Breaking NewsKERALANEWSTrending

ജീവനായ മകളെ ശരീരത്തോട് ചേർത്തമക്കി ശ്വാസം മുട്ടിച്ചു; മരിച്ചെന്ന് കരുതി പുഴയിലെറിഞ്ഞു; ക്രൂരത ചെയ്തത് ലോകത്ത് മകൾ ഒറ്റപ്പെടാതിരിക്കാൻ; എല്ലാത്തിനും കാരണം കടബാധ്യത; സനു മോഹൻ തിരോധാനക്കേസ് വൈ​ഗ കൊലക്കേസായി മാറിയ മൊഴി ഇങ്ങനെ

കൊച്ചി: കടബാധ്യത മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും മകൾ അനാഥമാകരുതെന്ന് കരുതിയാണ് അവളെ കൊലപ്പെടുത്തിയതെന്നും സനു മോഹൻ. കട ബാധ്യത തലയ്ക്ക് മുകളിൽ കെണിയായി വന്നപ്പോൾ ജീവനൊടുക്കാൻ തീരുമാനിച്ചു. എന്നാൽ, താനില്ലാത്ത ലോകത്ത് മകൾ എങ്ങനെ ജീവിക്കും എന്ന ചിന്തയിൽ നിന്നാണ് വൈ​ഗയെ കൊലപ്പെടുത്തിയതെന്നും സനു മോഹൻ പറഞ്ഞു. കാര്യങ്ങളെല്ലാം മകളോട് പറഞ്ഞിരുന്നെന്നും ശരീരത്തോട് ചേർത്ത് നിർത്തി ശ്വാസം മുട്ടിക്കുകയായിരുന്നെന്നും അയാൾ വ്യക്തമാക്കി. മരിച്ചെന്ന് കരുതിയാണ് ബെഡ്ഷിറ്റിൽ പൊതിഞ്ഞ് കാറിലേക്ക് കൊണ്ടുപോയത്. പുഴയിലെറിയുമ്പോൾ മകൾക്ക് ജീവനുണ്ടായിരുന്നു എന്ന് തനിക്കറിയുമായിരുന്നില്ല എന്നാണ് സനുവിന്റെ മൊഴിയിൽ പറയുന്നത്. താൻ ഒളിവിൽ പോയതല്ലെന്നാണ് സനു മോഹൻ വ്യക്തമാക്കുന്നത്.

താനാണ് മകൾ വൈ​ഗയെ പുഴയിലെറിഞ്ഞതെന്ന് സനു മോഹൻ പൊലീസിനോട് പറഞ്ഞു. മകളെ പുഴയിലെറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ തനിക്ക് അതിന് കഴിഞ്ഞില്ലെന്നും സനു മോഹൻ വ്യക്തമാക്കി. ഇതോടെ വൈ​ഗയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുക്കും. നിലവിൽ സനുമോഹൻ തിരോധാനം മാത്രമായിരുന്നു പൊലീസ് അന്വേഷിച്ചത്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത ശേഷമാകും സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തുക.

കർണാടക കാർവാറിൽനിന്ന് പിടിയിലായ സനു മോഹനെ ഇന്നലെ രാത്രി വൈകിയാണു കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെവച്ചു സനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പുലർച്ചെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം, സനു മോഹന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇന്ന് 11.30ന് പൊലീസ് മാധ്യമങ്ങളെ കാണും. സനു മോഹന്റെ ഭാര്യയും ഇന്ന് മാധ്യമങ്ങളോട് പ്രതികരിക്കും എന്നാണ് റിപ്പോർട്ടുകൾ.

തനിക്കും ചിലത് പറയാനുണ്ടെന്ന് സനുമോഹന്റെ ഭാ​ര്യ വെളിപ്പെടുത്തി. ഭർത്താവിന്റെ അറസ്റ്റ് വിവരങ്ങൾ പൂർണമായും പുറത്ത് വന്നതിന് ശേഷമാണ് രമ്യയുടെ പ്രതികരണം. ആലപ്പുഴയിലെ രഹസ്യ കേന്ദ്രത്തിൽ പൊലീസ് നിരീക്ഷണത്തിലാണ് ഇവരെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. രമ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, ഇന്നലെ പൊലീസ് പിടിയിലായ സനു മോഹനെ കൊച്ചിയിലെത്തിച്ചു.

