KERALANEWSTop News

ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനം ഇന്ന്, പ്രഖ്യാപനം പതിനൊന്ന് മണിക്ക്

കോട്ടയം: ജോസ് കെ. മാണിയുടെ മുന്നണിപ്രവേശനം സംബന്ധിച്ച രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാ എം പി സ്ഥാനം ജോസ് കെ.മാണി രാജിവെക്കുന്നതും ആലോചനയിലുണ്ടെന്നാണ് വിവരം.

ജനപ്രതിനിധികളായ തോമസ് ചാഴികാടന്‍, റോഷി അഗസ്റ്റിന്‍, ഡോ.എന്‍.ജയരാജ് എന്നിവരുമായി ആലോചിച്ചശേഷമാണ് ജോസ് കെ.മാണി പ്രഖ്യാപനത്തിന് തയാറെടുക്കുന്നത്. റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനാല്‍ മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച വൈകിയതാണ് രാഷ്ട്രീയ തീരുമാനം വൈകാന്‍ കാരണം.

അസംബ്ലി മണ്ഡലങ്ങളുടെ വീതംവെപ്പ് പിന്നീട് തീരുമാനിക്കും. രാഷ്ട്രീയമായി ഇടതു ചേരിയിലേക്ക് പോവുക എന്ന തീരുമാനമാകും ജോസ് കെ. മാണി പ്രഖ്യാപിക്കുക. യുഡിഎഫിന്റെ ഭാഗമായി ഇത്രകാലം പ്രവര്‍ത്തിച്ചിട്ടും മാന്യമായ സമീപനമല്ല കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായതെന്ന നിലപാടിലാണ് ജോസ് കെ. മാണിയും കൂട്ടരും. ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണി വിഭാഗം നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനറുമായി ഇതിനകം പലവട്ടം ചര്‍ച്ച നടത്തിയിരുന്നു.

പാലാ സീറ്റിനെക്കുറിച്ച് സിറ്റിങ് എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി. കാപ്പന്‍ ഉയര്‍ത്തിയ അവകാശവാദത്തിന് എതിരേ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നാണ് ജോസ് പക്ഷം മുന്നണി നേതൃത്വവുമായുണ്ടാക്കിയ ധാരണ. സീറ്റ് വിഭജനം മുന്നണി തീരുമാനിക്കുന്ന വിഷയമാണെന്ന നിലപാടാകും സ്വീകരിക്കുക. ഇടതുമുന്നണിയിലേക്ക് പോകുന്നതില്‍ പ്രതിഷേധിച്ച് ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജോസ് പക്ഷം വിട്ടിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close