
കോട്ടയം: മധ്യകേരളത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയായത് കേരളാ കോണ്‍ഗ്രസ് എം ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം. കേരളാ കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ യുഡിഎഫിന് കഴിയാതും ഇടതുമുന്നണിക്ക് തുണയായി. അതോടൊപ്പം ജോസഫ് വിഭാഗത്തിന് വേണ്ടത്ര ശക്തിയില്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്കിയതും കോണ്‍ഗ്രസിന് വിനയായി. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ സംബന്ധിച്ചെടുത്തോളം ഏറെ നിര്‍ണായകമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. ജോസ് കെ മാണി വിഭാഗം മുന്നണി മാറിയാല്‍ നേതാക്കള്‍ക്കൊപ്പം അണികളും മുന്നണി മാറില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. പിജെ ജോസഫിന്റെ വാക്കുകള്‍ വിശ്വസിച്ചാണ് കോണ്‍ഗ്രസ് ഇതു പറഞ്ഞത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ കോണ്‍ഗ്രസിന്റെ ഉറച്ച കേന്ദ്രങ്ങളില്‍ പോലും തിരിച്ചടിയായി. ജോസ് കെ മാണി വിഭാഗത്തിന് സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും കോണ്‍ഗ്രസിന് അടിപതറിയതോടെയാണ് യുഡിഎഫിന് തിരിച്ചടിയുടെ ആഴം മനസിലായത്. കേരളാ കോണ്‍ഗ്രസിനൊപ്പം എല്ലാക്കാലത്തും യുഡിഎഫിനെ തുണച്ചിരുന്ന ചില സാമുദായിക വോട്ടുകള്‍ കൂടി ഇടതുമുന്നണിക്ക് ലഭിച്ചു എന്നു നിസംശയം പറയാം. അതേസമയം ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിക്ക് വലിയ ഗുണമാണ് മധ്യകേരളത്തിലുണ്ടാക്കിയത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ വലിയ മുന്നേറ്റത്തിന് ജോസ് വിഭാഗം ഇടതുമുന്നണിയെ സഹായിച്ചു. ഇതോടെ ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയും സുഗമമാകുകയാണ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് കൂടുതല്‍ പരിഗണന കിട്ടാന്‍ ഇടതുമുന്നണിയുടെ ഈ വിജയം സഹായിക്കും.
കോട്ടയത്തെ വലിയ കക്ഷി തങ്ങളാണെന്നു ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളെയും ജോസ് കെ മാണി ഇതു വഴി ബോധ്യപ്പെടുത്തുകയാണ്. അതേസമയം തന്നെ മാണി സി കാപ്പന് ഇനി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരിക്കാന്‍ കഴിയില്ല എന്നത് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. കാപ്പന് ഇനി പുറത്തുപോകുക മാത്രമാണ് വഴി. അതേസമയം യുഡിഎഫില്‍ വരാനിരിക്കുന്ന ദിനങ്ങള്‍ കലഹത്തിന്റെതാകുമെന്നു ഏറെക്കുറെ ഉറപ്പാണ്. ജോസഫിന് സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ പോലും സീറ്റ് വച്ചുനീട്ടി പരാജയം രുചിച്ചത് കോണ്‍ഗ്രസില്‍ വലിയ തര്‍ക്കത്തിന് കാരണമാകും. ജോസഫാകെട്ട സ്വന്തം തട്ടകത്തില്‍ പോലും തിരിച്ചടിയേറ്റതിന്റെ നിരാശയിലാണ്. കോണ്‍ഗ്രസുകാര്‍ കാലുവാരി എന്നുതന്നെയാകും ജോസഫ് തുറന്നടിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന വെല്ലുവിളിയും യുഡിഎഫിനുണ്ടാകും.