KERALANEWS

ജോസ് കെ മാണിയുടെ ഇടതു പ്രവേശം, കോട്ടയത്ത് യുഡിഎഫ് തലപ്പത്ത് അഴിച്ചുപണി


കോട്ടയം: ജോസ് കെ. മാണിയുടെ ഇടത്തേക്കുള്ള മാറ്റം ജില്ലയുടെ രാഷ്ട്രീയ മുഖത്തും പ്രതിഫലിക്കും. കെ.എം. മാണിയും ഉമ്മന്‍ ചാണ്ടിയും സി.എഫ്. തോമസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേതൃത്വം നല്‍കിയിരുന്ന ജില്ലയിലെ യു.ഡി.എഫിന് ഇനി മാണി വിഭാഗം ഇല്ലാത്ത മുഖം. കെ.എം. മാണിയുടെ ചിത്രവും ജോസ് കെ. മാണിയും ഇനി എല്‍.ഡി.എഫ് പക്ഷത്തെ തൂവെള്ള ചിരികളാകും.ഇതിനൊപ്പം യു.ഡി.എഫ്, എല്‍.ഡി.എഫ് ജില്ല നേതൃത്വങ്ങളിലും മാറ്റങ്ങളാകും. ജില്ല യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമായിരുന്നു. ജില്ല ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനും കണ്‍വീനര്‍ സ്ഥാനം കോണ്‍ഗ്രസിനുമായിരുന്നു.ജോസ് വിഭാഗം മുന്നണിവിട്ടതോടെ യു.ഡി.എഫിന് പുതിയ ചെയര്‍മാനെത്തും. നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും ഇത്തരത്തില്‍ മാറ്റങ്ങളുണ്ടാകും. എല്‍.ഡി.എഫിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോസ് കെ. മാണിക്ക് ഇടം നല്‍കാന്‍ ഇവിടെയും അഴിച്ചുപണിയുണ്ടാകും

യു.ഡി.എഫില്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പെടുന്ന സഖ്യചേരിയായിരിക്കും കോണ്‍ഗ്രസിനൊപ്പമുണ്ടാകുക. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ് മത്സരിച്ചിരുന്ന പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ പുതിയ സഖ്യമായിരിക്കും. കോണ്‍ഗ്രസും സംയുക്ത കേരള കോണ്‍ഗ്രസും ഒന്നുചേര്‍ന്ന് ഇടതു മുന്നണിയെ തോല്‍പിച്ചിരുന്ന പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, നിയമസഭ, ലോക്‌സഭ തലങ്ങളില്‍ പാര്‍ട്ടിയും സ്ഥാനാര്‍ഥികളും മാറിമറിയും.മുമ്പ് ഒരു പതിറ്റാണ്ടോളം പി.ജെ. ജോസഫ് ഇടതുപക്ഷത്തായിരുന്ന കാലത്ത് കടുത്തുരുത്തി നിയോജക മണ്ഡലം ജോസഫിനൊപ്പമായിരുന്നു. യു.ഡി.എഫ് സ്ഥാപനകാലം മുതല്‍ പാലായിലും ചങ്ങനാശ്ശേരിയിലും മാണി വിഭാഗത്തിനായിരുന്നു വിജയം. വാഴൂര്‍ നിയോജക മണ്ഡലം കെ. നാരായണക്കുറുപ്പിലൂടെയും പിന്നീട് എന്‍. ജയരാജിലൂടെയും യു.ഡി.എഫ് നേടി. പില്‍ക്കാലത്ത് വാഴൂര്‍ കാഞ്ഞിരപ്പള്ളി മണ്ഡലമായി മാറിയപ്പോള്‍ ജയരാജ് വിജയം ആവര്‍ത്തിച്ചു.ജോസ് കെ. മാണിയുടെ മുന്നണിമാറ്റത്തോടെ വാര്‍ഡുതലം മുതല്‍ യു.ഡി.എഫിനുള്ള പൊതുസംവിധാനമാണ് ഇല്ലാതാകുന്നത്. രണ്ടു മാസത്തിനുള്ളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ പുതിയ മുന്നണി സംവിധാനം നിലവില്‍ വരണം.പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസും ജോസഫ് ഗ്രൂപ്പും മുസ്ലിംലീഗും തമ്മിലാണ് ഏറെ സീറ്റുകളും പങ്കുവെക്കേണ്ടത്. കഴിഞ്ഞ പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഏറ്റവും നേട്ടം കൊയ്തത് കോട്ടയം ഉള്‍പ്പെടുന്ന മധ്യകേരളത്തിലായിരുന്നു. പുതിയ മാറ്റങ്ങള്‍ ഭാവി കേരളരാഷ്ട്രീയത്തിലും നിര്‍ണായകമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close