കഴിഞ്ഞ ദിവസമാണ് സനു മോഹനെ ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നും കര്‍ണാടക പോലീസ് പിടികൂടിയത്. ഇന്ന് വെളുപ്പിനെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. ഇന്ന് സനു മോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 28 ദിവസത്തെ തിരച്ചിലിനൊടുവിലാണ് സനു മോഹൻ പൊലീസിന്റെ വലയിലാകുന്നത്.

ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും.സനു മോഹന്‍ കൊല്ലൂരിലുണ്ടെന്ന് വെള്ളിയാഴ്ച വിവരം ലഭിച്ചതോടെ കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘം പുറപ്പെട്ടിരുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതിനിടെയാണ് പിടിയിലായത്. കര്‍ണാടക പോലീസ് സനുവിനെ കൊച്ചി സിറ്റി പോലീസിന് കൈമാറി. ഞായറാഴ്ച രാത്രിതന്നെ സനുവിനെകൂട്ടി പോലീസ് കൊച്ചിയിലേക്ക് തിരിച്ചിരുന്നു.

കൊല്ലൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന സനു ഹോട്ടലില്‍ പണംനല്‍കാതെ മുങ്ങിയതിനെത്തുടര്‍ന്ന് കൊല്ലൂര്‍ ബീന റെസിഡന്‍സി ജീവനക്കാര്‍ പോലീസിനെ അറിയിച്ചു. സനു ഹോട്ടലില്‍ നല്‍കിയ ആധാര്‍വിവരങ്ങള്‍ പരിശോധിച്ച് കര്‍ണാടക പോലീസ് കേരള പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ സനു ഉഡുപ്പിയിലേക്കാണ് പോയതെന്ന് മനസ്സിലായി. അയാള്‍ സഞ്ചരിച്ച ബസും കണ്ടെത്തി. സനുവിനെ പിന്തുടര്‍ന്ന് കാര്‍വാറില്‍വെച്ച് പിടികൂടുകയായിരുന്നു.

മാര്‍ച്ച് 21-ന് രാത്രിയാണ് സനു മോഹനെയും മകള്‍ വൈഗയെയും കാണാതായത്. അന്ന് വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനുവും കുടുംബവും ചെന്നിരുന്നു. ഭാര്യ രമ്യയെ അവിടെയാക്കിയശേഷം മറ്റൊരു വീട്ടില്‍ പോയിവരാമെന്ന് പറഞ്ഞ് സനു വൈഗയെയും കൂട്ടി ഇറങ്ങുകയായിരുന്നു. അര്‍ധരാത്രിയായിട്ടും കാണാതായതോടെ അന്വേഷണം തുടങ്ങി. കങ്ങരപ്പടി ഫ്‌ളാറ്റില്‍ എത്തി തിരക്കിയപ്പോഴാണ് രാത്രി 9.30-ന് ഫ്‌ളാറ്റില്‍ എത്തിയതായും കുറച്ചുകഴിഞ്ഞപ്പോള്‍ കാറുമായി പുറത്തുപോയതായും വിവരം ലഭിച്ചത്. വൈഗയെ പിറ്റേന്ന് ഇടപ്പള്ളി മുട്ടാര്‍പ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കേരള പോലീസിനെ 28 ദിവസമാണ് സനു മോഹന്‍ വട്ടം കറക്കിയത്. വൈഗയുടെ മൃതദേഹം കണ്ടെത്തിയതുമുതലാണ് അന്വേഷണം തുടങ്ങിയത്.

വൈഗയുടേതു മുങ്ങി മരണമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, വൈഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിൽ രക്തത്തിൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. വൈഗയെ നിർബന്ധിച്ചു മദ്യം കഴിപ്പിച്ചതായിരിക്കാമെന്നാണു പൊലീസ് നിഗമനം.

