KERALANEWS

ജൂൺ ഒന്ന് മുതൽ എസ്.എസ്.എൽ.സി/ പ്‌ളസ് ടു മൂല്യനിർണയം തുടങ്ങാൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പ്; വാക്സിൻ ലഭിക്കാത്ത അധ്യാപകരും ക്യാമ്പുകളിൽ എത്തേണ്ടിവരും; പരീക്ഷാ പേപ്പർ വീട്ടിലിരുന്ന് നോക്കാനുള്ള അവസരം വേണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടയം: ലോക്‌ഡോൺ അവസാനിക്കുമെന്നു കരുതുന്ന ജൂൺ ഒന്നാം തീയതിമുതൽ എസ്.എസ്.എൽ.സി/ പ്‌ളസ് ടു പരീക്ഷകളുടെ മൂല്യനിർണയ ക്യാംപുകൾ തുടങ്ങാൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം കോവിഡ് കാലത്ത് ആശങ്കകളുണ്ടാക്കുന്നു. വിവാഹവും സംസ്‌കാരവുമടക്കമുള്ള അത്യാവശ്യങ്ങൾക്കു പോലും ഇരുപതിലേറെ പേരെ അനുവദിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് അതിലേറെ അധ്യാപകർ വന്നുചേരാനിടയുള്ള മൂല്യനിർണയ ക്യാംപുകൾക്ക് സർക്കാർ തുടക്കമിടുന്നത്. സംസ്ഥാനമൊട്ടാകെയുള്ള സ്‌കൂളുകളിൽ പലതും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ, സാമൂഹികനിരീക്ഷണകേന്ദ്രങ്ങൾ എന്നിവയും കഴിഞ്ഞ ആഴ്ചകളിലെ കൊടുങ്കാറ്റും പേമാരിയും മൂലം പ്രളയദുരിതാശ്വാസ കേന്ദ്രങ്ങൾ എന്നിവയായി പ്രവർത്തിക്കുകയാണ്. അതിൽ ചിലതിലടക്കമാണ് മൂല്യനിർണയ ക്യാംപുകൾ തുടങ്ങുന്നത് എന്നതാണ് ആശങ്കയ്ക്കുള്ള ഒരു കാരണം.

വാക്‌സിൻ എടുത്ത അധ്യാപകരെ മാത്രം ക്യാംപുകളിലെത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. മൂല്യനിർണയത്തിനെത്തുന്ന അധ്യാപകരിൽ 56 വയസുവരെയുള്ള പ്രായക്കാരുണ്ട്. സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പകുതിപോലും ആയിട്ടില്ലെന്നതും, 45 വയസിൽ താഴെയുള്ളവരിൽ നല്ലൊരു ശതമാനത്തിനും അത് ഇനിയും ലഭ്യമായിട്ടില്ല എന്നതും വസ്തുതയാണ്. അതുകൊണ്ടുതന്നെ നിശ്ചിത സമയം കൊണ്ട് പരീക്ഷാക്കടലാസുകൾ നോക്കിത്തീർക്കണമെങ്കിൽ കുത്തിവയ്‌പ്പെടുത്ത അധ്യാപകരെ കൊണ്ടു മാത്രം സാധിക്കില്ല. ഈ അവസ്ഥയിൽ ആദ്യ ഡോസ് വാക്‌സിൻ പോലും ലഭ്യമായിട്ടില്ലാത്ത അധ്യാപകർ മൂല്യനിർണയ ക്യാംപുകളിലെത്തുന്നതിലും അപകടമുണ്ട്.

ഇവരുടെ കണക്കെടുത്ത് വാക്‌സിനേഷനിൽ മുൻഗണന നൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തിരക്കിട്ട നീക്കം പക്ഷേ വാക്‌സിൻ ക്ഷാമത്തിൽ മൂല്യനിർണയത്തിനു മുമ്പേ എത്രത്തോളം ഫലപ്രദമായിത്തീരുമെന്നതും കാത്തിരുന്നു കാണേണ്ട കാര്യം.മഹാമാരിയുടെ വ്യാപനം ചെറുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പകുതി ജീവനക്കാരെയും അധ്യാപകരെയും മാത്രം വച്ച് നടത്താൻ ഉത്തരവും നിർദ്ദേശവുമുള്ളപ്പോഴാണ് ജില്ലയിലെ അധ്യാപകരിൽ നല്ലൊരു പങ്കും എത്തിച്ചേരും വിധം മൂല്യനിർണയക്യാംപുകൾ തുടങ്ങാൻ ആലോചിക്കുന്നത്.

സംസ്ഥാനത്തെ കോളജ്, സർവകലാശാലാ പരീക്ഷകളുടെയെല്ലാം ഉത്തരക്കടലാസുകൾ ഫാൾസ് നമ്പർ സംവിധാനത്തിലൂടെ അധ്യാപകർ വീട്ടിലിരുന്ന് നോക്കുന്ന സംവിധാനമാണുള്ളത്. കോവിഡ് പോലുള്ള അടിയന്തരവും സവിശേഷവുമായ സാഹചര്യത്തിൽ ഇത്തരമൊരു സംവിധാനത്തെപ്പറ്റി വിദ്യാഭ്യാസ വകുപ്പ് ആലോചിക്കാത്തതെന്താണെന്നതിലാണ് അത്ഭുതം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close