Breaking NewsCovid UpdatesKERALA

ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്നവർക്ക് ഒരാഴ്ചത്തേക്ക് പാസ് : മുഖ്യമന്ത്രി

അനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയിൽ ഉള്ളവർക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി അതതു സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയാണ് സമീപിക്കേണ്ടത്.
ജില്ല വിട്ടു യാത്ര ചെയ്യുന്നതിന് പാസ് ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തിലൂടെ പാസ് ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് പാസിന്റെ മാതൃക പൂരിപ്പിച്ച് അതുമായി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ സമീപിച്ചു നേരിട്ട് പാസ് വാങ്ങാം.
വിദേശങ്ങളിൽ നിന്ന് ഇന്നലെ വിമാനത്താവളങ്ങളിൽ വന്നവരെ വീടുകളിലും ക്വാറൻറൈൻ കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ പൊലീസ് ഒരുക്കിയിരുന്നു. ഈ സംവിധാനം വരും ദിവസങ്ങളിലും തുടരും. ജോലിക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും വിമാനത്താവളങ്ങളിലേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ക്വാറൻറൈൻ സൗകര്യം ഒരുക്കാൻ ഹോട്ടലുകൾ ദുരന്തനിവാരണ നിയമം അനുസരിച്ച് ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.
ലോക്ഡൗൺ ഘട്ടത്തിൽ ഓട്ടോറിക്ഷകൾക്ക് ഓടാൻ അനുവാദമില്ല. ചെറിയ ആവശ്യങ്ങൾക്ക് ഓട്ടോ അനുവദിക്കാമോ എന്ന് കേന്ദ്ര സർക്കാരിനോട് ആരായും.
തിരിച്ചെത്തിയ പ്രവാസികളെ വീട്ടിൽ ചെന്ന് ചില ദൃശ്യമാധ്യമങ്ങൾ ഇൻറർവ്യു ചെയ്യുന്നത് ആരോഗ്യകരമല്ല. എല്ലാവരുടെയും സുരക്ഷയെ കരുതി മാധ്യമങ്ങൾ കൃത്യമായ നിയന്ത്രണം പാലിക്കണം.
അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യാർത്ഥം അന്തർജില്ലാ യാത്രകൾക്ക് അനുവാദം നൽകും. കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഡ്വക്കേറ്റുമാർക്ക് ഹാജരാകാൻ സൗകര്യമുണ്ടാക്കും. മുതിർന്ന പത്രപ്രവർത്തകരുടെ പെൻഷൻ ബാങ്കുകൾ വഴി വിതരണമെന്ന ആവശ്യം പരിശോധിച്ച് നടപടിയെടുക്കും.
പെൻഷൻ, ക്ഷേമനിധികളുടെ ആനുകൂല്യം ലഭിക്കാത്തവർക്ക് സർക്കാർ ആയിരം രൂപ വീതം സഹായം നൽകുന്നെതിന്റെ വിതരണം സഹകരണവകുപ്പ് അടുത്ത വ്യാഴാഴ്ച (മെയ് 14) ആരംഭിക്കും. മെയ് 25നകം വിതരണം പൂർത്തിയാക്കും.
സംസ്ഥാനത്ത് കോവിഡ് കാലത്തിനുശേഷമുള്ള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ‘സുഭിക്ഷ കേരളം’ പദ്ധതി വഴി ഒരുവർഷം കൊണ്ട് 3,860 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി എന്നീ മേഖലകളിൽ വിവിധ വകുപ്പുകൾ ഒന്നിച്ച് നടപ്പാക്കുന്ന ഈ പദ്ധതി വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
തരിശുനിലങ്ങളിൽ കൃഷിയിറക്കുക, ഉൽപാദനവർധനയിലൂടെ കർഷകർക്ക് വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ഈ ബൃഹദ് പദ്ധതിയിലൂടെ നമുക്ക് ഇന്നത്തെ പ്രയാസങ്ങളെ അതിജീവിക്കാൻ കഴിയണം.
വിശാഖപട്ടണത്തുണ്ടായ വിഷവാതകച്ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രാസവസ്തു ശാലകളിലും ലോക്ക്ഡൗണിനുശേഷം തുറക്കേണ്ട ഇതര വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തും. ഇതിൽ വ്യവസായവകുപ്പ് ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്.
സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. അത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പൂർണതോതിൽ പുനരാരംഭിച്ചാലേ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുകയുള്ളു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണസംവിധാനത്തെ സഹായിക്കാൻ സീനിയർ തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ നിർദേശിച്ചത് വിവേചനപൂർവം നടപ്പാക്കും. തുടർച്ചയായി പ്രവർത്തിക്കേണ്ട വ്യവസായങ്ങൾക്ക് ഇളവുനൽകും. അവശ്യംവേണ്ട ഭക്ഷണശാലകൾക്കും ഇളവ് നൽകിയിട്ടുണ്ട്.
വിദേശങ്ങളിൽനിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്ക് സൗജന്യ 4ജി സിം സർവീസ് നൽകാമെന്ന് എയർടെൽ അറിയിച്ചിട്ടുണ്ട്. സൗജന്യ ഡാറ്റാ ടോക്ക്ടൈം സേവനം ഉണ്ടാകുമെന്ന് ഭാരതി എയർടെൽ ലിമിറ്റഡ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ കുത്തക കമ്പനികൾ വികസിപ്പിച്ചാൽ പേറ്റൻറ് ചെയ്ത് സാധാരണക്കാർക്ക് താങ്ങാനാവാത്ത വൻ വിലയ്ക്കായിരിക്കും മാർക്കറ്റ് ചെയ്യുക. ഇതിനു ബദലായി പരസ്പര സഹകരണത്തിന്റെയും പങ്കിടലിന്റെയും അടിസ്ഥാനത്തിൽ ശക്തിപ്പെടുന്ന ഓപ്പൺസോഴ്സ് കോവിഡ് പ്രസ്ഥാനത്തിന് കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close