NEWSWORLD

ട്രംപിന്റെ എച്ച് 1 ബി വിസ നിരോധനം യുഎസ് കോടതി റദ്ദാക്കി

.

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഐ ടി പ്രൊഫഷണലുകളടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട്, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എച്ച് 1 ബി വിസ നിരോധനം യുഎസ് കോടതി റദ്ദാക്കി. ഭരണഘടനാപരമായുള്ള അധികാരപരിധിക്കപ്പുറം പോകാനാണ് പ്രസിഡന്റ് ശ്രമിച്ചതെന്ന് തൊഴില്‍ പെര്‍മിറ്റുകള്‍ റദ്ദാക്കാനുള്ള തീരുമാനം റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു. കാലിഫോര്‍ണിയ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് ജെഫ്രി വൈറ്റിന്റേതാണ് തൊഴില്‍വിസ സംബന്ധിച്ച സുപ്രധാന വിധി. കുടിയേറ്റ നയം തീരുമാനിക്കേണ്ടത് യുഎസ് കോണ്‍ഗ്രസ് (പാര്‍ലമെന്റ്) ആണെന്നും അല്ലാതെ പ്രസിഡന്റല്ല എന്നും ഭരണഘടന വ്യക്തമാക്കുന്നതായി ജഡ്ജി ചൂണ്ടിക്കാട്ടി.

യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, നാഷണല്‍ അസോസിയേഷവന്‍ ഓഫ് മാനുഫാക്ചറേഴ്സ്, നാഷണല്‍ റീടെയില്‍ ഫെഡറേഷന്‍, ടെക്ക് നെറ്റ്, ഇന്‍ട്രാക്സ് തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും നല്‍കിയ ഹര്‍ജികളിലാണ് കോടതി ഉത്തരവ്. വാണിജ്യ വകുപ്പിന്റേയും (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ്) ആഭ്യന്തരസുരക്ഷാ വകുപ്പിന്റേയും (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി) നടപടികള്‍ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ജൂണില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പുതിയ എച്ച് 1 ബി വിസകള്‍ അനുവദിക്കുന്നതിന് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തുകയായിരുന്നു.

വിദേശത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധരേയും മറ്റും യുഎസ്സില്‍ ജോലിക്ക് റിക്രൂട്ട് ചെയ്യാനാണ് യുഎസ് കമ്പനികള്‍ എച്ച് 1 ബി വിസ ഉപയോഗിക്കുന്നത്. പ്രധാനപ്പെട്ട അമേരിക്കന്‍, ഇന്ത്യന്‍ ടെക്നോളജി കമ്പനികളെല്ലാം തൊഴില്‍ റിക്രൂട്ട്മെന്റിന് ഇതാണ് ഉപയോഗിക്കുന്നത്. കാര്‍ഷികേതര തൊഴിലാളികള്‍ക്കുള്ള എച്ച് 2 ബി വിസയ്ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജെ വിസയ്ക്കും മാനേജര്‍മാര്‍ക്കും ബഹുരാഷ്ട്ര കമ്പനികകളിലെ മറ്റ് പ്രധാന ജീവനക്കാര്‍ക്കുമുള്ള എല്‍ വിസയ്ക്കും പ്രസിഡന്റ് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയിരുന്നു. കോവിഡ് മൂലം ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ അമേരിക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കാനായാണ് തീരുമാനമെന്നാണ് ട്രംപിന്റെ വാദം.ഐടി കമ്പനികളടക്കം വിവിധ യുഎസ് കമ്പനികള്‍ തീരുമാനത്തിനെതിരെ വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ അതിനെ കൂടുതല്‍ മോശമാക്കുന്നതാണ് ഗവണ്‍മെന്റിന്റെ നടപടിയെന്ന്, കോടതിയെ സമീപിച്ച മാനുഫാക്ച്വറിംഗ് കമ്പനികള്‍ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close