NEWSWORLD

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ചു, അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനെന്ന് ട്വിറ്റര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ചു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ്് അക്കൗണ്ട് മരവിപ്പിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു.ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നുവെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും ട്രംപ് പറഞ്ഞു. ഏഴരക്കോടി ദേശസ്നേഹികള്‍ തനിക്ക് വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു.കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. ട്വിറ്ററിന്റെ നയങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ എന്നന്നേക്കുമായി അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.വ്യാഴാഴ്ച വൈകീട്ട് അക്കൗണ്ട് തിരികെ ലഭിച്ച ട്രംപ് കലാപത്തെ തളളിപ്പറഞ്ഞും ബൈഡന്റെ വിജയത്തെ അംഗീകരിച്ചും വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തിരുന്നു. സമാധാനപരമായ അധികാര കൈമാറ്റമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് വിശദീകരിച്ചെങ്കിലും ബൈഡനെ അഭിനന്ദിക്കാനോ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാനോ ട്രംപ് തയ്യാറായില്ല.

ട്രംപിന്റെ വെള്ളിയാഴ്ചത്തെ രണ്ടുട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള കടുത്ത തീരുമാനത്തില്‍ ട്വിറ്റര്‍ എത്തിച്ചേര്‍ന്നത്.അമേരിക്കന്‍ പ്രസിഡന്റായി ജനുവരി 20-ന് ജോ ബെയ്ഡണ്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു ഒരു ട്വീറ്റ്. ഭരണകൈമാറ്റം സമാധാനപരമായിട്ടായിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് തന്റെ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനെതിരായ ട്വിറ്ററിന്റെ നയത്തെ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുകയാണെന്നും ട്വിറ്റര്‍ വ്യക്തമാക്കി.കാപ്പിറ്റോളില്‍ നടത്തിയ പ്രക്ഷോഭത്തില്‍ അസ്വസ്ഥരാണെന്ന് നൂറുകണക്കിന് ജീവനക്കാര്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാക്ക് ഡോര്‍സിക്ക് അയച്ച കത്തില്‍ ഒപ്പിട്ടതായി ട്വിറ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന കലാപത്തില്‍ ട്വിറ്റര്‍ പ്ലാറ്റ്‌ഫോം വിനിയോഗിക്കപ്പെട്ടതിനെ കുറിച്ച് അവലോകനം ചെയ്യാന്‍ ജീവനക്കാരോട് ട്വിറ്റര്‍ ആവശ്യപ്പെട്ടതായാണ് വിവരം.ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടുനില്‍ക്കുകയാണെങ്കില്‍ 1869-ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ തന്റെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതാണ് ഇതിന് മുമ്പുണ്ടായ സംഭവം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close