജനാധിപത്യം തെറ്റിക്കാമോ, അത് തെറ്റിക്കുന്നത് സഹിക്കാനൊക്കുമോ, അതുമാത്രമല്ല ഇനിയുമുണ്ട് ഏപ്പോഴും സന്ദര്‍ഭാനുസരണം നയങ്ങള്‍ കൈകൊള്ളുന്ന ഇവര്‍ ‘സന്ദര്‍ഭം’ എന്ന വാക്കുതെറ്റിക്കുന്നത് എങ്ങനെ ന്യായികരിക്കാനാകും, പ്രതിച്ഛായയെ സ്വന്തം ജീവനെക്കാള്‍ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കിയിറങ്ങുന്നവര് പ്രതിച്ഛായയെ വെറും ‘പ്രതിച്ചായ’ ആക്കിയതും ഈ ലെറ്ററില്‍ നമ്മുക്ക് കാണാം. പല താത്പര്യങ്ങളെ മുന്‍ നിര്‍ത്തി എന്നും പ്രവര്‍ത്തിക്കുന്നവര്‍ താത്പര്യവും തെറ്റിച്ചു. ആറ് വാചകങ്ങള്‍ മാത്രമുള്ള സസ്പന്ഷന് ലെറ്ററിലാണ് ഈ തെറ്റുകള്‍ എന്ന് ഓര്‍ക്കണം. അക്ഷരത്തെറ്റുകള്‍ ആര്‍ക്കും ഉണ്ടാകാം. ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചിന്തിക്കുന്നവര്‍ ധാരാളമുണ്ട്. കാരണം മലയാളഭാഷയില്‍ വരുത്തുന്ന തെറ്റുകള്‍ ഇന്ന് നമ്മുടെ കേരളത്തില്‍ ഒരു അപമാന വിഷയമല്ല. പക്ഷെ ഇവിടെ അതല്ല വിഷയം. തങ്ങളില്‍ ഒരാളെ വിചാരണനടത്തി തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ശിക്ഷ വിധിച്ചിരിക്കുകയാണ് ഇവിടെ. തങ്ങള്‍ ചെയ്യുന്നത് പൂര്‍ണ്ണമായും ശരിയാണെന്ന് ഉറപ്പുവരുത്തുവാന്‍ ഒപ്പിട്ട് ഉത്തരവാക്കുന്നതിന് മുമ്പ് ഒന്നു കൂടി ഒന്ന് വായിച്ചുനോക്കിയിരുന്നുവെങ്കില്‍ ഈ തെറ്റുകള്‍ തിരുത്തപ്പെട്ടേനെ. തങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളുടെ ശരിയും തെറ്റും പരിശോധിച്ച് വിമര്‍ശിച്ച് ന്യായികരിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തി തീരുമാനമെടുക്കുന്നവര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ കുറയുന്നു എന്നതിന്റെ തെളിവുതന്നെയാണ് ഈ സസ്പന്ഷന് ലെറ്ററും അതിലെ അക്ഷരത്തെറ്റുകളും.