
കോട്ടയം : ജവര്‍ഹര്‍ലാല്‍ നെഹറ്രു യൂണിവേഴ്സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ ആള്ക്കാര് നടത്തിയ ആക്രമണങ്ങളില്‍ പ്രതിക്ഷേധം രേഖപ്പെടുത്തി മലയാളി താരങ്ങള്‍. രാജ്യം ഒന്നാകെ ആക്രമണങ്ങളെ അപലപിക്കുമ്പോളാണ് പ്രതിക്ഷേധവുമായി താരങ്ങളും രംഗത്തെത്തിയത്.

ജെ.എന്‍.യുവില്‍ നിന്നുള്ള മുഖങ്ങള്‍ ടി.വിയയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാകില്ലെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യുവില്‍ കഴിഞ്ഞ രാത്രിയുണ്ടായത് ഭയാനകമാണെന്നായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരായ ആക്രമണത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്നും നിവിന്‍ പോളി പറഞ്ഞു. അക്രമത്തിനും വെറുപ്പിനുമെതിരെ ഒരുമിച്ച് നില്‍ക്കേണ്ട സമയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യു എന്ന ഹാഷ് ടാഗോടെയാണ് നിവിന്‍ പോളിയുടെ പോസ്റ്റ്.
പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പമാണ് താനെന്ന് മുമ്പേ വ്യക്തമാക്കിയ പ്രഥ്വിരാജും പ്രതിഷേധം രേഖപ്പെടുത്തി.ഏത് പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നതെങ്കിലും അക്രമത്തിന്റെ പാത അംഗീകരിക്കാനാവില്ലെന്നും ജെഎന്‍യുവില്‍ നടന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണെന്നും പൃഥ്വി കുറിച്ചു.

‘ഏത് പ്രത്യയശാസ്ത്രത്തിനുവേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളുന്നതെങ്കിലും, എന്തിനുവേണ്ടിയാണ് നിങ്ങളുടെ പോരാട്ടമെങ്കിലും, ഇതിന്റെ അവസാനം എങ്ങനെയാവണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കിലും, ഹിംസയും നശീകരണവും ഒരിക്കലും ഒന്നിനുമുള്ള മറുപടിയല്ല. കൊളോണിയലിസത്തില്‍ നിന്നും സ്വാതന്ത്ര്യം അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും നേടിയ ഒരു രാജ്യത്തെ സംബന്ധിച്ച്, ‘വിപ്ലവം’ എന്നത് ഹിംസയ്ക്കും നിയമലംഘനത്തിനുമുള്ള ആഹ്വാനമായി പരിഗണിക്കപ്പെടുന്നു എന്നത് ദൗര്‍ഭാഗ്യമാണ്.
അറിവിന്റേയും വിദ്യാഭ്യാസത്തിന്റേയും ഒരു സ്ഥാപനത്തില്‍ കയറി നിയമവാഴ്ചയെ പരിഗണിക്കാതെ വിദ്യാര്ഥികള്ക്കെതിരേ അക്രമം അഴിച്ചുവിടുക എന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണ്. ഇത് കര്‍ക്കശമായ ശിക്ഷ അര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ്. അതേസമയം ഇതിനെതിരായി, ഹിംസയെ അംഗീകരിക്കുന്ന ഏത് തരത്തിലുള്ള പ്രതിഷേധവും ഇതേതോതില്‍ അപലപിക്കപ്പെടും. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ, ലക്ഷ്യം എപ്പോഴും മാര്‍ഗത്തെ സാധൂകരിച്ചെന്ന് വരില്ല. ജയ് ഹിന്ദ്’ എന്ന് കുറിച്ചാണ് പ്രഥ്വി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

നമ്മുടെ രാജ്യത്തിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. രാജ്യത്തെ ഏറ്റവുംമികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുകളാല് അക്രമിക്കപ്പെട്ടതിനുശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്ക്രിയരായി ഇരിക്കുന്നെങ്കില്‍ ,നമ്മുടെ രാജ്യത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്.നിങ്ങളുടെ രാഷ്ട്രീയം എന്തുമായികൊള്ളട്ടെ, ഇവിടെ എല്ലാം സാധാരണം എന്ന് നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുത്തുന്നുവെങ്കില് അക്ഷന്തവ്യമായ തെറ്റാണത്.മുഖംമൂടി അണിഞ്ഞ ഭീരുകള്‍ നിയമപരമായി ശിക്ഷിക്കുന്നതുവരെ ഈ രാജ്യം ഇനി ഉറങ്ങില്ല എന്നാണ് ടൊവിനോ പ്രതികരിച്ചത്. ഫേയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.അവസാനം നമ്മള് ഓര്‍ക്കുക നമ്മുടെ ശത്രുകളുടെ വാക്കുകളായിരിക്കില്ല മറിച്ച് നമ്മുടെ മിത്രങ്ങളുടെ നിശബ്ദതയായിരിക്കും എന്ന മാര്ട്ടിന് ലൂദര്കിങിന്റെ വാക്കും ടൊവിനോ പങ്കുവെയ്ക്കുന്നുണ്ട്. ഫേസ്ുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.