
പട്ന: ആര്‍ട്ടിക്കള്‍ 370 പ്രകാരം ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരികെ കൊണ്ടു വരാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറില്‍ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പരാമര്‍ശം.എല്ലാവരും ആര്‍ട്ടിക്കള്‍ 370 റദ്ദാക്കുന്നതിനാണ് കാത്തിരുന്നത്. എന്നാല്‍, അധികാരത്തിലെത്തിയാല്‍ അത് പുനഃസ്ഥാപിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം പ്രസ്താവനകള്‍ നടത്തി ബിഹാറില്‍ വോട്ട് തേടാന്‍ ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു. ഇത് ബിഹാറിനെ അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ സംരക്ഷിക്കാനായി നിരവധി മക്കളെ അതിര്‍ത്തിയിലേക്ക് പറഞ്ഞുവിട്ട സംസ്ഥാനമാണ് ബിഹാര്‍. ഗാല്‍വന്‍ താഴ്വരിയില്‍ ബിഹാറില്‍ നിന്നുള്ള ജവാന്മാരും വീരമൃത്യു വരിച്ചിട്ടുണ്ട്. അവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് കുനിക്കുകയാണെന്നും മോദി പറഞ്ഞു.ബിഹാറിലെ ജനങ്ങള്‍ കോവിഡിനെതിരെ നടത്തിയ പോരാട്ടത്തെ പ്രശംസിക്കുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാറും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. കര്‍ഷകരെ ചൂഷണം ചെയ്യുന്ന മധ്യവര്‍ത്തികളെയാണ് പ്രതിപക്ഷം പിന്തുണക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.