
ഇസ്ലാമാബാദ്:സദാചാര പ്രശ്നങ്ങൾ ഉയർത്തി നിരോധിക്കപ്പെട്ട ടിക് ടോക്ക് ആപ്ലിക്കേഷൻ പാകിസ്താനിൽ തിരികെയെത്തി. നിരോധനം ഏർപ്പെടുത്തി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് സർക്കാർ നിരോധനം പിൻവലിച്ചത്. പാകിസ്താനിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ കടുത്ത സമ്മർദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ടിക് ടോക്കിന്റെ നിരോധനം. എന്നാൽ ചൈനയിൽ നിന്നുള്ള സമ്മർദ്ദഫലമായാണ് നിരോധനം നീക്കിയത് എന്നാണ് വിവരം. പാകിസ്താനുമായി നയതന്ത്ര തലത്തിൽ ഏറ്റവും കൂടുതൽ സൗഹൃദം പുലർത്തുന്ന രാജ്യമാണ് ചൈന.
സാമൂഹിക, സാമ്പത്തിക, വികസന രംഗങ്ങളിൽ ചൈനയുടെ വലിയ സഹായം പാകിസ്താന് ലഭിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയ്ക്ക് (CPEC-സിപെക്) പ്രാധാന്യം നൽകിക്കൊണ്ടാണ് പാകിസ്താൻ നിരോധനം പിൻവലിച്ചിരിക്കുന്നത്. ഇതിനോടകം വിവിധ രാജ്യങ്ങളിൽ ടിക് ടോക്ക് പ്രതിക്കൂട്ടിലാണ്. ഇന്ത്യയിൽ ടിക് ടോക്ക് നിരോധിക്കപ്പെട്ടു. അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ടിക് ടോക്കിനെതിരെ വിവിധ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
അതിനിടെ പാകിസ്താനിലെ നിരോധനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലേൽപിക്കും. ഈ സാഹചര്യത്തിൽ ബൈറ്റ്ഡാൻസിനെതിരെയുള്ള നിയമനടപടികളിൽ നിന്ന് പിൻമാറാൻ ചൈനീസ് അധികാരികളിൽ നിന്നുള്ള കടുത്ത സമ്മർദമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ നിരോധനം കനത്ത ആഘാതമാണ് ടിക് ടോക്കിനുണ്ടാക്കിയത്. ഇന്ത്യ ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ്. ടിക് ടോക്ക് ഉൾപ്പടെയുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കെതിരെ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്.