KERALANEWS

ജോസ് വിഭാഗത്തെ സ്വാഗതം ചെയത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കാനെടുത്ത തീരുമാനം വ്യാഴാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം കൂട്ടായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസ്താവിച്ചു. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം, ജോസ് കെ മാണി വിഭാഗം കൈക്കൊണ്ട യുഡിഎഫ് വിരുദ്ധ രാഷ്ട്രീയ തീരുമാനത്തെ സ്വാഗതം ചെയ്തതായി കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം ഒരു രാഷ്ട്രീയ പാര്‍ട്ടി എടുക്കുമ്പോള്‍ അതിന് എതിരായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സിപിഐയുടെ അഭിപ്രായം.

യുഡിഎഫും ബിജെപിയും ചേര്‍ന്ന് എല്‍ഡിഎഫിനെയും ഗവണ്‍മെന്റിനെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനും ദുരാരോപണങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ യുഡിഎഫിന് എതിരായ രാഷ്ട്രീയ നിലപാടുകള്‍ എല്‍ഡിഎഫും സ്വീകരിക്കും.

ഇടതു ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെതിരെ ആരോപണത്തിന്റെ പുകമറ സംഘടിതമായി സൃഷ്ടിച്ച് സര്‍ക്കാരിന്റെ ശോഭ കെടുത്താനാണ് ശ്രമം നടക്കുന്നത്. എല്‍ഡിഎഫിനെ രാഷ്ട്രീയമായി സംരക്ഷിക്കാനും, സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളടക്കമുള്ള നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടാനും സിപിഐക്ക് ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റുന്നതിനാണ് സെപ്തംബര്‍ 23,24 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയം വ്യക്തമാക്കിയത്.

ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് പുറത്തുവരാനും എല്‍ഡിഎഫുമായി സഹകരിക്കാനും തീരുമാനം എടുത്തത്ത് ഒക്ടോബര്‍ 14നാണ്. ആ തീരുമാനത്തെ തുടര്‍ന്ന് ഒട്ടേറെ അഭ്യൂഹങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. എല്‍ഡിഎഫ് കര്‍ഷകര്‍ക്ക് അനുകൂലമായി സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്. 39 വര്‍ഷക്കാലം യുഡിഎഫുമായി സഹകരിച്ച പാര്‍ട്ടിയാണ് ആ മുന്നണിവിട്ട് പുറത്തുവന്നത്. ജോസ് കെ മാണി വിഭാഗം അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയശേഷം സിപിഐ അഭിപ്രായം പറയാമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും കാനം പറഞ്ഞു. തന്റെ ഈ നിലപാടിനെ വളച്ചൊടിച്ച് സിപിഐ ”നിലപാടു മയപ്പെടുത്തി” എന്ന് പ്രചരിപ്പിച്ചവരുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞങ്ങള്‍ സ്വീകരിച്ച സമീപനങ്ങള്‍ക്കും മാറ്റങ്ങള്‍ വരും. അത് രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close