Breaking NewsKERALANEWSTop News

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഉടനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; പാർലമെന്ററി രം​ഗത്തേക്ക് കടക്കാൻ കേരള കോൺ​ഗ്രസ് എം ചെയർമാൻ ഇനിയും കാത്തിരിക്കണം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ ദയനീയ പരാജയത്തിന് പിന്നാലെ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി. ജോസ് കെ മാണി രാജിവെച്ച രാജ്യസഭാ സീറ്റിലേക്ക് ഉടൻ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതാണ് കേരള കോൺ​ഗ്രസ് എമ്മിനും ജോസ് കെ മാണിക്കും വിനയാകുന്നത്. ഇടത് മുന്നണി പ്രവേശനത്തിന്റെ ഭാ​ഗമായായിരുന്നു ജോസ് കെ മാണി യുഡിഎഫ് നോമിനിയായി നേടിയെടുത്ത രാജ്യസഭാം​ഗത്വം രാജിവെച്ചത്. നിയമസഭയിലേക്ക് പരാജയപ്പെട്ടതോടെ വീണ്ടും ഈ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലൂടെ രാജ്യസഭയിലെത്താമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നീട്ടിയതോടെ ജോസ് കെ മാണിക്ക് പാർലമെന്ററി രം​ഗത്തേക്ക് തിരികെ എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.

2021 ജനുവരി 11നാണ് ജോസ് കെ മാണി രാജ്യസഭാം​ഗത്വം രാജിവെക്കുന്നത്. 2024 ജൂലൈ ഒന്ന് വരെയാണ് ഈ സീറ്റിന്റെ കാലാവധി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 151 A വകുപ്പ് പ്രകാരം, ഒഴിവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബാക്കി കാലാവധി ഒരു വർഷമോ അതിൽ കൂടുതലോ ആണെങ്കിൽ, ഒഴിവ് നടന്ന തീയതി മുതൽ ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് വഴി, ഒഴിവുകൾ നികത്തേണ്ടതുണ്ട്. ഇന്നലെ ചേർന്ന കമ്മീഷൻ ഇക്കാര്യം അവലോകനം ചെയ്തിരുന്നു. രാജ്യത്ത് കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, സാഹചര്യം ഗണ്യമായി മെച്ചപ്പെടുകയും അനുകൂലമാവുകയും ചെയ്യുന്നതുവരെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തൽ.

ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിന്ന് അഭിപ്രായം ആരായുന്നതിനൊപ്പം ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികാരികളുമായി മഹാമാരിയുടെ സാഹചര്യം വിലയിരുത്തിയ ശേഷം ഭാവിയിൽ ഉചിതമായ സമയത്ത് കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close