NEWSWORLD

ട്രംപിന് വേണ്ടി ഭാര്യയും മക്കളും

ന്യൂയോര്‍ക്ക് : വീണ്ടും അമേരിക്കന്‍ പ്രസിഡന്റാവാനുള്ള ഡോണള്‍ഡ് ട്രംപിന്റെ മോഹത്തിന് സ്വന്തം ചേച്ചിയുടെയും ചേട്ടന്റെ മകളുടെയും പ്രതികരണങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ഭാര്യയും മക്കളും ട്രംപിനെ എങ്ങനെയും ജയിപ്പിക്കാന്‍ അത്യധ്വാനത്തിലാണ്. നാല് ദിവസത്തെ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വന്‍ഷനില്‍ രണ്ട് രാവ് പിന്നിട്ടപ്പോള്‍ പ്രധാന പ്രസംഗകര്‍ ട്രംപിന്റെ ഭാര്യ മെലാനിയും ആദ്യ വിവാഹത്തിലെ മക്കള്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ്, ടിഫാനി ട്രംപ് എന്നിവരായിരുന്നു.മറ്റൊരു മകളായ ഇവാങ്ക ട്രംപ് വ്യാഴാഴ്ച കണ്‍വന്‍ഷന്റെ സമാപന രാവില്‍ സംസാരിക്കും. മുന്‍ പ്രസിഡന്റുമാരടക്കം പല റിപ്പബ്ലിക്കന്‍ നേതാക്കളും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനൊപ്പമാണ്.മുഴുവന്‍ സമയവും മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ട്രംപും ദേശീയ കണ്‍വന്‍ഷനുകളുടെ പതിവ് തെറ്റിച്ച് കഴിഞ്ഞ രണ്ട് ദിവസവും സംസാരിച്ചു. അവശേഷിക്കുന്ന ദിനങ്ങളിലും സംസാരിക്കും. മത്സരിക്കാനുള്ള നിയോഗം സ്വീകരിച്ച് കണ്‍വന്‍ഷന്റെ അവസാന രാവിലാണ് സാധാരണ സ്ഥാനാര്‍ഥികള്‍ സംസാരിക്കുക. മെലാനിയക്കും ട്രംപിന്റെ മക്കള്‍ക്കും വോട്ടര്‍മാരോട് പറയാന്‍ ഒറ്റക്കാര്യമേയുള്ളൂ. ഇതിലും നല്ല പ്രസിഡന്റിനെ അമേരിക്കക്കാര്‍ക്ക് കിട്ടാനില്ല.ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കീഴ്വഴക്കങ്ങളും വിദേശ വകുപ്പിന്റെ നിര്‍ദേശങ്ങളും ലംഘിച്ച് സംസാരിച്ചത് വിവാദമായി. ഇസ്രയേല്‍ സന്ദര്‍ശനത്തിലായിരുന്ന പോംപിയോ അമേരിക്കയിലെ ഇസ്രയേല്‍ അനുകൂലവികാരം മുതലാക്കാന്‍ ജെറുസലേമില്‍ നിന്നാണ് വിര്‍ച്വല്‍ കണ്‍വന്‍ഷനില്‍ സംസാരിച്ചത്. കോവിഡ് ചൈനയില്‍ ആദ്യം കണ്ടെത്തുന്നതിനും മുമ്പേയുള്ള പതിവ് പോലെ ചൈനയ്ക്കെതിരെയായിരുന്നു പ്രസംഗത്തിന്റെ സിംഹഭാഗവും. പ്രസിഡന്റും വൈസ് പ്രസിഡന്റും ഒഴികെ അധികാരസ്ഥാനങ്ങളില്‍ ഉള്ളവര്‍ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കുന്ന 1939ലെ ഹാച്ച് നിയമം പോംപിയോ ലംഘിച്ചതിനെതിരെ ഡെമോക്രാറ്റിക് പാര്‍ടി നേതാക്കള്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്റിന് പരാതി നല്‍കി.

കൂടുതല്‍ വായനയ്ക്ക്‌

https://mediamangalam.com/archives/9456

Tags
Show More

Related Articles

Back to top button
Close