KERALANEWSTrending

ഞങ്ങൾ തോറ്റത് അവർ പരസ്പരം സഹായിച്ചത് കൊണ്ട്; സ്വന്തം പാർട്ടിയുടെ പരാജയത്തിന് ന്യായീകരണം കണ്ടെത്താൻ ബിജെപി നേതാക്കളുടെ പെടാപ്പാട്; നാണംകെട്ട തോൽ‌വിക്ക് പിന്നാലെ പാളയത്തിൽ പടയും

പാലക്കാട്: ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായതോടെ പാർട്ടിക്കുള്ളിൽ തന്നെ കലഹം രൂക്ഷമാകുന്നതിനിടെ സിപിഎം- കോൺ​ഗ്രസ് വോട്ട് കട്ടവടം ആരോപിച്ച് ബിജെപി. പാലക്കാട് ജില്ലയിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺ​ഗ്രസ്- സിപിഎം ധാരണയുണ്ടായിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. മലമ്പുഴയിൽ കോൺ​ഗ്രസുകാർ സിപിഎമ്മിന് വോട്ട് ചെയ്തെന്നും പ്രത്യുപകാരമായി പാലക്കാട് കോൺ​ഗ്രസിന് സിപിഎമ്മുകാർ വോട്ട് ചെയ്തെന്നുമാണ് ബിജെപിയുടെ ആരോപണം. ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറാണ് ആരോപണവുമായി രം​ഗത്തെത്തിയത്. മലമ്പുഴയിൽ കോൺഗ്രസ് ആധിപത്യമുള്ള കേന്ദ്രങ്ങളിൽ അവർ മൂന്നാമത് എത്തിയത് കച്ചവടത്തിന് തെളിവാണെന്നൈാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ സംഘടന സംവിധാനം മലമ്പുഴയിൽ ശക്തമായിരുന്നുവെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

ഇക്കുറി അധികാരം പിടിക്കുമെന്ന പ്രഖ്യാപനവുമായാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങിയത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മെട്രോമാൻ ഇ ശ്രീധരനെ ഉയർത്തിക്കാട്ടുന്ന സന്ദർഭം പോലും ഉണ്ടായി. മുഖ്യമന്ത്രി സ്ഥാനാർത്ഥി സംബന്ധിച്ച തർക്കങ്ങളും ബിജെപിയിൽ പരസ്യമായി നടന്നിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ, ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ലെന്ന് മാത്രമല്ല, നിയമസഭയിൽ ബിജെപിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമാകുകയും ചെയ്തിരിക്കുന്നു. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സമീപകാലങ്ങളിൽ കാത്തിരിക്കുന്നത്.

2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ രാജ്യമെങ്ങും ബിജെപി ശക്തമായെങ്കിലും കേരളത്തിൽ അതിനനുസരിച്ച് വളരാൻ കഴിയാത്തത് ബിജെപി സംസ്ഥാന നേതൃത്വത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥനങ്ങളിലും വിവിധ കേന്ദ്രഭരണപ്രദേശങ്ങളിലും വേരുപടർത്തിയ ബിജെപിക്ക് കിട്ടാക്കനിയായ നിന്ന സംസ്ഥനങ്ങളാണ് കേരളവും തമിഴ്നാടും.

2021-ൽ ഈ രണ്ട് സംസ്ഥാനങ്ങളിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതു വിധേയനേയും സ്ഥിതി മെച്ചപ്പെടുത്തണമെന്നും പരമാവധി എംഎൽഎമാരെ പാർട്ടിക്ക് ഉറപ്പാക്കണമെന്നുമാണ് കേന്ദ്രനേതൃത്വം സംസ്ഥാന ഘടകങ്ങൾക്ക് കൊടുത്ത നിർദേശം. കേരളത്തിൽ വോട്ടുവിഹിതം വർധിപ്പിച്ച് കൂടുതൽ സീറ്റുകൾ ജയിക്കാനുള്ള ഒരു വിശദമായ പദ്ധതി ബിജെപി തയ്യാറാക്കിയിരുന്നു. ശബരിമലയും ആചാരസംരക്ഷണവും മുഖ്യചർച്ച വിഷയമാക്കി ബിജെപി മാറ്റിയത് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുന്ന തരത്തിൽ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

മിസോറാം ഗവർണറായിരുന്ന പി.എസ്.ശ്രീധരൻ പിള്ള ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ ഇടപെട്ടതും രണ്ട് വിഭാഗം സഭാനേതാക്കളുമായി പ്രധാനമന്ത്രിയെ കണ്ടതും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ വികാരം ക്രൈസ്തവ സഭയിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ന്യൂനപക്ഷക്ഷേമ ഫണ്ട് വിതരണത്തിലെ അനുപാതം സംബന്ധിച്ച് വിഷയവും ബിജെപി സജീവ ചർച്ചയാക്കി കൊണ്ടു വരാൻ ശ്രമിച്ചിരുന്നു.

