INSIGHTKERALATop News

ടേബിള്‍ ടോപ്പ് റണ്‍വേ വീണ്ടും വില്ലന്‍

  • 2010ലെ മംഗലാപുരം വിമാനാപകടത്തിനു സമാനം

മീഡിയമംഗളം നെറ്റ് വര്‍ക്ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനദുരന്തം 2010ല്‍ മംഗലാപുരം വിമാനാത്താവളത്തില്‍ നടന്ന വിമാനാപകടത്തോട് ഏറെ സാമ്യമുള്ളത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം 2010 മേയ് 22 -നു രാവിലെ 6.30-നു മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങവേയാണ് അപകടത്തില്‍പ്പെട്ട് തീപ്പിടിച്ച് 158 പേര്‍ മരിച്ചത്. ടേബിള്‍ടോപ്പ് രീതിയിലുള്ള ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പെട്ടതാണ് മംഗലാപുരവും കോഴിക്കോടും.
ഇന്ത്യയില്‍ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന അപകടമാണ് മംഗലാപുരത്തുണ്ടായത്. ബോയിങ്ങ് 737-800/900 ഉള്‍പ്പെട്ട അഞ്ചാമത്തെ വലിയ ദുരന്തവും, മംഗലാപുരത്തെ വിമാനത്താവളത്തില്‍ റണ്‍വേ തെറ്റിയതു കൊണ്ടുണ്ടായ രണ്ടാമത്തെ അപകടവുമായിരുന്നു അത്. ദുരന്തത്തിന് ഇരയായ വിമാനം, താരതമ്യേന പുതിയതായിരുന്നു. രണ്ടര വര്‍ഷം മാത്രം പഴക്കം. പൈലറ്റുമാര്‍ വളരെ പരിചയ സമ്പന്നരും. പുലര്‍ച്ചെ ഒന്നരയ്ക്ക് വിമാനം ദുബായില്‍ നിന്നും പറന്നുയര്‍ന്നു. 6:30 നു മംഗലാപുരം എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍ വച്ച് തീപിടിച്ചു റണ്‍വേയും കഴിഞ്ഞു താഴെ മലഞ്ചെരുവിലേക്ക് വീഴുകയായിരുന്നു. വിമാനം ILS സംവിധാനം ഉപയോഗിച്ചാണ് ലാന്‍ഡ് ചെയ്തത്.


യഥാര്‍ത്ഥത്തില്‍ റണ്‍വേയില്‍ ഇറങ്ങേണ്ട പോയിന്റിനു 600 മീറ്റര്‍ മുന്നോട്ടു മാറിയാണ് വിമാനം നിലം തൊട്ടത്. വിമാനം റണ്‍വേയും കഴിഞ്ഞു പിന്നെയും മുന്നോട്ടു നീങ്ങി മണല്‍ കൊണ്ട് ഉണ്ടാക്കിയ തടയണയില്‍ ഇടിച്ചു. എന്നിട്ടും നിന്നില്ല. പിന്നെയും മുന്നോട്ടു നീങ്ങി കോണ്‍ക്രീറ്റ് ടവറിലിടിച്ചു വിമാനം രണ്ടായി. ഇന്ധനം ചോര്‍ന്നു. നിമിഷ നേരം കൊണ്ട് തീ പിടിച്ചു. കത്തിയമര്‍ന്നു. താഴ് വരയിലേക്ക് വീഴുന്നതിനു മുന്‍പ് അവസാന ശ്രമം എന്ന നിലക്ക് വിമാനം വീണ്ടും ഉയര്‍ത്താന്‍ പൈലറ്റ് ശ്രമിച്ചിരുന്നതായി പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ടേബിള്‍ടോപ്പ് റണ്‍വേ

മേശപ്പുറം പോലുള്ള റണ്‍വേ. കുന്നിന്‍പരപ്പില്‍ സ്ഥിതിചെയ്യുന്ന ഇത്തരം റണ്‍വേകള്‍ക്കും ചുറ്റും താഴ്ചയുള്ള സ്ഥലമായിരിക്കും. അല്‍പ്പം തെറ്റിയാല്‍ മേശപ്പുറത്തുനിന്നു വീഴുമ്പോലെ താഴേക്ക് പതിക്കും. ഒപ്റ്റില്‍ക്കല്‍ ഇല്ല്യൂഷന്റെ തീവ്രതയുണ്ടാവുമെന്നതിനാല്‍ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട് ഇന്ത്യയില്‍ മംഗലാപുരം, കോഴിക്കോട്, മിസോറാമിലെ ലെങ്പൊയി എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്.


കൂടുതല്‍ വായിക്കുക

മൂന്നാര്‍, മഴ, കരിപ്പൂര്‍: കേരളത്തിന് ഇത് കറുത്ത വെള്ളി

കോഴിക്കോട് വിമാനാപകടം ഒഴിവാക്കാനായിരുന്നത്?

Tags
Show More

Related Articles

Back to top button
Close