ശ്രീനഗര്‍: കഴിഞ്ഞ ദിവസങ്ങളില്‍ സേനാ താവളങ്ങള്‍ക്ക് സമീപം തുടര്‍ച്ചയായി ഡ്രോണിനെ കണ്ടതിന്റെ ആശങ്ക നിലനില്‍ക്കേ, വീണ്ടും സേനാ താവളത്തിന് സമീപത്തു കൂടെ ഡ്രോണ്‍ പറന്നു. ജമ്മുവിലെ സഞ്ജ്‌വാന്‍ സേനാ താവളത്തിന് സമീപമാണ് ഡ്രോണിനെ കണ്ടത്. . സേനാ താവളത്തിന് മുകളിലൂടെ രാത്രി 11.45നും പുലര്‍ച്ചെ 2.40നുമാണ് ഡ്രോണുകള്‍ പറന്നത്. കാലുചക്, കുഞ്ജ്‌വാനി, സഞ്ജ്‌വാന്‍ പ്രദേശങ്ങളിലാണ് സുരക്ഷാ സേന ഡ്രോണ്‍ പറക്കുന്നത് കണ്ടത്. ഇവയെ വെടിവച്ചിടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല
അല്‍പ്പസമയത്തിനകം ഡ്രോണ്‍ അപ്രത്യക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഡ്രോണിനെ കാണുന്നത്. സേനാ താവളങ്ങള്‍ക്ക് സമീപത്ത് കൂടെ ഡ്രോണ്‍ പറക്കുന്നത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ സേന കാണുന്നത്.
തിങ്കളാഴ്ച കാലുചക് സേനാ താവളത്തിന് സമീപത്ത് രണ്ടു ഡ്രോണുകള്‍ പറക്കുന്നതാണ് സുരക്ഷാ സേന കണ്ടത്. ഞായറാഴ്ച ജമ്മു വിമാനത്താവളത്തില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടകവസ്തുക്കള്‍ ഭീകരര്‍ വര്‍ഷിച്ചതെന്നാണ് വിലയിരുത്തല്‍. സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ്.