നാളിത് വരെ കേരളം കാണാത്ത രീതിയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബിജെപി സജീവമായി രംഗത്തിറങ്ങിയത്. ഇടഞ്ഞു നിന്ന ശോഭാസുരേന്ദ്രന് സീറ്റ് നൽകാൻ വൈകിയത് ഒഴിച്ചു നിർത്തിയാൽ ബാക്കി എല്ലാ തരത്തിലും ബിജെപി ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായിരുന്നു. അങ്ങേയറ്റം അഗ്രസീവായാണ് ബിജെപി തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയത്. യുഡിഎഫിനേയും എൽഡിഎഫിനേയും കടത്തി വെട്ടുന്ന രീതിയിലാണ് ജയസാധ്യത കൂടുതലായി കണ്ട എ പ്ലസ് മണ്ഡലങ്ങളിൽ ബിജെപി പ്രചാരണം അഴിച്ചു വിട്ടത്. പണമോ ആൾബലമോ എവിടെയും പാർട്ടിക്ക് തടസ്സമായില്ല.

എത്രത്തോളം ആത്മവിശ്വാസത്തോടെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമായത് അവരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നപ്പോൾ ആണ്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കാൻ തീരുമാനിച്ചു. ആദ്യ റൗണ്ടിൽ സ്ഥാനാ‍ർത്ഥി പട്ടികയിൽ ഇല്ലാതിരുന്ന ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്തും സുരേഷ് ​ഗോപി തൃശ്ശൂരിലും സ്ഥാനാർത്ഥികളായി എത്തി. എന്നാൽ ഫലം വന്നപ്പോൾ അവരുടെ തയ്യാറെടുപ്പുകളും പ്രതീക്ഷകളും പാടെ അട്ടിമറിക്കപ്പെട്ടു. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ്.

2016-ൽ ബിജെപി ആദ്യമായി വിജയിച്ച നേമം, കെ. സുരേന്ദ്രൻ 89 വോട്ടിന് തോറ്റ മഞ്ചേശ്വരം, തിരുവനന്തപുരത്തെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാലക്കാട്, തുടങ്ങിയ സീറ്റുകളിലാണ് പാർട്ടി വലിയ വിജയപ്രതീക്ഷ വച്ചു പുലർത്തിയത്. 2019-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടു പിടിച്ച കോന്നിയിലും ഒപ്പും മഞ്ചേശ്വരത്തും അങ്ങനെ രണ്ട് സീറ്റിലാണ് കെ.സുരേന്ദ്രൻ ഇക്കുറി മത്സരിച്ചത്.

എന്നാൽ കോന്നിയിൽ മൂന്നാമതായും മഞ്ചേശ്വരത്ത് 759 വോട്ടുകൾക്കും സുരേന്ദ്രൻ പരാജയപ്പെട്ടു. സിറ്റിംഗ് സീറ്റായ നേമം നഷ്ടപ്പെട്ടതും സുരേന്ദ്രനും ബിജെപിക്കും തിരിച്ചടിയായി 2016-ൽ വി.മുരളീധരൻ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടത്ത് ഇത്തവണ ശോഭാ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വരും നാളുകളിൽ വലിയ ചർച്ചയായി മാറാൻ സാധ്യതയുണ്ട്. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ആകെ വോട്ടുശതമാനത്തിൽ ബിജെപി ലോക്സഭയിലേക്കാൾ പിന്നോക്കം പോയെന്നാണ് സൂചന.

പാലക്കാട് സീറ്റിൽ മെട്രോ മാൻ ഇ.ശ്രീധരൻ നടത്തിയ മുന്നേറ്റം മാത്രമാണ് ബിജെപിക്ക് അൽപമെങ്കിലും ആശ്വാസിക്കാനുള്ള വക നൽകിയത്. എന്നാൽ ആ മുന്നേറ്റം വിജയത്തിലേക്ക് എത്തിയതുമില്ല. കൈയിലുള്ള ഒരേയോരു സീറ്റ് നഷ്ടപ്പെട്ടതോടെ നിയമസഭയിൽ നിലപാടറിയിക്കാനുള്ള അവസരവും ഇല്ലാതാവുകയാണ്.

നേതൃതലത്തിലെ ഗ്രൂപ്പിസമാണ് കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് തടസമാവുന്നതെന്ന് ഇതിനോടകം കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റക്കെട്ടായി പോകണമെന്ന കർശന നിർദേശവും കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കൾക്ക് പലപ്പോഴായി നൽകി. ആർഎസ്എസ് ഇടപെടൽ ഉണ്ടായിട്ടും കേരളത്തിൽ ബിജെപിയെ ഉണർത്താൻ സാധിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. ആർഎസ്എസിന് താത്പര്യമുള്ള കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായി ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി മിസോറാം ഗവർണറാക്കിയതും ആർഎസ്എസ് അഭിപ്രായം അവഗണിച്ച് കെ.സുരേന്ദ്രനെ കൊണ്ടു വന്നതും സംസ്ഥാനത്തെ സംഘപരിവാറിനുള്ളിൽ നേരത്തെ ഭിന്നത സൃഷ്ടിച്ചിരുന്നു.

