Breaking NewsHEALTHTop News

ജനിച്ചുവീഴുന്ന കുട്ടികൾക്ക് പോലും അം​ഗവൈകല്യം തരാൻ കരുത്തുള്ള ക്രൂരൻ; സിക്ക വൈറസിനെ കുറിച്ച് കൂടുതൽ അറിയാം; ഒപ്പം എങ്ങനെ പ്രതിരോധിക്കാമെന്നും

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനം ആശങ്കയിലാണ്. സംസ്ഥാന സർക്കാർ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനും പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടി ഇന്ന് ഉന്നതതല യോ​ഗം ചേരുന്നുണ്ട്.
സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതുവരെ 13പേരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭ പരിസരത്താണ് 13 കേസുകളുമെന്നാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനിയുടെയും ചിക്കുന്‍ഗുനിയയുടെയും ലക്ഷണങ്ങളാണ് ഇവരില്‍ കണ്ടതെങ്കിലും പരിശോധനയില്‍ രോഗം സ്ഥിരീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പുനയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് സിക്ക വൈറസ് ബാധ സ്ഥിരീകരണം. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെങ്കിലും ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
സിക വൈറസ്

“ഉഗാണ്ട വൈറസ്” ആണ് സിക്ക. ഡെങ്കി, യെല്ലോ ഫീവർ, വെസ്റ്റ് നൈൽ വൈറസുകളുടെ ജനുസ്സിൽ പെട്ട ആർഎൻഎ വൈറസ്. 1947 ൽ ഉഗാണ്ടയിലെ “സിക്ക” വനത്തിൽ ആണ് ഇതിനെ കണ്ടെത്തിയത്. കുരങ്ങുകളിൽ ആണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. പിന്നീട് 1952 ൽ ആദ്യമായി ഉഗാണ്ടയിൽ ഒരു മനുഷ്യനിൽ ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ 2007 വരെ ഈ വൈറസ് ആഫ്രിക്കയിൽ ഒതുങ്ങി നിന്നിരുന്നു. 2007 – 2016 കാലഘട്ടത്തിൽ ആണ് സിക്ക വൈറസ് പസിഫിക് സമുദ്രം കടന്ന് അമേരിക്കയിലെ പല സ്ഥലത്തും എത്തിയത്.

2015-16 വർഷങ്ങളിൽ എപ്പിഡെമിക് ആയി പടർന്നു. ബ്രസീലിൽ ആയിരുന്നു കൂടുതൽ രോഗബാധ. പിന്നെ പല രാജ്യങ്ങളിലും എത്തി. പക്ഷേ പടരുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളാണ് സിക്ക വൈറസ് ബാധിതരിലും കാണാറുള്ളത്. എന്നാൽ കൂടുതൽ പേരിലും ഒരു ലക്ഷണവും കാണില്ല. ലക്ഷണം ഉണ്ടായാൽ തന്നെ നേരിയ ലക്ഷണങ്ങൾ മാത്രം. പനി, ദേഹം വേദന, ചുവന്നു തടിപ്പ് തുടങ്ങിയ ഫ്ലൂ പോലുള്ള ലക്ഷണങ്ങൾ. കൊതുകുകൾ തന്നെയാണ് ഈ വൈറസുകളെയും മനുഷ്യ ശരീരത്തിൽ എത്തിക്കുന്നത്. ഡെങ്കി വൈറസിനെ പരത്തുന്ന “ഈഡിസ്” എന്ന ” പകൽ കൊതുക് ” ആണ് സിക്ക വൈറസിനെയും പരത്തുന്നത്.

രോഗം വന്ന ആളുടെ രക്തം കുടിക്കുമ്പോൾ വൈറസ് കൊതുകിന്റെ അന്ന നാളത്തിൽ എത്തുന്നു. 5 -10 ദിവസത്തിനുള്ളിൽ അത് പെരുകി കൊതുകിന്റെ ഉമിനീർ ഗ്രന്ധികളിൽ എത്തുന്നു. ഈ കൊതുക്, രോഗം ഇല്ലാത്ത ആളെ കടിക്കുമ്പോൾ വൈറസ് ത്വക്കിൽ ആദ്യം കടന്ന് അവിടെ വംശം വർദ്ധിപ്പിക്കുന്നു. പിന്നെ Lymph Node കളിൽ എത്തി അവിടെ വംശ വർദ്ധന നടത്തുന്നു. പനിയും, സന്ധി വേദനയും ഉണ്ടാക്കുന്നു. സാധാരണ ഗതിയിൽ ഗുരുതര രോഗം ഉണ്ടാക്കാറില്ല.

സിക്ക വൈറസിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല. കൊതുക് കടി ഏൽക്കാതെ നോക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം. ഒപ്പം നിരന്തരമായ കൊതുക് നശീകരണവും. വീട്ടിനുള്ളിൽ ഇരിക്കാൻ ഇഷ്ട്ടപെടുന്ന കൊതുകാണ് “ഈഡിസ്”. വെയിൽ ഇഷ്ട്ടമില്ല ( Photo phobia ) അതിന്. അതുകൊണ്ട് വീട്ടിൽ ഇരിക്കും. വെയിൽ കുറഞ്ഞ സമയം രാവിലെയും വൈകിട്ടും ആണ് കൂടുതൽ സജീവമായി രക്തം കുടിക്കാൻ എത്തുന്നത്. മഴ സമയത്തും ആക്റ്റീവ് ആകും. പുറകിൽ കൂടി വന്ന് കണങ്കാലിനു പുറകിൽ കടിക്കുന്നതാണ് സ്വഭാവം. കണ്ണിൽ പെടാതിരിക്കാനുള്ള സൂത്രമാണ്. രക്തം കുടിച്ചു പോയി കഴിയുമ്പോൾ ചൊറിച്ചിൽ വരുമ്പോഴാണ് കൊതുക് കടിച്ചു എന്നറിയുന്നത്.

അല്പം ശുദ്ധ ജലത്തിൽ മുട്ട ഇടാനാണ് ഈഡിസിന് ഇഷ്ട്ടം. അതുകൊണ്ട് “Container breeder” എന്ന് വിളിക്കുന്നു. കെട്ടി നിൽക്കുന്ന ഒരു തുള്ളി വെള്ളത്തിൽ പോലും മുട്ടയിടും. വീട്ടിലെ വെളിച്ചം കുറഞ്ഞ മൂലകളിൽ ഈഡിസ് പതുങ്ങി ഇരിക്കും. കട്ടിലിന്റെ അടിയിൽ, ഇട്ട വസ്ത്രങ്ങളിൽ , ടിവി കാണുന്ന കസേരയുടെ അടിയിൽ, ഒക്കെ വെയ്റ്റ് ചെയ്ത് ഇരിക്കും. ആൾ എത്തുമെന്ന പ്രതീക്ഷയോടെ. ആളുകൾ സ്ഥിരമായി ഇരിക്കുന്ന കസേരകളിൽ ഗന്ധം ഉണ്ടാകും. അത് തിരിച്ചറിഞ്ഞു കസേരയുടെ അടിയിൽ കാത്തിരിക്കും. ആൾ ഇരിക്കുമ്പോൾ കാലിന്റെ പുറകിൽ കടിക്കാൻ സൗകര്യത്തിന്. ആൾ എത്തിയാൽ പിന്നെ മിക്കവാറും കടിച്ചേ പൊകൂ. നല്ല വാശി ഉള്ള കൂട്ടത്തിൽ ആണ് ഈഡിസ് കൊതുകുകൾ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്നങ്ങളിലെത്തിക്കും. എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്. നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

കൊതുകു കടിയില്‍ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴില്‍ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close