
തിരുവനന്തപുരം: ജലജീവന്‍ പദ്ധതിക്കു കീഴിൽ 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം ഗാർഹിക കുടിവെള്ള കണക്ഷനുകൾ നല്‍കാനായുള്ള 4343.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. പിന്തുണപ്രവൃത്തനങ്ങൾക്കായുള്ള 59.11 കോടിയുടെ പദ്ധതികൾക്കും ഗുണനിലവാര നിരീക്ഷണത്തിനും പരിശോധനകൾക്കുമായുള്ള 45.68 കോടിയുടെ പദ്ധതികൾക്കും അനുമതി ലഭ്യമായിട്ടുണ്ട്.
ജലജീവൻ പദ്ധതിയിൽ പദ്ധതിത്തുകയുടെ 15 ശതമാനം വിഹിതം പഞ്ചായത്തുകളാണ് ചെലവിടേണ്ടത്. സ്വന്തം ഫണ്ട്, പ്ലാൻ ഫണ്ട്, പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് എന്നിവ പഞ്ചായത്തുകൾക്ക് പദ്ധതിവിഹിതം കണ്ടെത്താനായി വിനിയോഗിക്കാം. എംഎൽഎ ഫണ്ടും ഈ ആവശ്യത്തിന് ഉപയോഗിക്കാമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.