KERALANEWS

ജീവിത സായന്തനത്തിൽ കൂട്ടായി കുഞ്ഞുവേണമെന്ന ആ​ഗ്രഹം; മെഡിക്കൽ സയൻസിന്റെ സഹായത്തോടെ ആ​ഗ്രഹം സാധിച്ചെങ്കിലും വിധി കാട്ടിയത് ക്രൂരത; ഭവാനി ടീച്ചറും സുധർമ്മയും മലയാളികളുടെ മനസ്സിലെ നോവായി മാറുന്നത് ഇങ്ങനെ

ആലപ്പുഴ: എഴുപത്തൊന്നുകാരിയായ സുധർമ്മയുടെ 45 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മരണവാർത്ത അറിയുമ്പോൾ മലയാളികൾളുടെ മനസ്സിൽ നിറയുന്നത് സമാനമായ മാതൃദുഖവും പേറി ജീവിതതാലം കഴിച്ചുകൂട്ടിയ ഭവാനി ടീച്ചറുടെ ഓർമ്മകൾ. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മക്ക് വൈകി കിട്ടിയ തന്റെ പൊന്നോമനയെ താലോലിക്കാൻ 45 ദിവസങ്ങളാണ് കിട്ടിയതെങ്കിൽ, ആലപ്പുഴ സ്വദേശിനായ ഭവാനിയമ്മക്ക് താൻ അറുപതാം വയസിൽ ജന്മം നൽകിയ കണ്ണനെ താലോലിക്കാൻ രണ്ടുവർഷം കഴിഞ്ഞിരുന്നു എന്ന വ്യത്യാസം മാത്രം.

ഒരു കുഞ്ഞിനെ ലഭിക്കാനുള്ള ആഗ്രഹത്തിൽ ടെസ്റ്റ്യൂബ് ഗര്‍ഭധാരണത്തിലൂടെ തന്റെ അറുപതാം വയസ്സിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ ഭവാനിയമ്മ വാർത്തകളിൽ സ്ഥാനം പിടിക്കുന്നത് 18 വർഷങ്ങൾക്ക് മുൻപാണ്. അന്ന് നൊന്തു പ്രസവിച്ച മകനെ ചേർത്തു കിടത്തി ആശുപത്രിക്കിടക്കയിൽ മാതൃത്വത്തിന്റെ ആനന്ദക്കണ്ണീർ ആസ്വദിച്ചു കിടന്ന ആ അമ്മയെ മലയാളികൾ ഒന്നടങ്കം ഹൃദയത്തിൽ ഏറ്റെടുത്തു. ഭവാനിയമ്മ അങ്ങനെ കേരളത്തിന്റെ മുഴുവൻ അമ്മയായി.

ആലപ്പുഴ സ്വദേശിനായ ഭവാനിയമ്മ, നാട്ടുകാർക്കെല്ലാം ഭവാനി ടീച്ചറായിരുന്നു. ആദ്യവിവാഹത്തിൽ ഒരു കുഞ്ഞു ജനിക്കാതെ വന്നപ്പോൾ, ഭവാനിയമ്മ രണ്ടാമതും വിവാഹം കഴിച്ചു. അതും ആദ്യ ഭർത്താവിന്റെ നിർബന്ധപ്രകാരം. എന്നാൽ, രണ്ടാം വിവാഹത്തിലും അവർക്ക് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യമുണ്ടായില്ല. ഭർത്താവിനെക്കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച് അതിൽ ജനിച്ച കുഞ്ഞിനെ താലോലിക്കാനുള്ള അവസരവും ഭവാനിയമ്മക്ക് നിഷേധിക്കപ്പെട്ടതോടെ, വന്ധ്യതാ ചികിത്സയിലേക്ക് കടക്കുകയായിരുന്നു അവർ.

അങ്ങനെ തന്റെ അറുപതാം വയസ്സിൽ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഒരു ആൺകുഞ്ഞിന് ഭവാനിയമ്മ ജന്മം നൽകിയെങ്കിലും വിധി അവിടെയും അവർക്ക് തിരിച്ചടികൾ മാത്രമാണ് സമ്മാനിച്ചത്. സ്വന്തം മകനോടൊപ്പം സ്വസ്ഥമായൊരു ജീവിതത്തിലേക്ക് കടന്ന ഭവാനിയമ്മയുടെ ജീവിതത്തിൽ വിധി തിരിച്ചടി നടത്തിയത് കണ്ണന്റെ മരണത്തിന്റെ രൂപത്തിലായിരുന്നു. മുറ്റത്ത് വെള്ളം നിറച്ചു വച്ച ബക്കറ്റിൽ വീണു കണ്ണൻ മരിക്കുമ്പോൾ ആ കുരുന്നിനു പ്രായം രണ്ടു വയസ്സ്. മകൻ നഷ്ടപ്പെട്ട വേദനയും പേറി ജീവിച്ച ഭവാനിയമ്മ 2018ലാണ് മരിക്കുന്നത്.

