
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണവീടുകള്‍ക്കും ജലജീവന്‍ മിഷന് പദ്ധതി വഴി ടാപ്പിലൂടെ സ്ഥിരമായി കുടിവെള്ളമെത്തിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 21.42 ലക്ഷം വീടുകള്‍ക്കും ടാപ്പ് വഴി കുടിവെള്ളം നല്‍കും. ആദ്യഘട്ടത്തില്‍ 16.48 ലക്ഷം വീടുകള്‍ക്ക് കണക്ഷന് ലഭിക്കും. സംസ്ഥാനത്തെ ഗ്രാമീണ വീടുകളില്‍ 2024ഓടെ കുടിവെള്ള കണക്ഷന് ലഭ്യമാക്കാനായി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നു നടപ്പിലാക്കുന്ന ജലജീവന്‍ മിഷന് പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതിപട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം തുടക്കത്തില്‍ത്തന്നെ ലഭ്യമാകാന്‍ അവര്‍ക്ക് മുന്‍തൂക്കമുള്ള പഞ്ചായത്തുകളെ ആദ്യഘട്ടത്തില്‍ത്തന്നെ പദ്ധതിയില്പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സുതാര്യവും സമയബന്ധിതവുമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ 716 പഞ്ചായത്തുകളിലായി 4343.89 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. നിലവിലുള്ള പദ്ധതികളുടെ ശേഷി വര്‍ധിപ്പിച്ചും ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും ചിലതിന്റെ സ്രോതസ്സ് ശക്തിപ്പെടുത്തിയും കുടിവെള്ളം ലഭ്യമാക്കും. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ജലവിതരണ രംഗത്തെ നാഴികക്കല്ലാവും ജലജീവന്‍ മിഷന് പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന് കുട്ടി പറഞ്ഞു. സമ്പൂര്‍ണ കുടിവെള്ള ലഭ്യത എന്ന ഗ്രാമീണ ജനതയുടെ അവകാശം സ്ഥാപിച്ചുനല്‍കാനാണ് ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ നൂറുവര്‍ഷം കൊണ്ടു നല്കിയ കണക്ഷനുകള്‍ ഒരു വര്‍ഷം കൊണ്ട് ജലജീവന്‍ വഴി കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ള വിതരണം സാധ്യമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജലജീവന്‍ പദ്ധതിക്കായി പൂര്‍ണ സഹകരണവുമായി രംഗത്തുണ്ടാകുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന തദ്ദേശസ്വയംഭരണ വകുപ്പുമന്തി ശ്രീ.എ.സി.മൊയ്തീന് പറഞ്ഞു. വിവിധ ജില്ലകളില്‍ പ്രാദേശികമായി നടന്ന ജലജീവന്‍ മിഷന് പ്രവര്‍ത്തനോദ്ഘാടനങ്ങള്‍ നിയസഭ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്, മറ്റു മന്ത്രിമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.