CULTURALMUSIC

ജോണ്‍സണെന്ന താരകം മറഞ്ഞിട്ട് ഒന്പതാണ്ട്

ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം..
സായാഹ്നസാനുവില്‍ വിലോലമേഘമായ്….

ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തില്‍ കൈതപ്രത്തിന്റെ അക്ഷരവെളിച്ചത്തില്‍ ഒഴുകിയെത്തിയ ഈ നാദധാരയില്‍ ശ്രുതിയും താളവും ചേര്‍ത്ത മാന്ത്രികന്‍ മറ്റാരുമായിരുന്നില്ല ജീവിതത്തിലും ഈ വരികള്‍ അന്വര്‍ത്ഥമെന്ന് വിധി തെളിയിച്ച അതുല്യപ്രതിഭ, ജോണ്‍സണ്‍. പ്രതിഭകള്‍ വിടപറയുന്നത് എന്നും നൊമ്പരമാണ്. ജീവിതത്തിന്റെ പാതി പിന്നിട്ടപ്പോഴേ ആ സംഗീത സൂര്യന്‍ പൊടുന്നനെ മറയുകയായിരുന്നു.

തൃശൂര്‍ നെല്ലിക്കുന്നിലാണ് മലയാളത്തിന്റെ ജോണ്‍ വില്യംസ് എന്ന് അറിയപ്പെടുന്ന ജോണ്‍സന്‍ ജനിച്ചത്. ബാങ്ക് ജീവനക്കാരനായിരുന്ന ആന്റണിയുടെയും മേരിയുടെയും പുത്രനായി 1953 മാര്‍ച്ച് 26ന് ജനിച്ച ജോണ്‍സന് കുട്ടിക്കാലത്തു തന്നെ നെല്ലിക്കുന്നത്തെ സെന്റ് സെബാസ്റ്റ്യന്‍ ഇടവകപ്പള്ളിയില്‍ ഗാനങ്ങള്‍ അവതരിപ്പിക്കാനും ഗിത്താര്‍,ഹാര്‍മോണിയം എന്നീ സംഗീത ഉപകരണങ്ങള്‍ പഠിക്കുവാനും അവസരം ലഭിച്ചു. സ്‌കൂള്‍ യുവജനോത്സവവേദികളിലും മറ്റ് ഗാനമേളട്രൂപ്പുകളിലും പാടാനും ഹാര്‍മോണിയം വായിക്കാനും തുടങ്ങിയ ജോണ്‍സന്‍ ചില ഗാനമേളകളിലൊക്കെ സ്ത്രീകളുടെ ശബ്ദത്തിലും തന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. 1968ല്‍ സുഹൃത്തുക്കളുമൊത്ത് ‘വോയിസ് ഓഫ് തൃശ്ശൂര്‍’ എന്ന സംഗീത ക്ലബ്ബ് രൂപപ്പെടുത്തുമ്പോള്‍ ജോണ്‍സനു പ്രായം പതിനഞ്ച്. ഇക്കാലയളവില്‍ ഹാര്‍മോണിയം, ഗിത്താര്‍, ഫ്‌ളൂട്ട് , ഡ്രംസ്, വയലിന്‍ എന്നീ സംഗീത ഉപകരണങ്ങള്‍ സ്വായത്തമാക്കി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ജോണ്‍സന്റെ നേതൃത്വത്തില്‍,കുറഞ്ഞ കാലം കൊണ്ടു തന്നെ ‘വോയിസ് ഓഫ് തൃശൂര്‍’ കേരളത്തിലെ മികച്ച സംഗീത ട്രൂപ്പുകളിലൊന്നായി മാറി.

ചലച്ചിത്ര പിന്നണി ഗായകരായിരുന്ന പി.ജയചന്ദ്രന്‍, മാധുരി എന്നിവരുടെ ഗാനമേളകള്‍ക്ക് പിന്നണി വാദ്യം വായിച്ചിരുന്ന സംഗീത ക്ലബ്ബിന്റെ നേതൃത്വം ജോണ്‍സനായിരുന്നു. ജയചന്ദ്രനിലൂടെ ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെട്ടതാണ് ജോണ്‍സനു ചലച്ചിത്ര ലോകത്തേക്കുള്ള വഴി തുറന്നത്. ജോണ്‍സനിലെ പ്രതിഭയെ വളരെപ്പെട്ടെന്ന് മനസിലാക്കിയ ദേവരാജന്‍ മാസ്റ്റര്‍ ജോണ്‍സനെ തന്റെ വര്‍ക്കുകളില്‍ അസിസ്റ്റ് ചെയ്യാന്‍ ചെന്നെയിലെത്തിച്ചു. ഇക്കാലയളവില്‍ ദേവരാജന്‍ മാസ്റ്ററുടെ കൂടെത്തന്നെ അര്‍ജ്ജുനന്‍ മാസ്റ്റര്‍,എ.ടി ഉമ്മര്‍ എന്നീ സംഗീത സംവിധായകരോടൊത്തും പ്രവര്‍ത്തിച്ചു.
610ഓളം ഗാനങ്ങള്‍ , അതില്‍ 10 എണ്ണത്തോളം സ്വയം പാടി. ഒടുവില്‍ അദ്ദേഹം കലാലോകത്ത് നിന്ന് വിടവാങ്ങി. എന്നന്നേക്കുമായി. 2011 ഓഗസ്റ്റ് പതിനെട്ടിന് തന്റെ അമ്പത്തിയെട്ടാം വയസ്സില്‍ ഹൃദയാഘാതം മൂലം ചെന്നൈയിലെ വീട്ടില്‍വച്ച് വിടപറഞ്ഞു.

എന്നാല്‍ ദുരന്തം അവിടം കൊണ്ടും അവസാനിക്കാതെ ജോണ്‍സണ്‍ കുടുംബത്തെ പിന്‍തുടരുകയായിരുന്നു. മകളും മകനും അകാലത്തില്‍ പൊലിഞ്ഞതും ഭാര്യ അര്‍ബുദരോഗിയായതും എല്ലാം വിധിയുടെ വേട്ട തന്നെ. അസാമാന്യ പ്രതിഭ കൊണ്ട് സംഗീത വിസ്മയം തീര്‍ത്ത ആ കലോപാസകന്‍. പഴകും തോറും വീര്യമുള്ള വീഞ്ഞിന്റെ വീര്യമുള്ള ആ സംഗീതപ്രവാഹങ്ങള്‍ ഇന്നും മായാതെ തന്നെ തലമുറകളിലൂടെ പകരപ്പെടുമ്പോള്‍ എങ്ങനെ മായാനാകും ഈ സൂര്യന്….

Tags
Show More

Related Articles

Back to top button
Close