ജീവനക്കാരില്ലാതെ പരിതാപകരമായ അവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണംകൂടി വരുമ്പോള്‍ രോഗികളെ പരിചരിക്കാന്‍ കഷ്ടത്തിലായിരിക്കുകയാണ് ആളില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി. സ്റ്റാഫ് നഴ്സ് അടക്കം 1723 ജീവനക്കാരുടെ കുറവ് നികത്താന്‍ ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ കാത്തിരിക്കുകയാണ് അധികൃതര്‍. ഐസിയുകളിലും വാര്‍ഡുകളിലും വരെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമമാണ് നിലവിലുള്ളത്. 69 കൊവിഡ് വെന്റിലേറ്ററുകള്‍ നോക്കാന്‍ 268 സ്റ്റാഫ് നഴ്സ് വേണ്ടിടത്ത് 119 പേരുടെ കുറവാണുള്ളത്. 19 കിടക്കകളുള്ള മെഡിക്കല്‍ ഐസിയുവില്‍ 35 സ്റ്റാഫ് നഴ്സ് വേണമെന്നിരിക്കെ ഉള്ളത് 20 പേര് മാത്രവും. രോഗിയെ പുഴുവരിച്ച ആറാം വാര്‍ഡിലും ആവശ്യമുള്ളതിന്റെ പകുതി നഴ്സുമാരേ ഡ്യൂട്ടിക്ക് ഉള്ളൂ.1954 കിടക്കകളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. ദിവസേന ശരാശരി 500ലധികം രോഗികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. സൂക്ഷ്മ പരിചരണം വേണ്ട ഗുരുതരാവസ്ഥയിലുള്ളവരാണ് കൊവിഡ് വിഭാഗത്തില്‍ ചികിത്സക്കെത്തുന്നത്. ഇവിടെയാണ് ജീവനക്കാരുടെ എണ്ണം പരിതാപകരമായ അവസ്ഥയില്‍ തുടരുന്നത്.കൊവിഡ് വിഭാഗത്തില്‍ 368ഉം കൊവിഡ് ഇതര വിഭാഗത്തില്‍ 490ഉം സ്റ്റാഫ് നഴ്സിന്റെ മാത്രം കുറവ്. നഴ്സിങ് അസിസ്റ്റന്റിന്റെ കാര്യത്തില്‍ കൊവിഡ് വിഭാഗത്തില്‍ 196ഉം ഇതര വിഭാഗത്തില്‍ 261ഉം പേര് കൂടി വേണം. ശുചീകരണത്തൊഴിലാളികളുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്. കൊവിഡായതിനാല്‍ രോഗികള്‍ക്ക് കൂട്ടിരിപ്പുകാര്‍ ഇല്ല. ഈ അധികഭാരം കൂടി നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ചുമലിലാണ്. മൊത്തം 1723 ജീവനക്കാര്‍ കൂടി അധികമായി വേണ്ട സാഹചര്യമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്.കിടക്കകളുടെ എണ്ണം കൂട്ടുന്നതിന് പുറമെ 104 ഐസിയു കിടക്കകളുമായി മള്‍ട്ടി സ്പെഷ്യലിറ്റി ബ്ലോക്കും 150 കിടക്കകളുമായി 27,28 വാര്‍ഡുകളും പ്രവര്‍ത്തിക്കുന്നതും അതിരൂക്ഷമായ ആള്‍ക്ഷാമത്തിനിടെയാണ്. 70 കിടക്കകളുള്ള ഏഴാം വാര്‍ഡില്‍ 30 നഴ്സുമാര്‍ വേണ്ടിടത്ത് ഉള്ളത് 9 പേര് മാത്രം. 21 പേരുടെ കുറവ്. എന്‍.എച്ച്.എം, ഡിഎംഇ അടക്കം കിട്ടാവുന്നിടത്ത് നിന്നെല്ലാം എടുത്തിട്ടും ആള്‍ക്ഷാമം നികത്താനാവുന്നില്ലെന്നത് ഗുരുതര പ്രതിസന്ധിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാക്കുന്നത്.