INDIA

ജമ്മു കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായിക്കുന്ന കാലത്തോളം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ഒമര്‍ അബ്ദുള്ള

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന സൂചന നല്‍കി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായിരിക്കുന്ന കാലത്തോളം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഒമര്‍ പറഞ്ഞു. ഭരണാഘടനാ അനുഛേദം 370 റദ്ദാക്കിയ മോഡി സര്‍ക്കാരിനോടുള്ള വിയോജിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘രാജ്യത്തെ ഏറ്റവും അധികാരമുള്ള നിയമസഭയില്‍ അംഗമായിരുന്ന താന്‍ ആറു വര്‍ഷത്തേക്ക് അവിടെ നേതാവുമായിരുന്നു. എന്നാല്‍ അധികാരം പരിമിതപ്പെടുത്തിയ ഒരു സഭയില്‍ അംഗമായിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒമര്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസില്‍’ എഴുതിയ ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കി ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ഇതിനോട് അനുബന്ധിച്ച് ഒമര്‍ അബ്ദുള്ള, പിതാവ് ഫാറൂഖ് അബ്ദുള്ള, പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. 232 ദിവസം തടവില്‍ കഴിഞ്ഞ ഒമര്‍ മാര്‍ച്ച് 24നാണ് മോചിതനായത്.

അനുഛേദം 370, 35എ എന്നിവ റദ്ദാക്കിയതു മാത്രമല്ല, ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിച്ച് അധികാരം ദുര്‍ബലപ്പെടുത്തിയെന്നും ഒമര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ ശിക്ഷിക്കാം എന്നതല്ലാതെ അതുകൊണ്ടുള്ള നേട്ടമെന്താണെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും ഒമര്‍ വിമര്‍ശിച്ചു.

ലഡാക്കിലെ ബുദ്ധമത വിശ്വാസികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക കേന്ദ്ര ഭരണ പ്രദേശമുണ്ടാക്കിയതെന്ന് പറയുന്നു. എന്നാല്‍ സംസ്ഥാന പദവി വേണമെന്ന ജമ്മു കശ്മീരിന്റെ ആവശ്യത്തിന് അതിലേറെ കാലമായി ആവശ്യമുയര്‍ന്നിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെങ്കില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയായ ലേ, കാര്‍ഗില്‍ എന്നിവയെ അവഗണിച്ചു. ജമ്മു കശ്മീരില്‍ നിന്ന് വേര്‍പെടുന്നതിനെ കാര്‍ഗിലിലെ ജനങ്ങള്‍ ശക്തമായി എതിര്‍ക്കുകയാണ്. -ഒമര്‍ ലേഖനത്തില്‍ പറയുന്നു.

Show More

Related Articles

Back to top button
Close