ടിക്ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റിന് 45 ദിവസം നല്കി ട്രംപ്

ന്യൂയോര്‍ക്: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന് കീഴിലുള്ള വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 45 ദിവസം അനുവദിച്ചതായി റിപ്പോര്‍ട്ട്. മൈകോസോഫ്റ്റും ബൈറ്റ് ഡാന്‍സും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ ഉടന്‍ ടിക്ടോക് നിരോധിക്കില്ല. മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ സി.ഇ.ഒ സത്യ നാദെല്ല ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക അടിയന്തരാവസ്ഥ അധികാരം ഉപയോഗിച്ച് ഉടന്‍ ടിക്ടോക് നിരോധിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.
ട്രംപ്- നാദെല്ല കൂടിക്കാഴ്ച വിജയിച്ച സാഹചര്യത്തില്‍ അമേരിക്കയിലെ ടിക്ടോക്കിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയാറാകുകയാണെന്ന് മൈക്രോസോഫ്റ്റ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 15നകം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. പൂര്‍ണ സുരക്ഷ പരിശോധനക്കും അമേരിക്കന്‍ സമ്പദ്വ്യവസ്ഥക്ക് ഗുണമാകുമെന്നും ഉറപ്പുവരുത്തിയാകും ഏറ്റെടുക്കല്‍. ബൈറ്റ് ഡാന്‍സുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കിടെ, ട്രംപുമായും സര്‍ക്കാറുമായും കൂടിയാലോചനകള്‍ നടത്തുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ബൈറ്റ് ഡാന്‍സില്‍ നിന്ന് ടിക്ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന് മൈക്രോസോഫ്റ്റ് നേരത്തേ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും നിരോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ ഇത് നിലക്കുകയായിരുന്നു. അതേസമയം, കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ ടിക്ടോക്കിന്റെ പ്രവര്‍ത്തനങ്ങളും മൈക്രോസോഫ്റ്റ് ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.