KERALANEWS

ജെ.സി.ബി. തൊഴിലാളികള്‍ക്ക് താമസിക്കാനെടുത്ത വീട്ടില്‍ ചാരായം വാറ്റ്;വാറ്റ് കേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്തത് ഒന്നരലക്ഷത്തിന്റെ കള്ളനോട്ട്;പ്രധാനപ്രതി കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ചാരായവും കോടയും പിടിച്ച കേസില്‍ ഉള്‍പ്പെട്ടയാള്‍

വെഞ്ഞാറമൂട് : കൊവിഡ് രൂക്ഷമാകുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ പല ചാരായം വാറ്റുകേന്ദ്രങ്ങളും കിട്ടിയ അവസരം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുകയാണ്.എന്നാല്‍ അനധികൃതമായ വാറ്റു ചാരായ നിര്‍മാണത്തില്‍ കുഴങ്ങിയിരിക്കുന്നത് എക്‌സൈസ് സംഘമാണ്.ഇതിനോടകം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിന്നും ഇത്തരത്തിലുള്ള അനധികൃത ചാരായ നിര്‍മ്മാണം പിടികൂടി കഴിഞ്ഞിരിക്കുകയാണ്.വാറ്റു കേന്ദ്രങ്ങള്‍ ചാരായ നിര്‍മാണത്തിന്റെ മാത്രം ശാലകള്‍ അല്ലെന്നും കള്ളനോട്ട് സൂക്ഷിപ്പു കേന്ദ്രങ്ങള്‍ കൂടി ആണെന്നും ശരിവെയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

മടത്തറയില്‍ ജെ.സി.ബി. തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന പേരില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ വാമനപുരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുകേന്ദ്രത്തില്‍നിന്ന് 1,61,500 രൂപയുടെ കള്ളനോട്ടും വന്‍ തോതില്‍ കോടയും ചാരായവും പിടികൂടിയത്.എക്‌സൈസ് സംഘത്തെക്കണ്ട് ഓടിരക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള പരിശോധന ഊര്‍ജിതമാക്കി.വീടിനുസമീപത്തുണ്ടായിരുന്ന കാറില്‍നിന്നാണ് കള്ളനോട്ട് കണ്ടെടുത്തത്. കാറിന്റെ ഗിയര്‍ ലിവറിന്റെ മുന്‍വശത്തുള്ള രഹസ്യ അറയിലാണ് 500 രൂപയുടെ 323 വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്.കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ മടത്തറ കേന്ദ്രീകരിച്ച് ചാരായം വാറ്റി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വില്‍പ്പന നടത്തുന്നുവെന്ന് വാമനപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.മോഹന്‍കുമാറിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ചാരായവും കോടയും പിടിച്ച കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. എക്‌സൈസ് ഷാഡോ സംഘം ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനുശേഷമായിരുന്നു തിരച്ചില്‍.

ഒട്ടേറെ ക്രിമിനല്‍, അബ്കാരി, വനം കുറ്റകൃത്യങ്ങളില്‍പ്പെട്ടയാളാണ് പ്രതിയെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഭവത്തിനുപിന്നില്‍ വന്‍ കള്ളനോട്ട് സംഘവും മദ്യമാഫിയയും ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നതാണ് പോലീസും എക്‌സൈസും സംശയിക്കുന്നത്. വ്യാജമദ്യ മാഫിയയില്‍ ഉള്‍പ്പെട്ട കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും ആരംഭിച്ചു. കള്ളനോട്ടുകള്‍ പാലോട് പോലീസിന് കൈമാറും.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ്കുമാര്‍, ഷാജി, പി.ഡി.പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജീവ്കുമാര്‍, അനിരുദ്ധന്‍, അന്‍സര്‍, വിഷ്ണു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മഞ്ജുഷ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close