സുധർമ്മയുടെ ദുഖം ഇങ്ങനെ

മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുധർമ്മ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടില്‍ കൊണ്ടുവന്നു. സുധര്‍മയും ഭര്‍ത്താവ് റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷന്‍ ഓഫിസര്‍ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു വരികയായിരുന്നു.കുഞ്ഞിന്റെ തൂക്കം 1100 ല്‍ നിന്നും 1400ലേക്ക് ഉയര്‍ന്നതിന്റെ സന്തോഷത്തിലായിരുന്നു സുധര്‍മയും സുരേന്ദ്രനും.എന്നാല്‍ ആ സന്തോഷത്തിന്റെ ചിരി അധികം നീണ്ടു നില്‍ക്കുന്നതിന് മുമ്പാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.

71-ാം വയസ്സില്‍ ഒരു പെണ്‍കുഞ്ഞിനു ജന്മംനല്‍കുമ്പോള്‍ വലിയൊരു നഷ്ടപ്പെടലിന്റെ വേദനയില്‍നിന്നുള്ള മോചനം കൂടിയായിരുന്നു ആ അമ്മയ്ക്ക്. പ്രതീക്ഷകളെല്ലാം നഷ്ടമായടത്തു നിന്നൊരു തുടക്കം. റോസ് നിറത്തിലുള്ള ടവ്വലില്‍ പൊതിഞ്ഞ് അവളെ കൈകളിലേക്കു ഏറ്റുവാങ്ങുമ്പോള്‍ നനഞ്ഞ മിഴികളോടെ സുധര്‍മ ആ കാതുകളില്‍ മന്ത്രിച്ചതുമതാണ്.. ”അമ്മയാണു പൊന്നേ…’ കായംകുളം രാമപുരം എഴുകുളങ്ങര വീട്ടില്‍ സുധര്‍മ 71-ാം വയസ്സില്‍ കുഞ്ഞിനു ജന്മംനല്‍കുമ്പോള്‍ വലിയൊരു നഷ്ടപ്പെടലിന്റെ വേദനയില്‍നിന്നുള്ള മോചനംകൂടിയാണ്. സുധര്‍മയുടെയും ഭര്‍ത്താവ് സുരേന്ദ്രന്റെയും ഏക മകന്‍ 35-കാരനായ സുജിത്ത് മരിച്ചത് ഒന്നര വര്‍ഷം മുമ്പാണ്.

സൗദിയില്‍ ജോലിയുണ്ടായിരുന്ന മകന്റെ വിയോഗം തളര്‍ത്തിയപ്പോഴാണ് സുധര്‍മയും ഭര്‍ത്താവും ഒരു കുഞ്ഞിനു ജന്മം നല്‍കുന്നതിനെപ്പറ്റി ആലോചിച്ചത്. സുരേന്ദ്രനും ഭാര്യയുടെ ആഗ്രഹത്തിനൊപ്പം നിന്നു. കൃത്രിമ ഗര്‍ഭധാരണം എന്ന ആവശ്യവുമായി സുധര്‍മ എത്തിയപ്പോള്‍ ആദ്യം ഡോക്ടര്‍മാര്‍ എതിര്‍ത്തു. ഇത്രയും കൂടിയ പ്രായത്തില്‍ ഒരു കുഞ്ഞിനു ജന്മംനല്‍കുന്നത് വലിയ വെല്ലുവിളിയാണെന്ന് അവര്‍ ആവര്‍ത്തിച്ചെങ്കിലും സുധര്‍മ ഉറച്ചു നിന്നു.കുഞ്ഞിന് 32 ആഴ്ച പ്രായമായ മാര്‍ച്ച് 18-നു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികാ കരുണാകരന്റെ നേതൃത്വത്തില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

ജനിക്കുമ്പോള്‍ 1100 ഗ്രാംമാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ന്യൂ ബോണ്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് പരിപാലിക്കുകയായിരുന്നു. കുഞ്ഞിനു 1350 ഗ്രാം തൂക്കമായപ്പോഴാണ് ഡോക്ടര്‍മാര്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍നിന്നു വീട്ടിലേക്കയച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close