വൈ​ഗ കൊലക്കേസ് നാൾവഴി ഇങ്ങനെ

2021 മാർച്ച് 21 വൈകീട്ട്- ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് വൈഗയുമായി സനു മോഹൻ കാറിൽ കൊച്ചിയിലേക്ക് തിരിച്ചു.

മാർച്ച് 21 രാത്രി 9.30- കങ്ങരപ്പടി ശ്രീ ഗോകുലം ഹാർമണി ബീറ്റ ഗ്രീൻ 6എ ഫ്ലാറ്റിലെത്തി, ഇവിടെനിന്ന് വൈഗയുമായി കാറിൽ പുറത്തേക്ക്.

മാർച്ച് 22 പുലർച്ചെ രണ്ട്- സനു മോഹന്റെ വാഹനം വാളയാർ ചെക്ക് പോസ്റ്റ് കടന്നു.

മാർച്ച് 22 രാവിലെ- സനുമോഹനെയും വൈഗയെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തൃക്കാക്കര പോലീസിൽ പരാതിനൽകി.

മാർച്ച് 22 ഉച്ചയ്ക്ക് 12- വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽനിന്ന് കണ്ടെത്തി. സനു മോഹനായി പുഴയിൽ തിരച്ചിൽ.

മാർച്ച് 23- വൈഗയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.

മാർച്ച് 24 വൈകിട്ട്- സനു മോഹനായുള്ള പുഴയിലെ തിരച്ചിൽ ഫയർഫോഴ്‌സ് അവസാനിപ്പിച്ചു. സനു മോഹന്റെ ‘കെ.എൽ 07, സി.ക്യു. 8571’ നമ്പർ കാർ വാളയാർ ചെക്‌പോസ്റ്റ് കടന്ന വിവരം ലഭിച്ചു.

മാർച്ച് 25- സനു മോഹനെ കണ്ടെത്തുന്നതിനായി ആദ്യ പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക്, രണ്ട് സംഘങ്ങൾ എറണാകുളത്തും തൃശ്ശൂരും തിരച്ചിൽ തുടങ്ങി.

മാർച്ച് 29- തമിഴ്‌നാട് കോയമ്പത്തൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സംഘം മടങ്ങി, സനു മോഹന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു.

മാർച്ച് 30- സനു മോഹനെ തേടി രണ്ടാമത്തെ സംഘം തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു.

ഏപ്രിൽ 2- രണ്ടാമത്ത സംഘം കോയമ്പത്തൂരിൽനിന്ന് ചെന്നൈയിലേക്ക്, പോലീസ് സനു മോഹന്റെയും കാറിന്റെയും ചിത്രവും അടക്കം ചേർത്ത് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഏപ്രിൽ 3- സനു മോഹന്റെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിന് 12 ബാങ്കുകൾക്ക് പോലീസ് നോട്ടീസയച്ചു.

ഏപ്രിൽ 6- സനു മോഹനായി മലപ്പുറത്തും തിരുവനന്തപുരത്തും തിരച്ചിൽ

ഏപ്രിൽ 14- ലുക്ക് ഔട്ട് നോട്ടീസ് മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽ കൂടി പുറപ്പെടുവിച്ചു.

ഏപ്രിൽ 10- കൊല്ലൂർ ബീന റെസിഡൻസിയിൽ സനു മോഹൻ മുറി വാടകയ്ക്ക് എടുത്ത് താമസം. അന്നുതന്നെ കങ്ങരപ്പടിയിലെ ഫ്ളാറ്റിൽ കൊച്ചി സിറ്റി ഡി.സി.പിയുടെ നേതൃത്വത്തിൽ പരിശോധന.

ഏപ്രിൽ 16 രാവിലെ 8.30- ലോഡ്ജിൽ നിന്നിറങ്ങി. സനു മോഹൻ ബസിൽ ഉഡുപ്പിയിലേക്ക്

ഏപ്രിൽ 18-ന് പുലർച്ചെ- യാത്രയ്ക്കിടെ കാർവാറിൽനിന്ന് കർണാടക പോലീസ് പിടികൂടി കൊച്ചി സിറ്റി പോലീസിന് കൈമാറി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close