INDIA

ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട്, വിശദീകരണം തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും നോട്ടീസ്

ന്യൂഡല്‍ഹി: ടിആര്‍പി റേറ്റിംഗില്‍ ക്രമക്കേട് കാണിച്ച സംഭവത്തില്‍ ഐടി കാര്യ പാര്‍ലമെന്ററി സമിതി പരിശോധിക്കും.വിഷയത്തില്‍ വിശദീകരണം തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രസാര്‍ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷനും സമിതി നോട്ടീസും അയച്ചിട്ടുണ്ട്. വരുന്ന പതിനഞ്ചാം തീയതി നടക്കുന്ന യോഗത്തിന്റെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുത്തിയതായി സമിതി വ്യക്തമാക്കി. ടിവി കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്ന റേറ്റിംഗില്‍ തട്ടിപ്പ് നടത്തുന്ന റാക്കറ്റിനെ പിടിച്ചതായി മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണ് പ്രഖ്യാപിച്ചത്. തട്ടിപ്പില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പടെ മൂന്ന് മാധ്യമങ്ങളുടെ പേര് പോലീസ് വെളിപ്പെടുത്തിയത് ദേശീയ തലത്തില്‍ ടിവി ചാനലുകള്‍ക്കിടയിലെ പരസ്യയുദ്ധത്തിലേക്കാണ് വഴിവച്ചത്. മുംബൈ പോലീസ് കമ്മീഷണര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് റിപ്പബ്‌ളിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി പ്രതികരിക്കുകയും ചെയ്തു.ടിവി ചാനലുകളുടെ കാഴ്ചക്കാര്‍ എത്രയെന്ന് കണ്ടെത്താന്‍ ടിആര്‍പി റേറ്റിംഗ് സംവിധാനത്തെയാണ് പരസ്യം നല്‍കുന്നവര്‍ ആശ്രയിക്കുന്നത്. ഇതിനായുള്ള ഏജന്‍സിയായ ബാര്‍ക്ക് രാജ്യത്തുടനീളം വീടുകളില്‍ ബാരോമീറ്ററുകള്‍ സ്ഥാപിച്ചാണ് പരിപാടികളുടെ കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നത്. ടിആര്‍പിയില്‍ അട്ടിമറിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് മുംബൈ പോലീസ് രംഗത്തെത്തിയത്.റേറ്റിംഗ് കണക്കാക്കുന്നതിനായി മുംബൈയില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ പണം നല്‍കി ചാനലുകള്‍ സ്വാധീനിക്കുന്നു. പ്രതിമാസം അയ്യായിരം രൂപ വരെയാണ് വാഗ്ദാനം. ആളുകള്‍ വീട്ടിലില്ലെങ്കിലും ടെലിവിഷന്‍ നിര്‍ത്തരുതെന്നാണ് നിര്‍ദ്ദേശം. റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ വഞ്ചനാകുറ്റമടക്കം ചുമത്തി കേസെടുത്തതായി മുംബൈ പോലീസ് മേധാവി പരം വീര്‍ സിംഗ് വ്യക്തമാക്കുകയായിരുന്നു.ഇതിനിടെ എഫ്‌ഐആറില്‍ ഇന്ത്യാടുഡേയുടെ പേരുണ്ടെന്ന വാര്‍ത്തയുമായി റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമി രംഗത്തെത്തി. എന്നാല്‍ പരാതിയില്‍ ഇന്ത്യാ ടുഡേയുടെ പേരുള്ളതിനാലാണ് എഫ്‌ഐആറിലും പേര് ഉള്‍പ്പെടുത്തിയതെന്നും, പരാതി വിശദീകരിക്കുന്ന ഭാഗത്താണ് ഇന്ത്യാ ടുഡേയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നുമുള്ള വിശദീകരണവുമായി മുംബൈ പൊലീസും രംഗത്തെത്തി. നിലവില്‍ കേസെടുത്തിട്ടുള്ളത് റിപ്പബ്ലിക് ടിവിക്കും, രണ്ട് മറാഠി ചാനലുകള്‍ക്കുമെതിരെയാണെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് മറാഠി ചാനലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ണബ് ഗോസ്വാമിക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഇന്ത്യാ ടുഡേ ചീഫ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേസായിയും അര്‍ണബ് ഗോസ്വാമിയും തമ്മില്‍ അതിന് മുമ്പേ ആശയഭിന്നതകള്‍ വ്യക്തമാക്കി രംഗത്തുവന്നിരുന്നു. ആ തര്‍ക്കം ഈ വെളിപ്പെടുത്തലോടെ രൂക്ഷമാവുകയും ചെയ്തു.പോലീസ് വെളിപ്പെടുത്തല്‍ മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ദേശീയ തലത്തില്‍ ടിവി ചാനലുകളുടെ പരസ്യമായ കിട മത്സരമാണ് നടക്കുന്നത്. വാര്‍ത്ത ഏറ്റെടുത്ത എല്ലാ ചാനലുകള്‍ക്കുമെതിരെ കേസ് കൊടുക്കുമെന്നാണ് അര്‍ണബ് ഗോസ്വാമി പ്രഖ്യാപിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close