ശബരിമല സമരത്തിൽ പങ്കെടുത്ത് ദീർഘനാൾ ജയിലിൽ കിടന്ന സുരേന്ദ്രൻ ശബരിമല പ്രചരണവിഷയമാക്കി കൊണ്ടു വന്നാണ് കോന്നി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചതും വൻമുന്നേറ്റം നടത്തിയതും. എന്നാൽ രണ്ട് കൊല്ലം കഴിഞ്ഞ് കേരള നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോഴും ശബരിമല കവിഞ്ഞ് മറ്റൊന്നും ബിജെപിക്ക് ആയുധമാക്കാനില്ല എന്നതാണ് സത്യം.

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ കെ.സുരേന്ദ്രനെതിരെ പാളയത്തിൽ പട സജീവമാക്കും എന്നുറപ്പാണ്. വി.മുരളീധരപക്ഷത്തുള്ള സുരേന്ദ്രനെതിരായ ചേരിയിലാണ് കൃഷ്ണദാസ് – എംടി രമേശ് വിഭാഗം നേതാക്കൾ. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനും കഴക്കൂട്ടത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ വരും ദിവസങ്ങളിൽ സുരേന്ദ്രനെതിരെ തിരിഞ്ഞേക്കും. ക്രൈസ്തവ വോട്ടുകൾ കേരളത്തിൽ എവിടെയും ബിജെപിയിലേക്ക് എത്തിയിലെന്ന് വ്യക്തമായതോടെ ആ ദിശയിൽ നടത്തിയ നീക്കവും പരാജയപ്പെട്ടെന്ന് വ്യക്തം. ക്രൈസ്തവ സഭകൾക്കും ബിജെപിക്കുമിടയിൽ പാലമായി പ്രവർത്തിക്കുന്ന മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഈ സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ ശ്രമം നടത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

35 സീറ്റ് പിടിച്ചാൽ കേരളത്തിൽ അധികാരം വരുമെന്ന് പരസ്യമായി പറഞ്ഞ സുരേന്ദ്രൻ അന്ന് ലക്ഷ്യമിട്ടത് യുഡിഎഫിൻ്റെ തകർച്ചയാണ്. ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലം വന്ന് യുഡിഎഫ് തകർന്നിട്ടും അവിടെ നിന്നും നേതാക്കളെ ബിജെപി ക്യാംപിലേക്ക് കൊണ്ടു വരാനാവും എന്ന ആത്മവിശ്വാസം സുരേന്ദ്രനുണ്ടാവാൻ സാധ്യതയില്ല. ഒരു രാഷ്ട്രീയ ഭാവി ഇല്ലാത്ത പാർട്ടിയിലേക്ക് എങ്ങനെ നേതാക്കൾ ചാടും എന്നത് തന്നെ പ്രശ്നം.

കെ സുരേന്ദ്രൻ പാർട്ടി പ്രസിഡന്റായതിന് ശേഷം വിഭാ​ഗീയത രൂക്ഷമായി എന്ന പരാതി ദേശീയ നേതൃത്വത്തിന് മുന്നിലുണ്ട്. ശോഭ സുരേന്ദ്രനെ പോലുള്ള നേതാക്കളെ പോലും തഴയുന്ന നിലപാടാണ് കെ സുരേന്ദ്രൻ സ്വീകരിച്ചത്. ഇത് പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി എന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വത്തിനുമുള്ളത്. അതുകൊണ്ട് തന്നെ, സർവ്വ സമ്മതനായ ഒരു നേതാവിനെ പാർട്ടി അധ്യക്ഷനാക്കുക എന്നതാകും ബിജെപി നേതൃത്വം സ്വീകരിക്കുന്ന നിലപാട്.

കയ്യിൽ ഉണ്ടായിരുന്ന നേമം പോയത് അടക്കം ദേശീയ നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാട് പെടും. മത്സരിച്ച രണ്ടിടത്തെ തോൽവിയോടെ സുരേന്ദ്രന്റെയും നില പരുങ്ങലിലാണ്. പ്രതീക്ഷിച്ച സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ലെന്നും എൻഡിഎക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായെന്നുമായിരുന്നു വോട്ടെടുപ്പിന് ശേഷം സുരേന്ദ്രന്റെ പ്രതികരണം. രണ്ടാം സ്ഥാനത്തേക്ക് എത്തിയ പാലക്കാടും നേമത്തും മഞ്ചേശ്വരത്തുമെല്ലാം വർഗീയ ധ്രുവീകരണമുണ്ടായെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close