INDIANEWSTop News

ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രശാന്ത് ഭൂഷണ്‍; “പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്ഥാപനം ഇനി മുതല്‍ മരിച്ചതായി നമുക്ക് കണക്കാക്കാം”

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. പ്രവര്‍ത്തനം ഏകദേശം നിലച്ച ഒരു സ്ഥാപനം ഇനി മുതല്‍ മരിച്ചതായി നമുക്ക് കണക്കാക്കാം എന്നാണ് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ‘ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യവകാശ കമ്മീഷന്റെ അടുത്ത ചെയര്‍പേഴ്സണ്‍ ആകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച ഒരു സ്ഥാപനം പൂര്‍ണ്ണമായി മരിച്ചുവെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളോട് മോദി സര്‍ക്കാര്‍ ചെയ്യുന്നത് ഇതാണ്,’ ഭൂഷണ്‍ ട്വിറ്ററിലെഴുതിയതിങ്ങനെയാണ്. കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു. അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകും. ദേശീയ വനിതാ കമ്മീഷന്റെ അടുത്ത അധ്യക്ഷനായി രഞ്ജന്‍ ഗൊഗോയ് വന്നാല്‍ ആശ്ചര്യപ്പെടേണ്ടതില്ല, എന്നാണ് മഹുവ വിമര്‍ശിച്ചത്.

മനുഷ്യാവകാശ കമ്മിഷന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിലാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസായി വിരമിച്ച വ്യക്തിയാണ് അരുണ്‍ മിശ്ര.ദലിത്, ആദിവാസി വിഭാഗത്തില്‍ നിന്നോ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നോ ഉള്ള ആളെ കമ്മിഷന്‍ അധ്യക്ഷനാക്കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടെങ്കിലും സമിതി അംഗീകരിച്ചില്ല.

പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവിനു പുറമേ, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് എന്നിവരായിരുന്നു സമിതിയില്‍. ഖര്‍ഗെ ഒഴികെയുള്ളവര്‍ അരുണ്‍ മിശ്രയെ അധ്യക്ഷനാക്കണമെന്ന ശുപാര്‍ശ അംഗീകരിച്ചു. ഖര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close