Breaking NewsKERALATrending

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാംപസ് അനധികൃതമെന്ന് സര്‍ക്കാര്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: പ്രമുഖ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ പേരില്‍ കൊച്ചി ആസ്ഥാനമാക്കി ആരംഭിച്ച ഓഫ് ക്യാംപസ് അനധികൃതവും നിയമവിരുദ്ധവുമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി വന്‍ പരസ്യപ്രചാരണങ്ങളോടെ ആരംഭിച്ച കൊച്ചിയിലെ ഓഫ് ക്യാംപസിനെതിരേ യുജിസി ചെയര്‍മാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസിന് കത്തയച്ചു. നിലവിലെ യുജിസി നിയമമനുസരിച്ച് ഒരു സര്‍വകലാശാലയ്ക്ക് അതിന്റെ ആസ്ഥാനപരിധിക്കപ്പുറം ഓഫ് ക്യാംപസുകള്‍ ആരംഭിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളുണ്ട്. അതിനിടെയാണ് ബംഗളൂരു ആസ്ഥാനമായ ജെയിന്‍ സര്‍വകലാശാല കൊച്ചിയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ശ്രീ ഭഗവാന്‍ മഹാവീര്‍ ജെയിന്‍ കോളെജ് ആയി തുടക്കമിട്ട ജെയിന്‍ സര്‍വകലാശാലയ്ക്ക് 2009ലാണ് കല്‍പിത പദവി ലഭിക്കുന്നത്. തുടര്‍ന്ന് കൊച്ചിയില്‍ കാക്കനാട് നോളജ് പാര്‍ക്കില്‍ ഓഫ് ക്യാംപസ് പ്രവര്‍ത്തനമാരംഭിച്ചു. കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഹ്യുമാനിറ്റീസ്, സാമൂഹികശാസ്ത്രം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം നിരവധി കോഴ്‌സുകളും ആരംഭിച്ചു. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചി എന്ന പേരില്‍ത്തന്നെയാണ് വ്യാപകമായി അച്ചടി ദൃശ്യമാധ്യമങ്ങളില്‍ പരസ്യപ്രചാരണം നടത്തിയത്. എല്ലാത്തിനും ചുക്കാന്‍ പിടിക്കാന്‍ കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്ന ആളെ പ്രോ വൈസ് ചാന്‍സലറാക്കി നിയമിച്ചുകൊണ്ടാണ് അവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആധികാരികത നേടിയത്. എന്നാല്‍, യുജിസിയുടെ മാനദണ്ഡങ്ങളുടെ നഗ്‌നലംഘനം എന്നു വ്യാഖ്യാനിക്കാവുന്ന വിധത്തില്‍ ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധാരണ പരത്തി നടത്തുന്ന കോഴ്‌സുകളെപ്പറ്റി വ്യാപകമായ പരാതിയാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത്. അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ വലിയ ഫീസ് നല്‍കി വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടരുത് എന്നു നിര്‍ബന്ധമുള്ളതുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജെയിന്‍ സര്‍വകലാശാലയുടെ കൊച്ചി ക്യാംപസിനെതിരേ നടപടി ആവശ്യപ്പെടുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഓഫ് ക്യാംപസ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല എന്നും ജൂലൈ 20ന് അയച്ച കത്തില്‍ സെക്രട്ടറി അസന്നിഗ്ധമായി വ്യക്തമാക്കുന്നു. ഇന്ത്യയിലെ സ്വകാര്യ സര്‍വകലാശാലകളില്‍ പ്രധാപ്പെട്ട സ്ഥാപനമെന്ന നിലയ്ക്ക് വമ്പന്‍ ഫീസീടാക്കിയാണ് ജെയിന്‍ കല്‍പിതസര്‍വകലാശാല കോഴ്‌സുകള്‍ നടത്തിപ്പോരുന്നത്. അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

Tags
Show More

Related Articles

Back to top button
Close