INSIGHTSPORTS

ടെസ്റ്റ് ചാമ്പ്യന്മാരെ കാത്തിരിക്കുന്ന കപ്പിൽ കന്നിമുത്തം നൽകുക ഇന്ത്യയോ ന്യൂസിലൻഡോ ? ആദ്യ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ചരിത്രം കുറിക്കാൻ ഇന്ന് ഇന്ത്യയുടെ പുലികുട്ടികളും കിവിപ്പക്ഷികളും നേർക്കുനേർ; ആവേശത്തോടെ ക്രിക്കറ്റ് പ്രേമികൾ

ഡെല്‍വിന്‍ അഗസ്റ്റിന്‍ പൂവത്തിങ്കല്‍

2019 മുതൽ നീളുന്ന ടൂർണമെന്റിൽ ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന പോരാട്ടമാണ് ഇന്നാരംഭിക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. 520 പോയിന്റുകളുമായി പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ഇന്ത്യയും 420 പോയിന്റുകളുമായി രണ്ടാമതെത്തിയ ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത് 2019 ലോകകപ് സെമിയിലെ തോൽവിക്കുള്ള ഒരു മധുര പ്രതികാരം കൂടിയാണ്. സതാംപ്ടണിൽ ന്യൂസിലാന്റും ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ ചരിത്രത്തിന്റെ ആനുകൂല്യം
ന്യൂസിലാന്റിനാണെങ്കിലും ടൂർണമെന്റിൽ ഒട്ടാകെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ പ്രതീക്ഷ നിലനിർത്തുന്നത്.

ഫാബുലസ് ഫോറിലെ രണ്ട് ക്യാപ്റ്റന്മാർ നേർക്കുനേർ മത്സരിക്കുന്നു എന്നതും ഫൈനൽ മത്സരത്തിൽ കൗതുകം ഉണർത്തുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവു പുലർത്തുന്ന ബാലൻസ്ഡ് സൈഡ് ആണ് ഇന്ത്യയുടേത്. ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ലീഡിങ് റൺ സ്കോററായ രഹാനയും, രോഹിത്തും, പുജാരയും, വിഹാരിയും, ഗില്ലും, ക്യാപ്റ്റൻ കോഹ്‌ലിയും പുത്തൻ താരോദയം ഋഷഭ് പന്തും ചേരുന്ന ബാറ്റിംഗ് നിര ശക്തമാണ്.

എക്കാലവും ഇന്ത്യയുടെ തലവേദന പേസ് നിരയായിരുന്നെങ്കിൽ ഈ വട്ടം കഥ മാറുകയാണ്. ഒരുപക്ഷെ ഈ ടൂർണമെന്റിലെ തന്നെ മികച്ച പേസ് ബൗളിങ് ഡിപ്പാർട്മെന്റുകളിൽ ഒന്ന് ഇന്ത്യയുടേതാണ്. പരിചയ സമ്പന്നനായ ഇഷാന്ത് നയിക്കുന്ന സംഘത്തിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തുകയാണ്. സ്പിന്നർ അശ്വിനും, ത്രീ ഡി പ്ലേയർ ജഡേജയും ഒന്നിക്കുന്നതോടെ ബൗളിംഗ് നിര ശക്തം.

മറുവശത്ത് ക്യാപ്റ്റൻ വില്യംസൺ നയിക്കുന്ന ബാറ്റിങ് നിരയിൽ ലാത്താമും, വറ്റലിങും, പുതുമുഖതാരം കോൺവേയും അടങ്ങുന്നതാണ്. ബൗൾട്ടും,സൗത്തിയും ആടങ്ങുന്ന ബൗളിങ് നിര കൂടെ ചേരുമ്പോൾ ഏത് എതിരാളിയെയും ഉറക്കം കെടുത്താൻ കഴിയുന്ന ടീമായി അവർ മാറുന്നു.

അഞ്ചു ദിവസത്തോളം നീണ്ടേക്കാവുന്ന മത്സരത്തിൽ സതാംപ്ടണിലെ പിച്ച് ആദ്യ മൂന്ന് ദിനങ്ങളിൽ പേസും, ബൗൺസും നിറഞ്ഞതാണ് എന്നാൽ പിന്നീട് സ്പിന്നിനെ തുണക്കുമെന്നാണ് കരുതുന്നത്. അഞ്ച് ദിവസവും മഴ മുന്നറിയിപ്പുള്ള റോസ്ബൗളിൽ അധികമായി റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്. മഴ കാരണം മത്സരം തുടരാനാകാത്ത അവസ്ഥയായാൽ കിരീടം പങ്കിടേണ്ടി വന്നേക്കും.

രണ്ട് വർഷമായി തുടരുന്ന ആദ്യ ടെസ്റ്റ് ടൂർണമെന്റിൽ വിജയിയെ കാത്തിരിക്കുന്ന ഗദയിൽ കന്നിമുത്തം ആര് നൽകും എന്നതാണ് ഇപ്പോഴുള്ള ചോദ്യം. ഓസ്‌ട്രേലിയയിൽ ആദ്യ മത്സരം തോറ്റ,ശേഷം ഫീനിക്സ് പക്ഷിയെ പോലെ തിരിച്ചു വന്ന ഇന്ത്യൻ ടീമിന്റെ പോരാട്ട വീര്യം തന്നെയാണ് ആരാധകർ ഫൈനലിലും പ്രതീക്ഷിക്കുന്നത്. കരുത്തിന്റെ കാര്യത്തിൽ കട്ടക്ക് നിൽക്കുന്ന കിവീസും, ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ മനോഹാര്യതയും നിറഞ്ഞ ഒരു മത്സരം തന്നെയാവും സതാംപ്ടണിൽ അരങ്ങേറുക എന്നത് സംശയരഹിതമായ ഒരു വസ്തുതയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close