KERALANEWSTop News

ജെനി ജെറോം കേരളത്തിലെ ആദ്യ കൊമേഴ്സ്യൽ വനിതാ പൈലറ്റ് എന്ന് മുഖ്യമന്ത്രി; പിണറായി വിജയന്റെ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് കെ ഫിലിപ്പ്; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന് കുറേക്കൂടി ഫാക്ട് ചെക്ക് നടത്താമായിരുന്നു എന്നും ഉപദേശം

തിരുവനന്തപുരം: ജെനി ജെറോം കേരളത്തിലെ ആദ്യ കൊമേഴ്സ്യൽ വനിതാ പൈലറ്റ് എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് ജേക്കബ് കെ ഫിലിപ്പ്. കേരളത്തിൽ നിന്നുള്ള കുറേ വനിതകൾ ഇന്ത്യയിലും പുറത്തുമുള്ള എയർലൈനുകളിൽ കോ പൈലറ്റായും ക്യാപ്റ്റനായും ഒക്കെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ബിന്ദു സെബാസ്റ്റ്യനെ പോലെ നിരവധി ആളുകൾ ഉണ്ടെന്നും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീം ഫാക്ട് ചെക്ക് നടത്തണമെന്നും ജേക്കബ് കെ ഫിലിപ്പ് പറയുന്നു. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് എയർ ഷാർജയുടെ വിമാനം പറത്തിയ തിരുവനന്തപുരം കൊച്ചുതുറ സ്വദേശിനിയായ ജെനിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദമായത്. കേരളത്തിലെ ആദ്യ കൊമേഴ്സ്യൽ വനിതാ പൈലറ്റ് എന്നായിരുന്നു പോസ്റ്റിൽ മുഖ്യമന്ത്രി ജെനിയെ വിശേഷിപ്പിച്ചത്. എന്നാൽ ിത് തെറ്റാണ് എന്ന് ജേക്കബ് കെ ഫിലിപ്പ് പറയുന്നു.

ജേക്കബ് കെ ഫിലിപ്പിന്റെ വാക്കുകൾ ഇങ്ങനെ..

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന് കുറേക്കൂടി ഫാക്ട് ചെക്ക് നടത്താമായിരുന്നു. കേരളത്തിൽ നിന്നുള്ള കുറേ വനിതകൾ ഇന്ത്യയിലും പുറത്തുമുള്ള എയർലൈനുകളിൽ കോ-പൈലറ്റായും ക്യാപ്റ്റനായുമൊക്കെ ജോലി നോക്കുന്നുണ്ട് എന്നറിയാൻ കുറച്ചൊന്നു ഗൂഗിൾ ചെയ്താൽ പോരേ? വന്ദേഭാരത് മിഷനിൽ എയർ ഇന്ത്യാ എക്സ് പ്രസിൻറെ പല ഗൾഫ് ഫ്ലൈറ്റുകളുടേയും ക്യാപ്റ്റനായിരുന്ന ബിന്ദു സെബാസ്റ്റ്യനെപ്പോലെ എത്രയോ പേർ!

മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു..

കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ നേട്ടം കേരളത്തിന്റെ ഒന്നടങ്കം അഭിമാനമാണ്. സാഹചര്യങ്ങളോടു പടപൊരുതി തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച ജെനിയുടെ ജീവിതം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണ്. സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സാമൂഹികാവബോധവും അത് സൃഷ്ടിക്കുന്നു. ജെനിയുടെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി കൂടെ നിന്ന കുടുംബവും സമൂഹത്തിന് മാതൃകയാണ്. പെൺകുട്ടികൾക്ക് പിന്തുണ നൽകുന്ന ആ മാതൃക ഏറ്റെടുക്കാൻ സമൂഹം ഒന്നാകെ തയ്യാറാകണം. ജെനിയ്ക്ക് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close