TrendingWORLD

ജപ്പാനില്‍ വന്‍ നാശനഷ്ടം വിതച്ച് മെയ്സാക് ചുഴലിക്കാറ്റ്

ടോക്കിയോ: ജപ്പാനിലെ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങിയ ചരക്കുകപ്പലില്‍ നാല്‍പതിലധികം ജോലിക്കാരും 6000 കന്നുകാലികളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റില്‍ പെട്ട് നിയന്ത്രണം നഷ്ടപെട്ട കപ്പല്‍ മുങ്ങിയതായി രക്ഷപെട്ട ഒരു ജീവനക്കാരന്‍ വെളിപ്പെടുത്തി. ഈസ്റ്റ് ചൈന കടലിലെ മെയ്‌സാക് ചുഴലിക്കാറ്റില്‍ പെട്ട ഗള്‍ഫ് ലൈവ്‌സ്റ്റോക്ക് 1 കപ്പലില്‍ നിന്ന് ഒരു ദുരന്ത സൂചന അയച്ചിരുന്നു.

ബാക്കിയുള്ള ജോലിക്കാര്‍ക്കും കപ്പലിനുമായി തിരച്ചില്‍ തുടരുകയാണെങ്കിലും ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഫിലിപ്പൈന്‍സില്‍ നിന്നുള്ള 39 നാവികരും ന്യൂസിലാന്റില്‍ നിന്നുള്ള രണ്ട് നാവികരും ഓസ്ട്രേലിയയില്‍ നിന്നുള്ള രണ്ട് നാവികരും ചരക്കുകപ്പലില്‍ ഉള്‍പ്പെടുന്നു. ശക്തമായ തിരയില്‍ പെട്ട് കപ്പലിന്റെ എഞ്ചിന്‍ തകര്‍ന്നതാണ് മുങ്ങാനുണ്ടായ കാരണമെന്ന് ജാപ്പനീസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ലൈഫ് ജാക്കറ്റുകള്‍ ധരിക്കാന്‍ ക്രൂവിന് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നുവെന്ന് 45 കാരനായ ചീഫ് ഓഫീസര്‍ എഡ്വേര്‍ഡോ സരേനോ പറഞ്ഞു. താന്‍ രക്ഷപ്പെടുന്നതിന് മുമ്പ് മറ്റ് ക്രൂ അംഗങ്ങളെ കണ്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗള്‍ഫ് ലൈവ്സ്റ്റോക്ക് 1 ഓഗസ്റ്റ് 14 നാണ് ന്യൂസിലാന്റില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടത്. യാത്ര പൂര്‍ത്തീകരിക്കാന്‍ 17 ദിവസമെടുക്കുമെന്ന് ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജാപ്പനീസ് നഗരമായ ഒസാക്കയിലെ കോണ്‍സുലേറ്റ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ഫിലിപ്പൈന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. വരാനിരിക്കുന്ന ചുഴലിക്കാറ്റിന് മുമ്പായി രണ്ടാമത്തെ തിരച്ചില്‍ ആരംഭിക്കുകയാണെന്ന് ജാപ്പനീസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. തങ്ങളുടെ ക്രൂ അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് കോണ്‍സുലാര്‍ സഹായം നല്‍കുന്നുണ്ടെന്ന് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും അറിയിച്ചു.

കടലിലെ ഈ പ്രദേശത്തെ ചുഴലിക്കാറ്റ് കപ്പല്‍ യാത്രകള്‍ക്ക് വന്‍ തടസമാണ് സൃഷ്ടിക്കുന്നത്. ദക്ഷിണ കൊറിയന്‍ തുറമുഖ നഗരമായ ബുസാനില്‍ മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശുന്നത്. 2,200 ല്‍ അധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും 120,000 വീടുകളില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തു. ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയും ഫെറികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. വര്‍ഷങ്ങളായി ഈ പ്രദേശത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് മെയ്സാക്. കൊറിയന്‍ ഉപദ്വീപില്‍ ഈ വേനല്‍ക്കാലത്ത് വ്യാപകമായ വെള്ളപ്പൊക്കവും കാലാവര്‍ഷവും ഉണ്ടായതിന് പിന്നാലെയാണ് കൊടുങ്കാറ്റ് വീശുന്നത്.

Tags
Show More

Related Articles

Back to top button
Close