KERALATop News

ജലീലിന്റെ രാജിയ്ക്കായി വ്യാപക പ്രതിഷേധം, ലാത്തിച്ചാര്‍ജ്; വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് പരുക്ക്

കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കനത്ത പ്രതിഷേധം. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാര്‍ജില്‍ വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് പരുക്കേറ്റു.കൊച്ചി കടവന്ത്രയിലെ എന്‍ഐഎ ഓഫീസിലാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്. പുലര്‍ച്ചെ ആറോടെ ചോദ്യം ചെയ്യലിനായി ജലീല്‍ കൊച്ചിയിലെത്തി. അതിരാവിലെ തന്നെ ജലീല്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിലെത്തി. ആലുവ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എ.എം.യൂസഫിന്റെ വാഹനത്തിലാണ് ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസില്‍ എത്തിയത്. ബുധനാഴ്ച രാത്രി 1.30 യോടെയാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടതെന്ന് യൂസഫ് പറയുന്നു. കളമശേരി റസ്റ്റ് ഹൗസിലേക്ക് പുലര്‍ച്ചയോടെ വാഹനം എത്തിക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎ ഓഫീസിലേക്ക് പോകാനാണെന്ന് മന്ത്രി അറിയിച്ചിരുന്നതായും യൂസഫ് പറയുന്നു.

നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി ഖുറാന്‍ വിതരണം ചെയ്തതില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടോ, സ്വര്‍ണക്കടത്ത് കേസുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജലീലിനോട് ചോദിച്ചറിയുന്നത്. ജലീല്‍ എന്‍ഫോഴ്സ്മെന്റിനു നല്‍കിയ മൊഴി എന്‍ഐഎ നേരത്തെ പരിശോധിച്ചിരുന്നു. ഇഡി ഓഫീസിലെത്തിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മൊഴി പരിശോധിച്ചത്. അതിനു പിന്നാലെയാണ് മന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് അടക്കം പ്രതിഷേധം ശക്തമാണ്. സെക്രട്ടറിയേറ്റിലേക്ക് വിവിധ യുവജന സംഘടനകള്‍ മാര്‍ച്ച് നടത്തി. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വന്‍ പൊലീസ് സന്നാഹമുണ്ട്. മന്ത്രിയെ എന്‍.ഐ.എ. ഓഫീലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. എന്‍ഐഎ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്.കൊല്ലത്തും കോട്ടയത്തും കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തമായി. ഇരുസ്ഥലങ്ങളിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് നടന്ന പ്രതിഷേധത്തില്‍ വി.ടി.ബല്‍റാം എംഎല്‍എയ്ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.കോട്ടയം എസ്പി ഓഫീലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചും ലാത്തി ഉപയോഗിച്ചും പൊലീസ് നേരിട്ടു.യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച ഖുറാന്‍ വിതരണം ചെയ്തത് സാംസ്‌കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാല്‍ മതിയെന്നാണ് ജലീല്‍ നേരത്തെ നല്‍കിയ വിശദീകരണം. ”യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച ഖുറാനും റംസാന്‍ കിറ്റും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും അവരില്‍ നിന്ന് ഞാനെന്തെങ്കിലും സമ്മാനമോ പൈസയോ വാങ്ങിയോ എന്നുമായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നത്. ഞാന്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഒന്നു സ്വീകരിച്ചിട്ടില്ല. റംസാന്‍ കിറ്റ് വിതരണത്തില്‍ ഒരു പണമിടപാടും ഇല്ലായിരുന്നു. എന്റെ കൈകള്‍ ശുദ്ധമാണ്,” ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ജലീല്‍ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close