
വിജയവാഡ:ജുഡീഷ്യറിക്കെതിരെ തുറന്ന യുദ്ധവുമായി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി. സുപ്രീംകോടതി മുതിര്‍ന്ന ജഡ്ജി എന്‍.വി രമണയ്ക്കും ആന്ധ്രാ ഹൈക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് ജഗന്മോഹന് റെഡ്ഡി കത്തയച്ചു.
ജസ്റ്റിസ് രമണ തുലുങ്ക് ദേശം പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുന്നു എന്നാണ് ജഗന്മോഹന് റെഡ്ഡിയുടെ പ്രധാന ആരോപണം. ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനാണ് ജസ്റ്റിസ് രമണയെന്നും നായിഡുവിന് അനുകൂലമായ വിധികള്‍ക്കായി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. സംസ്ഥാനത്ത് ജുഡീഷ്യറി പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് ജഗന്മോഹന് റെഡ്ഡി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു.
ജസ്റ്റിസ് രമണ ടിഡിപിയെ സഹായിച്ചത് സംബന്ധിച്ച തെളിവുകള്‍ ചീഫ് ജസ്റ്റിസിന് കൈമാറിയെന്ന് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകന് അജെയ കല്ലം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യറിയോട് ബഹുമാനമാണെന്നും ചില ജഡ്ജിമാരെ തുറന്നുകാട്ടുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പരാതിപ്പെട്ടിട്ടുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ ഭൂമി ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിനും ജഗന്മോഹന് റെഡ്ഡി കത്തയച്ചിരുന്നു.