ഝാര്‍ഖണ്ഡ് നിയമസഭയുടെ ഒരുഭാഗം തകര്‍ന്നു; പാഴായത് 1500 കോടി രൂപ

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭയുടെ ഒരുഭാഗം തകര്‍ന്നു വീണു. 1500 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ ലൈബ്രറി ഭാഗത്താണ് അപകടമുണ്ടായത്. കൊവിഡിനെ തുടര്‍ന്ന് കെട്ടിടം സീല്‍ വെച്ച് അടച്ചതിനാല്‍ സംഭവസ്ഥലത്ത് വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 1500 കോടി മുടക്കി 2019ല്‍ നിര്‍മ്മിച്ച നിയമസഭാ മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ലൈബ്രറി വികസന സമിതി ചെയര്മാന് ഇര്ഫാന് അന്‍സാരി, കോണ്‍ഗ്രസ് എം എല്‍ എമാരായ പൂര്‍ണിമ നീരജ് സിംഗ്, അകലാ യാദവ്, രാജേഷ് കച്ചപ്പ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അന്‍സാരി പറഞ്ഞു. അതേസമയം, രഘുവര് ദാസിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാറിനെ അന്‍സാരി വിമര്‍ശിച്ചു. ജോലിയില്‍ കൃത്യത പാലിക്കാത്ത കോണ്ട്രാക്ടറിനാണ് മെഗാ ടെന്‍ഡര്‍ വിളിച്ച് ജോലി ഏല്‍പ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.